രവീന്ദ്രന്‍റെ യാത്ര ഓര്‍മ്മകള്‍

ചൊവ്വ, 13 നവം‌ബര്‍ 2007 (10:14 IST)
IFMFILE
ഓരോ യാത്രയും മനസ്സില്‍ കോറിയിടുന്നത് നിരവധി ഓര്‍മ്മകളാണ്. ഭാഷയിലും സംസ്‌കാരത്തിലും ഭൂമിശാസ്‌ത്രത്തിലും ഉള്ള വ്യത്യാസങ്ങള്‍ സഞ്ചാരിക്ക് ബന്ധങ്ങള്‍ കെട്ടിപ്പെടുത്തുന്നതിന് തടസ്സമാകുന്നില്ല. നാടിനെ അറിഞ്ഞ് യാത്ര ചെയ്‌ത സഞ്ചാരികളുടെ നിരയിലാണ് രവീന്ദ്രന്‍റെ സ്ഥാനം.

നമ്മള്‍, ഒരേ തൂവല്‍പ്പക്ഷികള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്‌ത രവീന്ദ്രന്‍ യാത്ര അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ അറിയുവാന്‍ മലയാളിക്ക് എന്നും ജിജ്ഞാസയുണ്ട്. ഓരോ ദേശത്തിന്‍റെയും ആത്മീയത കൂടി കണ്ടെത്തുവാന്‍ എല്ലാ യാത്രയിലും രവീന്ദ്രന്‍ ശ്രമിക്കാറുണ്ട്.

പല കാലഘട്ടങ്ങളിലായി രവീന്ദ്രന്‍ നടത്തിയ യാത്രകളുടെ ഓര്‍മ്മകളാണ് ഡി.സി. ബുക്‍സ് പുറത്തിറക്കിയ വഴികള്‍, വ്യക്തികള്‍, ഓര്‍മ്മകള്‍ എന്ന പുസ്തകത്തില്‍ ഉള്ളത്.

ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളരെയധികം സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് രവീന്ദ്രന്‍. ആസാം യാത്രയുടെ ഓര്‍മ്മയോടെയാണ് പുസ്‌തകം ആരംഭിക്കുന്നത്.

തീവ്രവാദത്തെ തുരത്താനായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിന്യസിപ്പിച്ചിട്ടുള്ള സൈന്യം എങ്ങനെ ഇവിടത്തെ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി സ്വാധീനിക്കുന്നു എന്നതിന് പ്രത്യക്ഷമായ ഒരു പാട് തെളിവുകള്‍ രവീന്ദ്രന്‍ വായനകാര്‍ക്ക് നല്‍കുന്നു.


സൈനിക കാര്‍ക്കശ്യത്തിനു മുന്നില്‍ പേടിച്ചു വിറച്ചു കൊണ്ട് കഴിയുന്ന പച്ച മനുഷ്യരുടെ നിസഹായവസ്ഥ നമ്മളെ ഒരുപാട് ചിന്തിപ്പിക്കും. സാംസ്‌കാരിക തലത്തില്‍ വരെ സൈനിക അധിനിവേശം കടന്നു ചെന്നിട്ടുണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ നമ്മള്‍ക്ക് ഈ ജനവിഭാഗങ്ങളോട് ദയ തോന്നിപ്പോകും.

സ്വിറ്റ്‌സര്‍ലന്‍റിനും ആസ്‌ട്രിയക്കുമിടയില്‍ ലീഹ്സ്റ്റന്‍സ്റ്റീന്‍ എന്നൊരു രാജ്യമുണ്ടെന്ന അറിവ് നമ്മളില്‍ അദ്‌ഭുതമുണ്ടാക്കും. യാതൊരു പ്രയാസവും ഇല്ലാതെ ജീവിതമെന്നാല്‍ ആസ്വദിക്കലെന്ന് കരുതുന്ന മറ്റൊരു യൂറോപ്യന്‍ രാജ്യം.

സ്വിറ്റ്‌സലന്‍റില്‍ കപട ബുദ്ധിജീവി പ്രകടനമായ മെയ്ദിനാഘോഷത്തെക്കുറിച്ച് രവീന്ദ്രനെന്ന സഞ്ചാരി വിവരം നല്‍കുന്നു. മുതലാളിത്തത്തില്‍ ജനിച്ച് ജീവിച്ച് മരിക്കുന്ന ഈ രാഷ്‌ട്രത്തിനുള്ള പ്രോലിറ്റേറിയന്‍ വികാരം ചെഗുവേരയെ ടീഷര്‍ട്ടില്‍ പതിക്കുന്നതു പോലെയുള്ള മറ്റൊരു മുതലാളിത്ത ഭ്രമമായിട്ട് മാത്രമേ നമ്മള്‍ക്ക് തോന്നുകയുള്ളൂ.

തകര്‍ച്ചക്കു മുമ്പുള്ള സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനമാണ് മറ്റൊരു അവിസ്‌മരണീയമായ കുറിപ്പ്. അസംതൃപ്‌തിയും ഡോളര്‍ഭ്രമവും കോള്‍ ഗേള്‍ സംസ്‌കാരവും പടര്‍ന്നു കയറിയ സോവിയറ്റ് സമൂഹം ഒരു പൊട്ടിത്തെറിയുടെ വക്കില്‍ ആണെന്ന് രവീന്ദ്രനെന്ന സഞ്ചാരി കണ്ടെത്തുന്നു.

അസ്വസ്ഥതകള്‍ കണ്ടെത്തി ആത്മീയതയുടെ സുഗന്ധം ആസ്വദിച്ച് തീക്ഷ്‌ണബന്ധങ്ങള്‍ സ്ഥാപിച്ചുള്ള ധന്യമായ യാത്രങ്ങളാണ് രവീന്ദ്രന്‍ നടത്തിയിട്ടുള്ളതെന്ന് ഈ പുസ്‌തകം നമ്മളോട് പറയുന്നു.

‘അകൃതം’, ‘ഉദ്ദീപ്‌തി‘, ‘വിജൃംഭിതം’.... ഈ പുസ്തകത്തില്‍ രവീന്ദ്രന്‍ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകളാണ് ഇവ. ശബ്‌ദതാരാവലി ഉണ്ടായതിനാല്‍ ബുദ്ധിമുട്ടിയില്ല.

വെബ്ദുനിയ വായിക്കുക