ഇന്ദുവിന്റെ മരണം കൊലപാതകം തന്നെ; സുഭാഷ് അറസ്റ്റില്‍

ശനി, 29 ഡിസം‌ബര്‍ 2012 (15:27 IST)
PRO
PRO
ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന ഇന്ദു ട്രെയിനില്‍ നിന്നു വീണു മരിച്ച സംഭവം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇന്ദുവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത സുഹൃത്ത് സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഇന്ദു ഗവേഷണം നടത്തിവരികയായിരുന്ന കോഴിക്കോട് എന്‍ഐടിയിലെ അധ്യാപകനായിരുന്നു സുഭാഷ്. ഇയാള്‍ ഇന്ദുവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതാവാം എന്നാണ് സൂചന.

ഇന്ദു ആത്മഹത്യ ചെയ്തതായിരിക്കുമെന്ന നിഗമനത്തില്‍ റയില്‍‌വെ പൊലീസും ക്രൈംബ്രാഞ്ചും ആദ്യം എത്തിച്ചേര്‍ന്നിരുന്നു എങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ കൊലപാതകമാണെന്ന വിലയിരുത്തലില്‍ എത്തിയിരിക്കുന്നത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കിയിരുന്നു. സുഭാഷ് പൊലീസിന് നല്‍കിയ മൊഴി പരസ്പര വിരുദ്ധമായിരുന്നു.

അടുത്ത പേജില്‍- സുഭാഷിനെതിരെ വ്യക്തമായ തെളിവുകള്‍

സുഭാഷിനെതിരെ വ്യക്തമായ തെളിവുകള്‍


2011 ഏപ്രില്‍ 24ന് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന്റെ ഏ സി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇന്ദുവും സുഭാഷും യാത്ര ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും കോഴിക്കോട് ഒരു വാടകവീട്ടില്‍ ഒരുമിച്ചു താമസിച്ചിരുന്നു. ഇതിനിടെയാണ് മറ്റൊരു യുവാവുമായി ഇന്ദുവിന്‍റെ വിവാഹം നിശ്ചയിക്കുന്നത്. മേയ് 16ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു. അതിനു മുമ്പ് എന്തെങ്കിലും ഒരു തീരുമാനമെടുക്കണമെന്ന് സുഭാഷ് ഇന്ദുവില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് സൂചന. ഇയാളുടെ നിര്‍ബന്ധപ്രകാരമാണ് ഇന്ദു അന്ന് കോഴിക്കോട്ടേക്ക് തിരിച്ചത്. എന്നാല്‍ ട്രെയിനില്‍ നിന്ന് കാണാതായ ഇന്ദുവിന്റെ മൃതദേഹം ആലുവ ചെങ്ങമനാടിന് സമീപം പെരിയാറില്‍ കണ്ടം‌തുരുത്ത് ഭാഗത്തുനിന്നാണ് നിന്ന് പിന്നീട് കണ്ടെടുക്കുകയായിരുന്നു.

എ സി കോച്ചില്‍ അബദ്ധത്തില്‍ പുഴയിലേക്ക് വീഴാനുള്ള സാധ്യത കുറവാണ്. മാത്രമല്ല ഇന്ദുവിനെ ശരീരത്തിന്റെ പുറം ഭാഗത്ത് ഗുരുതരമായി പരുക്കേറ്റതായി കണ്ടെത്തിയിരുന്നു. സ്വയം ചാടിയതാണെങ്കില്‍ പുറത്ത് മാരകമായി മുറിവേല്‍ക്കാനുള്ള സാധ്യത കുറവാണ്. ആ സമയം പുഴയില്‍ മണല്‍വാരലില്‍ ഏര്‍പ്പെട്ടവരുടെ മൊഴിയും നിര്‍ണ്ണായകമായി. പുഴയിലേക്ക് എന്തോ വീണെന്നും അപ്പോള്‍ ട്രെയിനിന്റെ വാതിലില്‍ ആരോ നില്‍ക്കുന്നത് കണ്ടു എന്നുമായിരുന്നു സാക്ഷിമൊഴി.

താന്‍ രാവിലെ ആറ് മണിക്കാണ് ഉണര്‍ന്നതെന്നും അപ്പോള്‍ ഇന്ദുവിനെ കണ്ടില്ല എന്നുമാണ് സുഭാഷ് അന്വേഷണ സംഘത്തോട് പറഞ്ഞത്. കായംകുളം വരെ ഇന്ദു ട്രെയിനില്‍ ഉണ്ടായിരുന്നെന്നും പിന്നീട് എന്തു സംഭവിച്ചു എന്ന് അറിയില്ലെന്നുമാണ് സുഭാഷ് മൊഴി നല്‍കിയിരിക്കുന്നത്. കല്ലായില്‍ എത്തി താന്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ ഇന്ദുവിനെ കണ്ടില്ലെന്നും ഇയാള്‍ പറഞ്ഞു.പക്ഷേ സുഭാഷ് അഞ്ച് മണിയോടെ തന്നെ ഉണര്‍ന്നിരിക്കുന്നത് കണ്ടതായി ട്രെയിനിലെ സഹയാത്രക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഇന്ദുവിനെ സുഭാഷ് അപായപ്പെടുത്തിയതാവാം എന്ന നിഗനമത്തില്‍ വേണം എത്തിച്ചേരാന്‍.

വീട്ടുകാരെ ധിക്കരിച്ച് സുഭാഷിന്റെ കൂടെ പോകാന്‍ ഇന്ദുവിന് മനസ്സുണ്ടായിരുന്നില്ലെന്നാണ് സൂചന.
തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കൃഷ്ണന്‍ നായര്‍ - ഓമനക്കുഞ്ഞമ്മ ദമ്പതികളുടെ മകളാണ് ഷമ്മി എന്നുവിളിക്കുന്ന ഇന്ദു.

വെബ്ദുനിയ വായിക്കുക