ദുരന്തം; പരീക്ഷണവും പീഡനവും!

ഞായര്‍, 23 മെയ് 2010 (11:54 IST)
മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ട് മരിച്ചവരില്‍ 123 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയുന്നതിനായി ഡി‌എന്‍‌എ പരിശോധന നടത്തുകയാണ് അവസാന ശ്രമം. എന്നാല്‍, പരിശോധനാ ഫലത്തിനായി നാല് മുതല്‍ ഏഴ് ദിവസം വരെ കാത്തിരിക്കേണ്ടിവരുമെന്നത് ബന്ധുക്കള്‍ക്ക് ദുരന്തം സമ്മാനിച്ച മറ്റൊരു പരീക്ഷണമാവും.

അതേസമയം, മരിച്ചവരുടെ ബന്ധുക്കളെ സൌജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യനല്‍കിയ സഹായ വാഗ്ദാനം അടുത്ത ബന്ധുക്കള്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കടുത്ത പീഡനമായി മാറി. യാത്രാ സമയത്തില്‍ കൃത്യത പാലിക്കില്ല എന്നും ഉദ്യോഗസ്ഥര്‍ അവസരോചിതമായ ഇടപെടലുകള്‍ നടത്താറില്ല എന്നും എയര്‍ ഇന്ത്യക്കെതിരെ സ്ഥിരമായി ഉയരുന്ന ആരോപണങ്ങള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ആവര്‍ത്തിച്ചു.

ദുബായില്‍ നിന്ന് മരിച്ചവരുടെ ബന്ധുക്കളെ നാട്ടിലെത്തിക്കാനുള്ള എയര്‍ ഇന്ത്യ വിമാനം 17 മണിക്കൂര്‍ വൈകിയാണ് നാട്ടിലെത്തിയത് എന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. രാവിലെ പത്ത് മണിക്ക് ദുബായ് വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ രാവിലെ 5:30 ന് ആണ് നാട്ടിലെത്തിയത്.

സീറ്റ് ഉറപ്പാണെന്ന വാഗ്ദാനം നല്‍കിയതു വിശ്വസിച്ചതാണ് മറ്റ് വിമാനങ്ങളില്‍ ടിക്കറ്റിനായി ശ്രമിക്കാതിരുന്നത് എന്നും അത് പീഡനത്തിനും യാത്രാ സമയം നീളാനും കാരണമായെന്നും ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നു.

വെബ്ദുനിയ വായിക്കുക