ജ്യോതിയുടെ മരണം ജ്വാലയാകും; അണയ്ക്കാന്‍ സര്‍ക്കാറിന്റെ മുന്‍‌കരുതല്‍

ശനി, 29 ഡിസം‌ബര്‍ 2012 (09:47 IST)
PRO
PRO
കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ രാജ്യം അതീവ ജാഗ്രതയില്‍. യുവജന പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. നഗരവാസികള്‍ വീഥികളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി. രാജ്പഥ്, വിജയ്ചൗക്ക്, കമാല്‍ അത്താതുര്‍ക്ക് തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്.

പട്ടേല്‍ ചൗക്ക്, റേസ് കോഴ്‌സ്, ഖാന്‍ മാര്‍ക്റ്റ്, ഉദ്യോഗസ് ഭവന്‍, മാണ്ടി ഹൗസ്, ബാരഖാമ്പ റോഡ്, പ്രഗതി മൈതാന്‍ എന്നിങ്ങനെയുള്ള മെട്രോ സ്‌റ്റേഷനുകളും അടച്ചു.

മാധ്യമങ്ങള്‍ക്കും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാനലുകള്‍ തത്സമയ സംപ്രേക്ഷണം അവസാനിപ്പിക്കണമെന്നും പൊലീസ് അറിയിച്ചു. ഡല്‍ഹിയില്‍ 144 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

സുപ്രധാനകേന്ദ്രങ്ങളിലെല്ലാം പൊലീസ് സുരക്ഷ ശക്തമാക്കി. 28 കമ്പനി അര്‍ദ്ധ സൈനികരെയും ദ്രുതകര്‍മ്മ സേനയെയും ഡ്യുട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതി, രാഷ്ട്രപതി ഭവന്‍, റെയ്‌സീന ഹില്‍, ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതി എന്നിവിടങ്ങിലെല്ലാം അര്‍ദ്ധസൈനികരെ നിയോഗിച്ചിട്ടുണ്ട്.

പീഡനവാര്‍ത്ത പുറത്തുവന്നതോടെ ഡല്‍ഹി കണ്ട യുജവന പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്നത്.

വെബ്ദുനിയ വായിക്കുക