ട്രെയിനപകടം: വായുസേനയും രംഗത്ത്

വെള്ളി, 28 മെയ് 2010 (10:27 IST)
പടിഞ്ഞാ‍റന്‍ മിഡ്നാപ്പൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തെ തുടര്‍ന്ന് ഒരു എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് വായുസേനയുടെ ഹെലികോപ്ടറുകളും രംഗത്ത് എത്തി.

ചേതക്, എംഐ-17 എന്നീ വ്യോമസേന ഹെലികോപ്ടറുകളാണ് സഹായവുമായി എത്തിയത്. ഏഴ് ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും അപകട സ്ഥലത്തേക്ക് അയച്ചതായി വ്യോമസേനാധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ മറിഞ്ഞ ബോഗികളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് സൂചന. അപകടത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.

ഹൌറ-മുംബൈ ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിനാണ് വെള്ളിയാഴ്ച വെളുപ്പിനെ നടന്ന അപകടത്തില്‍ പെട്ടത്. എക്സ്പ്രസ് ട്രെയിനിന്റെ 13 ബോഗികള്‍ പാളം തെറ്റി. ഇവയില്‍ അഞ്ചെണ്ണം സമീപത്തുള്ള ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനിന്റെ മുന്നിലാണ് വീണത്.

വെബ്ദുനിയ വായിക്കുക