തെലങ്കാന പ്രശ്നം പരിഹരിക്കും: സിംഗ്

തിങ്കള്‍, 21 ഡിസം‌ബര്‍ 2009 (14:16 IST)
PRO
തെലങ്കാന പ്രശ്നത്തിന് സ്വീകാര്യമായ ഒരു പരിഹാരം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തിങ്കളാഴ്ച ആന്ധ്രയിലെയും റായല്‍‌സീമയിലെയും എം‌പിമാര്‍ക്ക് ഉറപ്പ് നല്‍കി.

ആന്ധ്രപ്രദേശിനെ വിഭജിക്കരുത് എന്ന് ആവശ്യപ്പെട്ട് തീരദേശ ആന്ധ്രയില്‍ നിന്നും റായല്‍‌സീമയില്‍ നിന്നും ഉള്ള എംപിമാര്‍ കോണ്‍ഗ്രസ് നേതാവ് കെ എസ് റാവുവിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ തിങ്കളാഴ്ച രാവിലെ സന്ദര്‍ശിച്ചിരുന്നു. എല്ലാവര്‍ക്കും സമ്മതമായ ഒരു തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കേന്ദ്ര സര്‍ക്കാരും തെലങ്കാന വിഷയത്തില്‍ എല്ലാവര്‍ക്കും സമ്മതമായ ഒരു തീരുമാനം തിങ്കളാഴ്ച രാത്രിയോടെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സായ് പ്രതാപ് കഴിഞ്ഞ ദിവസം കഡപ്പയില്‍ പറഞ്ഞിരുന്നു. വിഭജനത്തെ കുറിച്ച് പി ചിദംബരം നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ സംഭവവികാസങ്ങള്‍ കേന്ദ്രത്തെ അറിയിക്കാന്‍ എം‌പിമാര്‍ക്ക് സാധിച്ചു എന്നും സായ് പ്രതാപ് പറഞ്ഞു.

തെലങ്കാന സംസ്ഥാന രൂപീകരണത്തിന് എതിര്‍പ്പ് ഇല്ല എന്ന് കോണ്‍ഗ്രസിന്റെ 2009 തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്നതും എല്ലാ പാര്‍ട്ടികളും വിഭജനത്തെ അനുകൂലിച്ചതും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍, ചന്ദ്രശേഖര റാവുവിനെ രക്ഷിക്കാനായാണ് കേന്ദ്രം വിഭജന തീരുമാനം പ്രഖ്യാപിച്ചതെന്നും സായ് പ്രതാപ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക