കൊക്കകോള കമ്പനിയെ അനുകൂലിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ടി ബാലകൃഷ്ണന് നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഇന്ന് സമര്‍പ്പിക്കും. രേഖാമൂലമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കില്ലെന്നാണ് സൂചന. പകരം, വാക്കാലുള്ള റിപ്പോര്‍ട്ട് ആയിരിക്കും സമര്‍പ്പിക്കുക.
കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ആണ് ചീഫ് സെക്രട്ടറിയെ അന്വേഷണച്ചുമതല ഏല്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മന്ത്രിസഭായോഗത്തില്‍ ബാലകൃഷ്ണന് എതിരെ നടപടി കൈക്കൊള്ളുന്ന കാര്യം ചര്‍ച്ച ചെയ്യും.
പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിയെ രക്ഷിക്കാന്‍ കഴിയാതിരുന്നത് ദു:ഖകരമാണെന്നായിരുന്നു ബാലകൃഷ്ണന്റെ പ്രസ്താവന. വ്യവസായമന്ത്രി എളമരം കരീമിന്റെ സാന്നിധ്യത്തിലായിരുന്നു വ്യവസായവകുപ്പ് സെക്രട്ടറിയുടെ പ്രസ്താവന. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കൊക്കകോള ഫാക്ടറി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഈ അഭിപ്രായപ്രകടനം നടത്തിയത്.