നേരിന്‍റെ കുറിപ്പുകള്‍....

ബുധന്‍, 5 സെപ്‌റ്റംബര്‍ 2007 (15:32 IST)
FILEFILE
കാല്‍പ്പനിക യുഗത്തില്‍ നിന്ന് ആധുനികതയിലേക്ക് പ്രവേശിച്ചപ്പോള്‍ സാഹിത്യം കൂടുതല്‍ വ്യക്തി കേന്ദ്രീകൃതമായി. അതേ സമയം കൂടുതല്‍ സത്യസന്ധമായ തുറന്നു പറച്ചിലുകള്‍ക്ക് നമ്മുടെ ഭാഷ സാക്ഷിയാവുകയും ചെയ്തു. തുടക്കത്തിലെ ഞെട്ടലിന് ശേഷം കേരളീയ സമൂഹം അവ സ്വീകരിക്കുവാനും ആരംഭിച്ചു.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അതിശക്തമായ തുറന്നു പറച്ചിലുകള്‍ മലയാള സാഹിത്യത്തില്‍ സംഭവിച്ചു. പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളും സാഹിത്യത്തിലൂടെ സ്വന്തം ശബ്‌ദം കേള്‍പ്പിക്കാന്‍ തുടങ്ങി. അതേ സമയം വിപണിയുമായി ഒത്തു തീര്‍പ്പിലെത്തി ഭാവനയില്‍ വിരിഞ്ഞ അനുഭവങ്ങള്‍ എഴുതിയവരും ചുരുക്കമല്ല.

മലയാള യുവകഥാകൃത്തുക്കളില്‍ സ്വന്തമായി ഇരിപ്പിടമുള്ളവനാണ് സുഭാഷ് ചന്ദ്രന്‍. സ്വന്തമായി ഒരു ആഖ്യാനശൈലി ഉണ്ടാക്കിയെടുത്തവന്‍. അദ്ദേഹത്തിന്‍റെ കഥകള്‍ ആവര്‍ത്തിച്ചു വാ‍യിക്കുമ്പോള്‍ പുതിയ അര്‍ത്ഥതലങ്ങള്‍ ലഭിക്കുന്നു.



എല്ലാവര്‍ക്കും അനുഭവങ്ങളുണ്ട്. എന്നാല്‍, വളരെക്കുറച്ച് പേര്‍ മാത്രമേ അവ എഴുതാറുള്ളൂ. എന്തായാലും വളരെ കാലത്തിനു ശേഷം മലയാള സാഹിത്യത്തിനു ലഭിച്ച കാമ്പുള്ള അനുഭവക്കുറിപ്പുകളാണ് സുഭാഷ്‌ചന്ദ്രന്‍റെ ‘മധ്യേയിങ്ങനെ‘. മാതൃഭൂമി ബുക്‍സാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്.

ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാവുന്ന അനുഭവക്കുറിപ്പുകളാണിത് . അതേസമയം അനുഭവക്കുറിപ്പുകളുടെ രൂപപരമായ സൌന്ദര്യം നമ്മളെ ഒരു പാട് അതിശയിപ്പിക്കും.

‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’, ‘പറുദീസ നഷ്‌ടം’ , ‘തല്പം‘ തുടങ്ങിയ കഥകളിലൂടെ മലയാളിയെ അദ്ഭുതപ്പെടുത്തിയ സുഭാഷ്ചന്ദ്രന്‍റെ ,സാധാരണ കുടുംബത്തില്‍ ജനിച്ച് രോഗപീഡയുടെ ബാല്യം അനുഭവിച്ച് യൌവനത്തിലെ വിഷാദത്തിന്‍റെ കയ്പ്പ് ആവോളം ഊറ്റിക്കുടിച്ച് ഇപ്പോള്‍ രണ്ട് പെണ്‍കുട്ടികളുടെ പിതാവായി കഴിയുന്ന സുഭാഷ്‌ചന്ദ്രന്‍റെ അനുഭവക്കുറിപ്പുകളുടെ മറ്റൊരു ആകര്‍ഷണം അദ്ദേഹം അതി ല്‍ പ്രകടിപ്പിച്ചിരിക്കുന്ന സത്യസന്ധതയാണ്.

തന്‍റെ ദൌര്‍ലഭ്യങ്ങളും, പോരായ്മകളും, തെറ്റുകളും ഈ ചെറുപ്പക്കാരന്‍ മറയില്ലാതെ തുറന്നു പറയുന്നു. സക്കറിയ അപരിചതത്വം നടിച്ചപ്പോള്‍ അതിലെ പോസ്റ്റീവ് വശം കണ്ടെത്തിയത്, രണ്ടാമത്തെ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യുവാന്‍ കൊണ്ടു പോയത്, എം.ടിയെ ആദ്യമായി കണ്ടപ്പോള്‍ അനുഭവിച്ച സഭാകമ്പം...അങ്ങനെ ആ പട്ടിക നീളുന്നു.

മറ്റൊരു അര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ‘മധ്യേയിങ്ങനെ‘ പ്രതിനിധാനം ചെയ്യുന്നത് ഇടത്തരക്കാരായ മുഴുവന്‍ മുഴുവന്‍ മലയാളി സമൂഹത്തെയാണ്. സുഭാഷ് ചന്ദ്രന്‍ സഞ്ചരിച്ച വഴിയിലൂടെ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് പുസ്തകം വായിച്ചു കഴിഞ്ഞാല്‍ നമ്മള്‍ക്ക് തോന്നുന്നു.

മനുഷ്യ ജീവിതത്തെ കരുണയോടെ മാത്രമേ സാഹിത്യത്തിന് സമീപിക്കാന്‍ കഴിയുകയുള്ളൂ. ലാത്തൂര്‍ ഭൂകമ്പത്തിനിടയില്‍ ഒരു വാച്ചു കടയിലെ തകര്‍ന്ന ചുമര്‍ ഘടികാരങ്ങളുടെ ക്ലോസ് അപ്പ് ടെലിവിഷനില്‍ കണ്ടപ്പോഴാണ് ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം‘ എഴുതുന്നതിനുള്ള പ്രചോദനം സുഭാഷ് ചന്ദ്രന് ലഭിച്ചത്. അതേ സമയം ജ്യേഷ്ഠ സുഹൃത്തിന്‍റെ അന്ധയായ പെങ്ങള്‍ സുഷമയാണ് ‘വധ ക്രമം’ എഴുതുന്നതിനുള്ള വെളിച്ചം നല്‍കിയത്. കഥകളിലേക്കുമുള്ള യാത്ര അതിഭാവുകത്വം കലര്‍ത്താതെ അദ്ദേഹം വായനക്കാരുമായി പങ്കു വെക്കുന്നു.

സുഭാഷ് ചന്ദ്രനെ വളരെയധികം പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് എം.ടി. വാസുദേവന്‍ നായര്‍. സുഭാഷിനെയും മറ്റു പല യുവകഥാകൃത്തുക്കളെയും ഇപ്പോഴും എം.ടി. രചനശൈലിയില്‍ സ്വാധീനിക്കുന്നു. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച പത്തു കൃതി തെരഞ്ഞെടുത്താല്‍ അതില്‍ എം.ടിയുടെ കൃതി ഉണ്ടാവില്ലെന്ന് പറയുവാനുള്ള ചങ്കൂറ്റം സുഭാഷ് പ്രകടിപ്പിച്ചിരുന്നു.

ഈ നിരീക്ഷണം ശരിയോ തെറ്റോ ആകാം എന്നാല്‍ ഈ അഭിപ്രായം പറയുന്നതിനുള്ള നെഞ്ചൂക്ക് അദ്ദേഹം പ്രകടിപ്പിച്ചുവെന്നത് സുഭാഷിന്‍റെ മൂല്യമുയര്‍ത്തുന്നു. തന്നെ സുഖിപ്പിക്കുന്നവനെ തിരിച്ച് സുഖിപ്പിക്കുകയെന്ന നയമുള്ളവരുടെ പട്ടികയില്‍ സുഭാഷ് ഇല്ലായെന്നത് സന്തോഷം നല്‍കുന്നു

വെബ്ദുനിയ വായിക്കുക