കുട്ടികളിലൂടെ ആയിരുന്നു അല്‍ഫോന്‍സാമ്മയുടെ അത്ഭുത സിദ്ധിയുടെ ചന്ദന സുഗന്ധം പരന്നത്. കുട്ടികളെ അല്‍ഫോന്‍സാമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. അല്‍ഫോണ്‍സാമ്മ എന്നും കുട്ടികളുടെ വിശുദ്ധയാണ്.
ഭരണങ്ങാനത്തെ കബറിടത്തില്‍ അനുഗ്രഹവും മാധ്യസ്ഥ്യവും തേടിയെത്തുത് അധികവും കുട്ടികള്‍ക്കു വേണ്ടിയാണ്. അമ്മയെ വിശുദ്ധയാക്കിയ നടപടി തന്നേ കുട്ടിയോടു കാണിച്ച കാരുണ്യത്തിന്‍റെ പേരിലാണല്ലോ.
ഭരണങ്ങാനത്തെ ആനക്കല്ല് സെന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ അടക്കംചെയ്‌ത അല്‍ഫോന്‍സയെന്ന കന്യാസ്‌ത്രീ ദിവ്യയും വിശുദ്ധയുമാണെന്നും ആ അമ്മയ്ക്ക് മുമ്പില്‍ പ്രാര്‍ഥിച്ചാല്‍ എല്ലാ സങ്കടങ്ങളും ദുരിതങ്ങളും മാറുമെന്ന വിശ്വാസം സ്കൂള്‍ വിദ്യാര്‍ഥികളിലൂടെയാണ് പ്രചരിച്ചത്; നാടറിഞ്ഞത്..
ആയിരത്തിലേറെ നന്ദിപ്രകാശന ഫലകങ്ങളുണ്ട് ചാപ്പലിലെ മ്യൂസിയത്തില്‍. കുട്ടികളുടെ മുഖമാണ് അവയില്‍ മിക്കതിനും. അമ്മയുടെ മാധ്യസ്ഥ്യംവഴി സന്താനഭാഗ്യം ലഭിച്ചവര്‍, കുട്ടികളുടെ വിപത്ത് മാറിക്കിട്ടിയവര്‍,കുട്ടികളുടെ മാറാരോഗം മാറിക്കിട്ടിയവര്‍ എന്നിങ്ങനെ പോകുന്നു അവ സമര്‍പ്പിച്ചവര്‍.
അല്‍ഫോന്‍സാമ്മയെ വീണ്ടും വീണ്ടും കാണാന്‍ ഓടിയെത്തുന്ന മാതാപിതാക്കള്‍ക്കുമുണ്ടു കൃതജ്ഞതയുടെ കണ്ണീര്‍ക്കണങ്ങള്‍.. അവരുടെ കുഞ്ഞുങ്ങളെ കൈകളില്‍ ഏറ്റുവാങ്ങി സംരക്ഷിച്ചതിന്..അവര്‍ക്ക് നേര്‍ വഴി കാട്ടിയതിന്....
കുട്ടികളുടെ സ്വഭാവമായിന്നു അമ്മയ്ക്ക്. അല്‍ഫോന്‍സാമ്മയുടെ മുഖത്ത് തെളിഞ്ഞു കാണുന്ന നൈര്‍മ്മല്യവും നിഷ്കളങ്കതയും ശിശുസഹജമാണ്.
കുട്ടികള്‍ക്ക് മാത്രമല്ല ഏവര്‍ക്കും സ്വീകാര്യയാണ് കരുണാമയിയായ ഈ അമ്മ. എല്ലാവര്‍ക്കും ഭേദഭാവമന്യേ അവര്‍ അനുഗ്രഹം ചൊരിയുന്നു. ആ ദിവ്യ തേജസ്സിനു മുന്നില്‍ ജാതിമത ഭേദമില്ല. അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ പ്രാര്‍ഥിക്കാനും മാധ്യസ്ഥ്യം യാചിക്കാനുമെത്തുന്ന നാനാ ജാതി മതസ്ഥര്‍ അതിനു തെളിവാണ്.