സംസ്ഥാനത്ത് ഉയരുന്ന ചൂട് പാലുല്‍പാദനത്തെയും സാരമായി ബാധിക്കുന്നു. ചൂട് കൂടിയതോടെ പാലുല്‍പാദനത്തില്‍ 20 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് മില്‍മ അറിയിച്ചു. പ്രതിദിനം ആറര ലക്ഷം ലിറ്ററിന്റെ കുറവാണ് ഉണ്ടാകുന്നത്. മില്‍മ പ്രതിദിനം വിപണിയില്‍ എത്തിക്കുന്നത് 17 ലക്ഷം ലിറ്റര്‍ പാല്‍ ആണ്. ഇതില്‍ നല്ലൊരു ഭാഗവും കേരളത്തില്‍ നിന്ന് തന്നെയായിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പാലെത്തിച്ചാണ് ഉത്പാദനത്തിലെ കുറവ് മില്‍മ മറികടക്കുന്നത്. അതേസമയം പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ മെയ് 2 വരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.