ഡോക്‍ടര്‍ പുനത്തിലിന്‍റെ ഓര്‍മ്മകള്‍...

ഞായര്‍, 4 മെയ് 2008 (10:37 IST)
WDFILE
എല്ലാ മനുഷ്യര്‍ക്കും രണ്ടു കണ്ണുകളും ചെവികളും മാത്രമേയുള്ളൂ. ചിലര്‍ കാണുന്നതും കേള്‍ക്കുന്നതും അപ്പോള്‍ തന്നെ മറക്കുന്നു.

എന്നാല്‍, മറ്റു ചിലര്‍ കേള്‍ക്കുന്നതും കാണുന്നതും മനസ്സില്‍ ഒരിക്കലും ഇളകാത്ത വിധം ഉറപ്പിച്ചുവെയ്‌ക്കുന്നു. ആവശ്യമുള്ളപ്പോള്‍ അവ മറ്റുള്ളവര്‍ക്ക് പകരുകയും ചെയ്യുന്നു. ഏതു ജോലി ചെയ്യുന്നവര്‍ക്കും രസകരമായ ഓര്‍മ്മകളുണ്ടായിരിക്കും.

പൊടിതട്ടിയെടുത്ത ഈ ഓര്‍മ്മകള്‍ അക്ഷരങ്ങളാകുമ്പോള്‍ വായനക്കാര്‍ അനുഭവിക്കാന്‍ കഴിയാത്ത അനുഭവങ്ങളുടെ ഉടമകളാകുന്നു. മാതൃഭൂമി ആരോഗ്യ മാസികയില്‍ പുനത്തില്‍ വര്‍ഷങ്ങളായി എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണ് ‘പുതിയ മരുന്നും പഴയ മന്ത്രവും‘. ഇവ ഇപ്പോള്‍ മാതൃഭൂമി പുസ്തക രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നു.

സാധാരണ കാര്യങ്ങള്‍ പുനത്തില്‍ പറയുമ്പോള്‍ അസാധാരണങ്ങളായി മാറുന്നു. പൊതുവായി ഈ ഓര്‍മ്മക്കുറിപ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്ന രസം ഹാസ്യമാണ്. പക്ഷെ മലയാളിയുടെ ആരോഗ്യപരമല്ലാത്ത ജീവിത രീതികളെ കുഞ്ഞബ്ദുള്ള കണക്കിന് കളിയാക്കുന്നു.

‘മരുമകനെ കാളക്കുട്ടനെപ്പോലെ തീറ്റിപ്പോറ്റി ഒരു കൂറ്റനാക്കി വളര്‍ത്താനാണ് അമ്മായിയമ്മയുടെ ആഗ്രഹം.പക്ഷെ,പുതിയാപ്പിളക്ക് വിശക്കുന്നില്ല.

വിശക്കണമെങ്കില്‍ ആദ്യം കഴിച്ച ആഹാരം ദഹിക്കണമെന്ന സത്യം പാവം അമ്മായി അമ്മമാര്‍ക്ക് അറിയില്ല’, സ്‌നേഹപാനം എന്ന തലക്കെട്ടോടെ അദ്ദേഹം എഴുതിയ ഓര്‍മ്മക്കുറിപ്പ് വിവരിക്കുന്നു.

കണ്ണടച്ച് വെട്ടി വിഴുങ്ങി സ്ഥൂലശരീരം ഉണ്ടാക്കുന്നവനാണ് ആരോഗ്യവനാണെന്ന് മലയാളിയുടെ അബദ്ധ ധാരണയുടെ തലയ്‌ക്കിട്ട് ചെറിയൊരു കിഴുക്കാണ് കുഞ്ഞബ്ദുള്ള നടത്തിയിരിക്കുന്നത്.

തിരക്കു മൂലം പിതാവിനെ ചികിത്സിക്കാന്‍ ചെല്ലുവാന്‍ വൈകിയതും കാശ് ലഭിക്കില്ലെന്ന് ഉറപ്പായതു കൊണ്ടാണ് അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെല്ലുവാന്‍ പുനത്തില്‍ വൈകിയതെന്ന് പറഞ്ഞ് ബാപ്പ പത്തുരൂപ നീട്ടിയതും ആരോടുമതാവാം എന്ന തലക്കെട്ടോടെയുള്ള കുറിപ്പില്‍ പറയുന്നു. ചിരി വരുത്തുമെങ്കിലും മനസ്സില്‍ നേര്‍ത്ത ഒരു ശൂന്യതയാണ് ഈ ഓര്‍മ്മ വായനക്കാരനില്‍ ഉണ്ടാക്കുക.


ഏത് രോഗത്തെയും ചെറുക്കുവാന്‍ വേണ്ടത് ആത്മവിശ്വാസമാണെന്നതിന് പുനത്തില്‍ ഓര്‍മ്മക്കുറിപ്പുകളില്‍ ഉദാഹരണങ്ങള്‍ നല്‍കുന്നു. ആത്മവിശ്വാസം താഴെ വീഴാതെ സൂക്ഷിച്ചതു മൂലമാണ് നല്ല നെഞ്ചുവേദന തോന്നിയിട്ടും അദ്ദേഹത്തിന് കോട്ടയം യാത്ര പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞത്.

ഡോക്‍ടര്‍ പഠനത്തിന്‍റെ ഭാഗമായി ശവം കീറിമുറിക്കുന്ന കുട്ടി ഡോക്‍ടമാരെ മറ്റ് വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അല്‍പ്പം ബഹുമാനത്തോടെയാണ് നോക്കുന്നത്. ജീവിച്ച് കൊതി തീര്‍ന്നിട്ടില്ലാത്തവരോ, ജീവിതം മടുത്ത് അവസാനിപ്പിച്ചവരോ ആയിരിക്കും ശവമായിട്ട് കീറിമുറിക്കല്‍ കാത്തു കിടക്കുന്നുണ്ടാകുക.

‘കീറരുതേ മുറിക്കരുതേ‘എന്ന തലക്കെട്ടിലെ അവസാന ഭാഗത്ത് പുനത്തില്‍ എഴുതിയിരിക്കുന്നു:‘പത്തു പതിനെട്ട് വയസ്സു തോന്നിക്കുന്ന സുന്ദരി. സംശയാസ്‌പദമായ മരണം. ഒരു പുഞ്ചിരി അപ്പോഴും അവളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നുണ്ട്.

സര്‍ജന്‍ കത്തിയെടുക്കുമ്പോള്‍ അവള്‍ കേണപേക്ഷിക്കുന്നതു പോലെ തോന്നി.എന്നെ കീറരുതേ, മുറിക്കരുതേ’.മലയാള സിനിമയായ ‘ശീലാബതി‘യുടെ അവസാന ഭാഗത്ത് കഥാനായികയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം മേശയിലെത്തുന്നു.

നായകനായ ഡോക്‍ടര്‍ നായികയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അവളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഉരുണ്ടു വീഴുന്നു. പുനത്തിലിന്‍റെ ഓര്‍മ്മകള്‍ നമ്മുടെ മനസ്സിനെ ഉഴുതു മറിച്ച് ഭൂതകാലത്തിലേക്കും വര്‍ത്തമാന കാലത്തിലേക്കു യാത്രകൊണ്ടു പോകുന്നു.

നല്ല ഹാസ്യത്തിലൂടെ ചിന്തിപ്പിക്കുവാന്‍ ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ ഈ അപ്പോത്തിക്കിരിക്ക് കഴിഞ്ഞിരിക്കുന്നു.

വെബ്ദുനിയ വായിക്കുക