പ്രസംഗകലയില്‍ ഒട്ടേറെ മഹാരഥന്‍മാരെ കണ്ട കേരള ജനതക്ക് പ്രസംഗം എന്നത് എന്നും ഒരു ഹരമാണ്. ഭംഗിയായി പ്രസംഗിക്കാന്‍ കഴിയണം എന്ന് ഒരു വട്ടമെങ്കിലും ആഗ്രഹിക്കാത്തവര്‍ വളരെ കുറവായിരിക്കും. നെടുങ്കന്‍ പ്രസംഗങ്ങല്‍ കേട്ട് നില്‍ക്കുമ്പോള്‍ വേദിയില്‍ നിന്ന് ഗര്‍ജ്ജിക്കുന്ന ആ സിംഹം താനായിരുന്നെങ്കില്‍ എന്നു കരുതാത്തവരും വിരളം.
മലയാളിയുടെ ഈ പ്രസംഗ പ്രേമത്തെ പരിപോഷിപ്പിക്കാനായി ഒട്ടേറെ പുസ്തകങ്ങളും ഇറങ്ങിയിട്ടുണ്ട്. പ്രസംകലയുടെ വിവധ വശങ്ങള്‍ എന്തൊക്കെ, എങ്ങനെ തുടങ്ങണം എങ്ങനെ വാക്കുകള്‍ കൊണ്ട് മായാജാലം കാണിക്കണം എന്നിങ്ങനെ നല്ല ഒരു പ്രസംഗകനാവാന്‍ വേണ്ട നിര്‍ദ്ദേശങ്ങളടങ്ങിയ പുസ്തകങ്ങളുടെ ഒരു നിര മലയാളത്തിലുണ്ട്.
എന്നാല്‍ അക്കൂട്ടത്തില്‍ പല പുസ്തകങ്ങളും വായിക്കുമ്പോള്‍ പരമ ബോറന്‍ പ്രസംഗം കേട്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാകാറ് എന്നത് വാസ്തവം.
അതില്‍ നിന്ന് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുകയാണ് ജോര്‍ജ്ജ് പുളിക്കന്‍റെ ‘പ്രസംഗകല’ എന്ന പുസ്തകം. പ്രസംഗകലയുടെ വിവധ വശങ്ങളെ കുറിച്ച് രസകരമായ രീതിയില്‍ പ്രതിപാദിക്കുന്നതും, നല്ല വായനാനുഭവം നല്‍കുന്നതുമാണ് ഈ പുസ്തകം.
WD
WD
കടിച്ചാല്‍ മുറിയാത്ത വാക്കുകള്‍ നിരത്തി പ്രസംഗകലയെ അപ്രാപ്യമായ ഒരു സംഭവമാക്കി മാറ്റാന്‍ രചയിതാവ് ശ്രമിക്കുന്നില്ല എന്നത് ഏറെ പ്രശംസനീയമാണ്. പ്രസംഗത്തില്‍ താല്പര്യം മൂത്ത് പ്രസംഗത്തെ കുറിച്ചുള്ള പുസ്തകം വായിക്കുന്ന പലര്‍ക്കും ഇതു നമ്മുക്ക് പറ്റിയ പണിയല്ലെന്ന് തോന്നുകയാണ് പതിവ്. കൂടുതല്‍ ശാസ്ത്രീയ വശങ്ങളും മറ്റും നിരത്തി വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന പുസ്തകളുടെ രീതി ‘പ്രസംഗകല’ പിന്തുടരുന്നില്ല.
കേരളത്തിലെ പ്രമുഖരായ പ്രസംഗകരുടെ നര്‍മ്മം നിറഞ്ഞ പ്രസംഗാനുഭവങ്ങളും എല്ലാം വൃത്തിയായി കോര്‍ത്തിണക്കിയ പ്രസംഗകല വായിക്കുമ്പോള്‍ ഏതൊരു ആള്‍ക്കും, ശ്രമിച്ചാല്‍ തനിക്കും പ്രസംഗം വഴങ്ങും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ ഈ പുസ്തകത്തിനാവും എന്നത് ഒരു നേട്ടമാണ്
സ്വയം ആനന്ദിക്കാനല്ല മറിച്ച് സദസ്സിനെ ആനന്ദിപ്പിക്കാനാണ് താന്‍ പ്രസംഗിക്കുന്നതെന്ന മനോഭാവമായിരിക്കണം പ്രസംഗകന്‍റേത്. കൈയിലുള്ള സാഹിത്യ വാക്കുകളുടെ കലവറ നിരത്തി സ്വയം ‘സബാഷ്’ എന്നു പറയേണ്ട ഗതികേട് പ്രസംഗകനുണ്ടാവരുത് എന്നര്‍ത്ഥം. സദസ്സിനു രസിക്കുന്ന, ദഹിക്കുന്ന ഒപ്പം അവര്‍ക്ക് ഉപയോഗ്രപ്രദമായ രീതിയിലുള്ള പ്രസംഗമായിരിക്കണം നടത്തേണ്ടത്.
കുറേ തമാശകള്‍ മാത്രം പൊട്ടിച്ച് കൈയടി നേടിയതു കൊണ്ട് നല്ല ഒരു പ്രസംഗകനാവാന്‍ കഴിയില്ല. കേള്‍വിക്കാരില്‍ നന്‍മയുടെ അംശം കൈമാറാന്‍ കഴിയുന്നതാവണം പ്രസംഗം. പ്രസംഗത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ ലേഖകന്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നതിനാല്‍ വായനക്കാരന് അക്കാര്യങ്ങള്‍ പെട്ടെന്നു ഉള്‍ക്കൊള്ളാന്‍ കഴിയും.
പ്രസംഗകലയുടെ ഓരോരോ വശങ്ങളെ കുറിച്ചു പറയുമ്പോഴും ചെറിയ അനുഭവ കഥകളും ഒപ്പം ചേര്‍ത്തിരിക്കുന്നത് വായന രസകരമാക്കുന്നു. വളരെ ചുരുങ്ങിയ താളുകളില്‍ പ്രസംഗം എന്ന കലയുടെ എല്ലാ വശങ്ങളും പരാമര്‍ശിച്ച ‘പ്രസംഗകല’ പ്രസംഗകരാവാന്‍ കൊതിക്കുന്നവര്‍ക്കും ഒപ്പം പ്രസംഗകര്‍ക്കും ഒരു പോലെ വഴികാട്ടിയാവും.
കോഴിക്കൊട്ടെ മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 40 രൂപയാണ് വില ജോര്‍ജ്ജ് പുളിക്കല്‍ മനോരമ വിഷനിലാണ് പ്രവര്‍ത്തിക്കുന്നത്.