വലിയ ഒച്ചയോ ബഹളമോ കെട്ടുകാഴ്ചകളോ ഒന്നുമില്ലാതെ നമ്മുടെ ഇടയിലേക്ക് ഒരു കവി - സമകാലിക സംഭവങ്ങളുടെ ദൃക്‌സാക്ഷിയായ ഒരു കവി.
അനുഭവങ്ങളുടെ യന്ത്രപ്പല്ലേറ്റ് മൂര്‍ച്ച വീണതാണ് അതിലെ വാക്കുകള്‍. അവ രൂപപ്പെടുത്തിയ കവിതകള്‍ വര്‍ത്തമാന കവിതയുടെ പതിവു വഴിയിലൂടെയല്ല സഞ്ചരിക്കുന്നത്.നേര്‍ക്കാഴ്ചകളുടെ നൊമ്പങ്ങളാണവയില്‍.
ക്ഷീരവികസന വകുപ്പില്‍ ഉദ്യോഗസ്ഥനായ മതിര ബാലചന്ദ്രന്‍റെ യാത്രകള്‍ അവസാനിക്കുന്നില്ല എന്ന കവിതാ സമാഹാരം ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്ന ബാഹ്യവും ആന്തരികവുമായ സംഘര്‍ഷത്തില്‍ നിന്നും ബഹിര്‍ഗമിച്ചവയാണ്. അദ്ദേഹം അനുഭവിച്ച വികാരങ്ങളാണ് അവയുടെ രസം.
വര്‍ത്തമാനകാല അനുഭവങ്ങളെ അതേപടി നിലനിര്‍ത്തിയാണ് അവ എഴുതിയത് എന്ന് കവി തന്നെ പറയുന്നുണ്ട്. കവിതയെ ദു:ഖഭാരങ്ങളുടെ ചുമടുതാങ്ങിയാക്കി ഇടയ്ക്കിടെ ഇളവേല്‍ക്കുന്ന യാത്രികന്‍റെ മനസ്സാണ് കവിക്കുള്ളത് എന്ന് അവതാരികയില്‍ ഡോ.എഴുമറ്റൂര്‍ രാജരാജ വര്‍മ്മ പറയുന്നു.
പുതിയ കാലത്തിന്‍റെ രണാങ്കണത്തില്‍ നിന്നും വിവരങ്ങള്‍ നമ്മെ അറിയിക്കുന്ന ആധുനിക സഞ്ജയനാണ് മതിര ബലചന്ദ്രന്‍. ഈ കാവ്യ സമാഹാരത്തിലെ അദ്യത്തെ കവിതയും ‘സഞ്ജയന്‍’ എന്ന പേരിലുള്ളതാണ്.
‘ഇനി അശക്തന്‍ ഞാന്‍ എനിക്ക് വാക്കുകള്‍ മുറിഞ്ഞു പോകുന്നു എനിക്ക് കാഴ്ചകള്‍ നശിച്ചുപോകുന്നു ദുരന്തപൂര്‍ണ്ണമാം ചരിത്രപുസ്തകം ഇടയ്ക്ക് നിര്‍ത്തിഞാന്‍ പിരിഞ്ഞുപോകുന്നു‘
എന്ന് കവി പറയുന്നത് ശ്രദ്ധിക്കുക.
WD
WD
മൊത്തത്തില്‍ കവിതകളില്‍ മഹാഭാരതത്തിന്‍റെ സ്വാധീനം തെളിഞ്ഞുകാണുന്നുണ്ട്. എത്ര കൊന്നിട്ടും കൊതി തീരാത്തവര്‍, ജയിക്കാത്ത യുദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന ചരിത്ര പാഠവും രണ്ട് ദിവസം മുമ്പ് മുംബൈയില്‍ നടന്ന പ്രത്യക്ഷ അനുഭവങ്ങളും മതിരയുടെ കവിതകളില്‍ തുടിക്കുന്നുണ്ട്.
യുദ്ധകാണ്ഡം, കണ്വന്‍, ദ്രൌപദി, കുന്ദി, മഹാഭാരതം തുടങ്ങിയവയെല്ലാം മഹാഭാരത ദര്‍ശനത്തില്‍ ഊന്നിയുള്ള സമകാലീന വിലയിരുത്തലുകളാണ്.
നല്‍കുവാനൊന്നേയുള്ളു നിങ്ങള്‍ക്കാ കരങ്ങളില്‍ വക്കുപൊട്ടിയ കുറേ വാചകക്കസര്‍ത്തുകള്‍ ...... .................. അതിനാല്‍ പടയണി ചേരുക സഹജരേ കനലായ് നീറിക്കത്തി ചൂളകള്‍ പഴുപ്പിക്കാന്‍
ചൂള എന്ന കവിതയിലെ ധാര്‍മ്മിക രോഷവും ആക്ഷേപ ഹാസ്യവും ശ്രദ്ധിക്കുക.
നൊമ്പരം, മുദ്രാവാക്യം, വിട, പുലര്‍കാലം തുടങ്ങി കൊച്ചുകൊച്ചു വാക്യങ്ങള്‍ കൊണ്ട് ചമച്ച ഗഹനമായ കവിതകള്‍ അക്കൂട്ടത്തിലുണ്ട്. രാധ എന്ന കവിതയില്‍ തരളമായ വികാരങ്ങള്‍ക്ക് ഇടം കൊടുക്കുന്നുണ്ട്. എങ്കിലും ആയിരമായിരം രാധമാര്‍ ഇങ്ങനെ ഓരോ യുഗവും പിറക്കും എന്ന ഫലശ്രുതിയോടെയാണ് അത് അവസാനിക്കുന്നത്.
തിരുവനന്തപുരം മെലിന്‍ഡ ബുക്സ് പുറത്തിറക്കിയ യാത്രകള്‍ അവസാനിക്കുന്നില്ല എന്ന സമാഹാരത്തിന് 35 രൂപയാണ് വില. പതിവ് കവിതകളില്‍ നിന്നും വഴിമാറി സഞ്ചരിക്കുന്നതുകൊണ്ട് ഈ പുസ്തകം പുതിയൊരു വായനാനുഭവം നല്‍കും എന്ന് തീര്‍ച്ച.