വീണ്ടും ചാരപ്പണി; പട്ടാള മേജര്‍ അറസ്റ്റില്‍

വ്യാഴം, 6 മെയ് 2010 (11:50 IST)
PRO
പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യന്‍ നയതന്ത്രജ്ഞ അറസ്റ്റിലായതിന് പിന്നാലെ ഒരു ഉന്നത പട്ടാള ഉദ്യോഗഥനും ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായി. പാകിസ്ഥാനുവേണ്ടി ഈ പട്ടാള മേജര്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്നാണ് സംശയം. ഏറെക്കാലമായി ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്‍റലിജന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു.

ആന്‍‌ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലായിരുന്നു ഈ പട്ടാള മേജര്‍ സേവനമനുഷ്‌ഠിച്ചിരുന്നത്. ഇന്ത്യയുടെ ചില രഹസ്യവിവരങ്ങള്‍ ഇയാള്‍ പാകിസ്ഥാന് കൈമാറിയെന്ന സംശയമുയര്‍ന്നതോടെ ആഭ്യന്തരമന്ത്രാലയം ജാഗ്രതയിലായി. അമേരിക്കന്‍ ഇന്‍റലിജന്‍സ് ഏജന്‍സികളാണ് മേജറിന്‍റെ ചാരപ്പണിയെക്കുറിച്ച് ഇന്ത്യയ്ക്ക് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉടന്‍‌തന്നെ ആഭ്യന്തരമന്ത്രാലയം ഇന്‍റലിജന്‍സിനെ ചുമതലപ്പെടുത്തി.

ഇയാളെ പിന്നീട് ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളുടെ കമ്പ്യൂട്ടറില്‍ നിന്ന് പാകിസ്ഥാന്‍ കേന്ദ്രങ്ങളിലേക്ക് പതിവായി ഇ - മെയിലുകള്‍ പോയിരുന്നു എന്നാണ് വിവരം. ഇന്ത്യയെ സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും ഇയാള്‍ പാകിസ്ഥാന് കൈമാറിയെന്ന് സംശയിക്കുന്നു.

ദിവസങ്ങള്‍ക്കു മുമ്പാണ് പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന കുറ്റത്തിന് മാധുരി ഗുപ്ത എന്ന ഇന്ത്യന്‍ നയതന്ത്രജ്ഞയെ അറസ്റ്റു ചെയ്തത്. എന്നാല്‍ താ‍ന്‍ നിരപരാധിയാണെന്നാണ് മാധുരിയുടെ വാദം.

വെബ്ദുനിയ വായിക്കുക