വായനക്കാരന് ഇലയിട്ട് ആര്‍ത്തിയോടെ വിജ്ഞാനഭോജനത്തിനായിട്ട് ഇരിക്കുന്നു. എന്നാല്‍, വേവുകുറഞ്ഞതോ, വേവു കൂടിയതോ ആയ വിജ്ഞാന ഭക്ഷണമായിരിക്കും പലപ്പോഴും ലഭിക്കുക. പാകത്തിന് വെന്ത ഭക്ഷണം ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന ആത്മനിര്‍വൃതി വാക്കുകള്‍ക്ക് അതീതമാണ്. എന്തായാലും കെ.എ.ബീനക്ക് അഭിമാനിക്കാം.
വായനക്കാരന് മികച്ച രീതിയില്‍ പാചകം ചെയ്ത വിജ്ഞാന ഭക്ഷണം നല്‍കിയതിന്. ബ്രഹ്‌മപുത്രയിലെ വീടെന്ന യാത്ര അനുഭവമെന്ന കൃതി നമ്മളെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഷാദഭാവങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുന്നു. ആഘോഷവും നര്‍മ്മവും എല്ലാം ഉണ്ടെങ്കിലും ഈ കൃതിയില്‍ സന്ധ്യയുടെ വിഷാദഭാവം നിറഞ്ഞു നില്‍ക്കുന്നു.
ബീന ഒരിക്കലും റിപ്പോര്‍ട്ടിംഗല്ല നടത്തുന്നത്. ഓരോ സംഭവങ്ങളിലും അവര്‍ കൂടി പങ്കാളിയാണ്- ബ്രഹ്‌മപുത്രയുടെ കോപ പ്രളയത്തില്‍, വിഘടനവാദികളുടെ അതിക്രമങ്ങളിള്‍ ഉണ്ടാകുന്ന വിഷമതകളില്‍. ഈ അനുഭവങ്ങള്‍ മനോഹരമായ ഭാഷയില്‍ പറഞ്ഞു തരുന്നു. ഒരു അമ്മക്ക് മാത്രം പറയുവാന്‍ കഴിയുന്ന ശൈലിയോടെ.
WD
WD
ബ്രഹ്മദേവന്‍റെ മകനാണ് ബ്രഹ്‌മപുത്ര. ഈ നദിയുമായി വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. പ്രളയത്തിലൂടെ തങ്ങളെ ഒരു പാട് ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒരിക്കലും ബ്രഹ്‌മപുത്രയെ വെറുക്കുന്നില്ല. ബ്രഹ്‌മപുത്രയുടെ വിവിധ ഭാവങ്ങള്‍ അവര്‍ ഒരേ മനസ്സോടെ ഏറ്റുവാങ്ങുന്നു-ഒരു മുത്തച്‌ഛന്‍ കാണിക്കുന്ന കുസൃതിയായി കരുതി!.
വെള്ളപ്പൊക്കമെന്ന തലക്കെട്ടില്‍ പ്രകൃതിയുടെ വിവിധ ഭാഗങ്ങള്‍ ആലങ്കാരികമായി വിവരിക്കുമ്പോള്‍ രൂപപരമായും ഭാവപരമായും ബീന വളരെ പക്വത കാണിക്കുന്നു. വിഘടനവാദം അരാജകത്വം ഉണ്ടാക്കുന്നുണ്ടെങ്കിലും ഒരിക്കലും ജീവിതത്തെ ആഘോഷിക്കുവാന്‍ ബ്രഹ്‌മപുത്രയുടെ കരയിലെ മക്കള്‍ മറക്കുന്നില്ല.
അതിഥി ഇവര്‍ക്ക് ദേവനാണ്.എല്ലാം മറന്ന് അവര്‍ ബിഹു ആഘോഷിക്കുന്നു. ആടുന്നു, പാടുന്നു. ആധുനികതക്ക് മുമ്പില്‍ സ്വന്തം സാംസ്‌കാരിക സ്വത്വം അവര്‍ ഒരിക്കലും പണയം വെക്കുന്നില്ല.
അസമില്‍ ദുര്‍ലഭം=പൂവാലന്‍മാരെന്ന അനുഭവം വായിച്ചാല്‍ ആസാമികളോടുള്ള ബഹുമാനം കൂടിപ്പോക്കും. ദൈവത്തിന്‍റെ സ്വന്തം നാട് ഞെരമ്പന്‍മാരുടെ സ്വന്തം നാടായി മാറി കൊണ്ടിരിക്കുന്നതില്‍ അവര്‍ അവരുടേതായ അമര്‍ഷം ഈ അനുഭവത്തിലൂടെ വെളിപ്പെടുത്തുന്നു.
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒരു വിഭാഗം ജനങ്ങള്‍ ഇന്ത്യയെ അയല്‍ രാജ്യമായിട്ടാണ് കരുതുന്നത്. അയല്‍രാജ്യത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയെന്ന തലക്കെട്ടിലുള്ള ഗ്രന്ഥകാരിയുടെ അനുഭവം വായിച്ചു കഴിഞ്ഞാല്‍ ഒരു കാര്യം മനസ്സിലാകും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ പുകയുന്ന ഒരു അഗ്‌നിപര്‍വ്വതമാണെന്ന്.
അങ്ങനെയാവാനുള്ള പ്രധാന കാരണം മണിപ്പൂരിയോ? തീവ്രവാദിയെന്ന! തലക്കെട്ടിലുള്ള ഗ്രന്ഥകാരിയുടെ അനുഭവത്തില്‍ പറയുന്നുണ്ട്.
പുകയുന്ന അസ്വസ്ഥതകളെ പരിഹാരം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ പ്രഫുല്‍ കുമാര്‍ മൊഹന്തയും സംഘവും ആസാമില്‍ അധികാരത്തില്‍ വന്നപ്പോള്‍ പലരും പലതും പ്രതീക്ഷിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. അദ്ദേഹം വെറും അധികാരി മാത്രമായി മാറി. മൊഹന്തയെക്കുറിച്ച് വിവരണത്തിന് ഒരു പൂര്‍ണ്ണതയില്ലായ്‌മ അനുഭവപ്പെടുമെന്നത് സത്യമാണ്.
ഓം മണി പത്മേ ഹും എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന അനുഭവവിവരണം മുതല്‍ ഉദയരശ്മികളുടെ നാട് വരെയുള്ള അനുഭവ വിവരണങ്ങള്‍ മനസ്സിന് ഒരു പാട് കുളിര്‍മ്മയേകും. അടിമുടി മഞ്ഞ് വീഴുന്നതു പോലെ. മഞ്ഞിന്‍റെ കുളിര്‍മ്മ പകരുവാന്‍ ബീനക്ക് കഴിഞ്ഞിരിക്കുന്നു.
മനസ്സിന് അനുഭവങ്ങള്‍ വാക്കുകളിലൂടെ നല്‍കുവാന്‍ കഴിയുന്നതാണ് നല്ല കൃതികള്‍. ആദ്യം മുതല്‍ അന്ത്യം വരെ ഈയൊരു കര്‍ത്തവ്യം നിര്‍വ്വഹിക്കുവാന്‍ ബീനക്ക് കഴിഞ്ഞിരിക്കുന്നു.