സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ലഷ്കര്‍ ഭീകരന് തടിയന്റവിട നസീറിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. നസീറിന്റെയും കൂട്ടാളി ഷഫാസിന്റെയും റിമാന്‍ഡ് കാലാവധി ജൂലൈ ഒന്നു വരെയാണ് നീട്ടിയിരിക്കുന്നത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണു വിധി.
കണ്ണൂര്‍ നഗരത്തില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച കേസിലാണിത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവു ചാടിയവര്‍ കിടന്നിരുന്ന സെല്ലിന്റെ തൊട്ടടുത്തായിരുന്നു നസീറിനെയും ഷഫാസിനെയും താമസിപ്പിച്ചിരുന്നത്.
സംഭവദിവസം മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇവരെ തലശേരിയിലെ ജയിലിലേക്കു മാറ്റിയിരുന്നു. ശക്തമായ സുരക്ഷാ സംവിധാനത്തോടെയായിരുന്നു നസീറിനെയും ഷഫാസിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ പതിവിനു വിപരീതമായി ഇവരുടെ മുഖം മറച്ചിരുന്നില്ല.
അതേസമയം, സുരക്ഷാ നടപടികളുടെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും റിമാന്‍ഡ് തടവുകാരെ മാറ്റിത്തുടങ്ങി. ബുധനാഴ്ച ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബെയില്‍ഫോണുകളും ആയുധങ്ങളും വന്‍തോതില്‍ പിടികൂടിയ സാഹചര്യത്തില്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ജാമര്‍ സ്ഥാപിക്കുകയും ചെയ്തു.