കിനാലൂര്‍ സംഘര്‍ഷത്തില്‍ പൊലീസിന്റെ ലാത്തിയടിയേറ്റ് കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വനിതാ കമ്മീഷന്റെ രൂക്ഷവിമര്‍ശനം. വനിതാ കമ്മീഷന് അധ്യക്ഷ ജസ്റ്റീസ് ഡി ശ്രീദേവിയാണ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് വനിതാ കമ്മീഷന്റെ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയപ്രേരിതമായ സംഭവമായതിനാല്‍ ഇക്കാര്യത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസ് എടുക്കില്ലെന്നും ശ്രീദേവി വ്യക്തമാക്കി.
കിനാലൂര്‍ സംഭവം വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം അറിയില്ല. അടി കൊള്ളാനായി സ്ത്രീകള്‍ സംഭവ സ്ഥലത്തേക്ക് കേറിച്ചെല്ലുകയായിരുന്നു. അടി കോള്ളാന്‍ കേറിച്ചെന്നാല്‍ അടി കൊള്ളില്ലേ എന്നും അവര്‍ ചോദിച്ചു.
റോഡ് വീതി കൂട്ടുന്നത് നല്ല കാര്യമല്ലേ? അതിനെ എന്തിനാണ് ആളുകള്‍ എതിര്‍ക്കുന്നത്. വനിതാ കമ്മീഷന് ഇടപെടേണ്ട കാര്യം ഒന്നും ഇല്ല. അടികൊണ്ട സ്ത്രീകള്‍ക്ക് അവിടെ ഭൂമിയൊന്നുമില്ല. സമരക്കാര്‍ അടി ചോദിച്ചു വാങ്ങുകയായിരുന്നു. കിനാലൂരില്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളെ കൊണ്ടു വരികയായിരുന്നെന്നും ശ്രീദേവി പറഞ്ഞു.