കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ആയുര്‍വേദം

FILEFILE
വ്യായാമം ഇല്ലാത്ത സാഹചര്യവും ഇന്നത്തെ ആഹാര രീതിയും അനാവശ്യ കൊളസ്ട്രോള്‍ മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു. ദിനചര്യ പരിഷ്കരിക്കുന്നതിലൂടെയും മരുന്നുകളിലൂടെയും കോളസ്ട്രോളിന്‍റെ പിടിയില്‍ നിന്ന് രക്ഷ നേടാമെന്നാണ് ആയുര്‍വേദം പറയുന്നത്.

കൊളസ്ട്രോള്‍ എന്നാല്‍?

നാഡീവ്യൂഹം, കരള്‍, ഹൃദയം, ത്വക്ക്, കുടല്‍, മസില്‍ എന്നിവിടങ്ങളില്‍ കാണാന്‍ കഴിയുന്ന മെഴുക് പോലെയുള്ള പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. കരളില്‍ ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോള്‍ ഹോര്‍മോണ്‍, പിത്തരസം, ജീവകം ഡി എന്നിവയുടെ ഉത്പാദനത്തിനെ സഹായിക്കുന്നു.

സസ്യേതര ആഹാര പദാര്‍ത്ഥങ്ങളിലൂടെയാണ് അനാവശ്യ കൊളസ്ട്രോള്‍ ഉണ്ടാവുന്നത്. ഇതില്‍ തന്നെ മൃഗങ്ങളുടെ കിഡ്നി, കരള്‍, തലച്ചോര്‍ എന്നിവ ആഹരിക്കുന്നതിലൂടെ കൊളസ്ട്രോളിന്‍റെ അളവ് ഭീഷണമാം വിധം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.



ഇവ കൊളസ്ട്രോള്‍ കുറയ്ക്കും

ആയുര്‍വേദ വിധി പ്രകാരം കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഭക്ഷണ ക്രമീകരണമാണ് പ്രധാനം.

ഇലക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മാംസാഹാരം വര്‍ജ്ജിക്കുന്നതും കൊളസ്ട്രോള്‍ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ക്വയിന, തിന, ഓട്സ്, ആപ്പിള്‍, മുന്തിരി, ബദാം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കത്തിച്ചുകളയാന്‍ സഹായമാണ്.

ഇഞ്ചി, പിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലര്‍ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും. ഇത്തരത്തില്‍ ദിവസം രണ്ട് നേരം ചായ കഴിക്കുന്നത് ഉത്തമമാണ്.

ഇഞ്ചി, പിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (അര ടീ സ്പൂണ്‍) ഒരു ടീ സ്പൂണ്‍ തേനില്‍ ചേര്‍ത്ത് കഴിക്കുന്നതും കൊളസ്ട്രോളും അമിത കഫവും നിയന്ത്രിക്കുന്നതിനെ സഹായിക്കും.

അരടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്.

200 എംജി ത്രിഫല ഗുല്‍ഗ്ഗുല ഗുളിക ദിവസം മൂന്ന് നേരം കഴിക്കുന്നതും നല്ലതാണ്.

അതിരാവിലെ ഒരു കപ്പ് ഇളം ചൂട് വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തില്‍ അമിതമായുള്ള കൊഴുപ്പ് ഇല്ലാതാക്കുക വഴി കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.



വെബ്ദുനിയ വായിക്കുക