ആറ്റുകാല്‍ പൊങ്കാല

കുംഭമാസത്തിലെ കാര്‍ത്തികനാളില്‍ ആറ്റുകാലില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല.

പൂരം നാളിലാണു പൊങ്കാല. ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി കുടിയിരുത്തി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഒന്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒന്പതാം ദിവസമാണ്. ഇതു കഴിഞ്ഞാണ് പൊങ്കാല.

പൂരം നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നു തെളിക്കുന്ന ദീപം തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ നിവേദ്യ അടുപ്പു കത്തിക്കുന്നു. പിന്നീട് കീഴ്ശാന്തി ദീപം പുറത്തേക്കാനയിച്ച പാട്ടുപുരയുടെ മുന്നിലെ പണ്ടാര അടുപ്പു കത്തിക്കുന്നു.

കതിനകളും ചെണ്ടമേളവും കുരവയും ആകാശത്തിലുയരുന്പോള്‍ നിരന്നിരിക്കുന്ന പതിനായിരക്കണക്കിന് അടുപ്പുകളില്‍ തീനാളങ്ങളുയരും. ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീപൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്.

പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും. വൈകുന്നേരം മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു.

ഈ സമയം അനേകം പൂജാരിമാര്‍ തീര്‍ത്ഥജലവുമായി നാനാഭാഗങ്ങളിലേക്കു നീങ്ങീ പൊങ്കാല എവിടെയുണ്ടോ അവിടെയൊക്കെ എത്തി തീര്‍ത്ഥം തളിച്ചു നേദിക്കാം. പൊങ്കാലകലത്തിലെ മണ്ണ് അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം.


കുത്തിയോട്ടം

ആറ്റുകാല്‍ ക്ഷേത്രത്തിലെ മുഖ്യ നേര്‍ച്ചയായ കുത്തിയോട്ടം ആണ്‍കുട്ടികള്‍ക്കുള്ള വഴിപാടാണ്. ആറ്റുകാലമ്മയുടെ അനുചരന്‍മാരായി ബാലകരെ നിര്‍ത്തുന്ന ചടങ്ങാണ് കുത്തിയോട്ടം.

ബാലകര്‍ ക്ഷേത്രാങ്കണത്തിലെത്തിയാല്‍ പിന്നെ അവര്‍ അമ്മയുടെ അനുഗ്രഹിക്കപ്പെട്ട സന്താനങ്ങളാണ്. താമസവും ഭക്ഷണവുമൊക്കെ ക്ഷേത്രത്തില്‍ തന്നെ. മൂന്നാം ഉത്സവ ദിവസമാണ് കുത്തിയോട്ടമാരംഭിക്കുക. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കുളിച്ചീറനോടെ തിരുനടയിലെത്തി നമസ്കരിക്കണം.

ഒരു നേര്‍ച്ചക്കാരന്‍ ഏഴുദിവസം കൊണ്ട് ആയിരത്തെട്ടു നമസ്കാരം ചെയ്യണമെന്നാണു കണക്ക്. രാത്രിയില്‍ ക്ഷേത്രത്തിനകത്ത് മെടഞ്ഞ ഓല വിരിച്ച് അതിലാണ് കുത്തിയോട്ടക്കാരാന്‍റെ ഉറക്കം. പൊങ്കാലദിവസം രാത്രി ദേവിയുടെ എഴുന്നള്ളത്തിന് അകന്പടി സേവിക്കുന്നത് കുത്തിയോട്ടക്കാരാണ്.

അന്നവര്‍ക്ക് ഭക്ഷണം കൊടുക്കില്ല. രാത്രി അണിയിച്ചൊരുക്കി തലയില്‍ കിരീടവും കയ്യില്‍ പൂച്ചെണ്ടുമണിഞ്ഞ് തിരുനടയില്‍ കൊണ്ടുവന്നു ചൂരല്‍ കുത്തുന്നു.

(ശരീരത്തിന്‍റെ ഇരുവശങ്ങളിലുമായി വാരിയെല്ലിനു താഴെ തൊലി വേര്‍പെടുത്തി ചൂണ്ടുകൊണ്ടു കന്പികൊരുത്ത് ഭസ്മവും വെറ്റിലയും ചേര്‍ത്തുവെച്ചു കെട്ടുന്നതാണ് ചൂരല്‍കുത്ത്) ഇതു കഴിഞ്ഞാല്‍ എഴുന്നള്ളത്തിന് അകന്പടി സേവിക്കാന്‍ കുത്തിയോട്ടക്കാര്‍ തയ്യാറാവുകയായി.

താലപ്പൊലി

പതിനൊന്നു വയസ്സിുതാഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി പൊങ്കാലദിവസം നടത്തുന്ന നേര്‍ച്ചയാണ് താലപ്പൊലി. ദേവി ദാസിമാരായി ബാലികമാരെ സമര്‍പ്പിക്കുന്നു എന്നാണ് സങ്കല്പം. പുതുവസ്ത്രമണിഞ്ഞ് തലയില്‍ പുᅲകിരീടം ചൂടി താലത്തില്‍ കമുകിന്‍ പൂങ്കുല, നാളികേരം, അരി, പുᅲം തുടങ്ങിയ മംഗല്യവസ്തുക്കളുമായി കുട്ടികള്‍ ആറ്റുകാലമ്മയുടെ തിരുനടയിലെത്തുന്നു.


ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ്

1970 ജൂണ്‍ 26-നാണ് ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ് നിലവില്‍ വന്നത്. മൂന്നുവര്‍ഷം കൂടുന്പോള്‍ ട്രസ്റ്റ് പുതിയഭാരവാഹികളെ തെരഞ്ഞെടുക്കും.

പുതിയ ചുറ്റന്പലം അലങ്കാര ഗോപുരം, അലങ്കാരഗേറ്റ്, ചുറ്റുമതില്‍ ട്രസ്റ്റ് ഓഫീസ് കല്യാണമണ്ഡപം എന്നിവയൊക്കെ ട്രസ്റ്റ് നിലവില്‍ വന്നശേഷം പണികഴിപ്പിച്ചവയാണ് . ദേവീ വിഗ്രഹത്തില്‍ സ്വര്‍ണ അങ്കിചാര്‍ത്തി. ട്രസ്റ്റിന്‍റെ കീഴില്‍ ക്ഷേത്രത്തിന് ഏഴേക്കറിലധികം സ്മാരകം എന്നിവയൊക്കെ ട്രസ്റ്റിന്‍റെ നേട്ടങ്ങളാണ്.

ക്ഷേത്രത്തിന്‍റെ ചുറ്റന്പലത്തിനുള്ളില്‍ വടക്കു-കിഴക്കുഭാഗത്ത് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ പൊങ്കാലയ്ക്കു ശേഷം നടത്തുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ പറഞ്ഞു. ചുറ്റന്പലത്തില്‍ നടപ്പന്തല്‍ നിര്‍മ്മാണം, കല്ലുപാകല്‍, ഡോര്‍മെറ്ററി, ലോഡ്ജ്, സത്രം, ക്ഷേത്രത്തിലേയ്ക്കുള്ള റോഡുകളുടെ വികസനം, പാര്‍ക്കിംഗ് എന്നീ പദ്ധതികള്‍ക്കും അന്തിമരൂപയായി.

ക്ഷേത്രത്തിലെ പൂജകള്‍, വഴിപാടുകള്‍ എന്നിവ നടത്താന്‍ സെക്രട്ടറി, ആറ്റുകാല്‍ ഭഗവതീക്ഷേത്രം ട്രസ്റ്റ്, ആറ്റുകാല്‍, പി.ബി. നന്പര്‍ 5805, മണക്കാട് .പി.ഒ, തിരുവനന്തപുരം - 695 009 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവിയാണ് ആറ്റുകാലമ്മ എന്നു ഭക്തര്‍ വിശ്വസിക്കുന്നു. രോഗം മാറ്റാന്‍ ആപത്തുകളൊഴിവാക്കാന്‍, കല്യാണം നടക്കാന്‍, ജോലി കിട്ടാനൊക്കെ ആറ്റുകാലമ്മയുടെ വരദാനം തേടി ഭക്തരെത്തുന്നു.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതിക്ഷേത്രം സര്‍വ്വമതമൈത്രിയുടെ പ്രതീകം കൂടിയാണ്. സ്ത്രീപുരുഷ ഭേദമന്യേ നാനാജാതി മതസ്ഥരായ ഭക്തലക്ഷണങ്ങള്‍ ഈ പുണ്യസങ്കേതത്തില്‍ നിത്യവും ദേവിയ്ക്ക് പഞ്ചാക്ഷരീമന്ത്രം കൊണ്ട് പൊങ്കാലയര്‍പ്പിക്കുന്നത് ഇതിന് തെളിവുതന്നെ.

വെബ്ദുനിയ വായിക്കുക