ടെലിവിഷന്‍ ചാനലുകള്‍ക്ക് സംഘടന

ചൊവ്വ, 13 ഏപ്രില്‍ 2010 (14:38 IST)
PRO
കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചു. സിനിമാതാരങ്ങള്‍ ടെലിവിഷന്‍ റിയാല്‍‌റ്റി ഷോകളില്‍ പങ്കെടുക്കരുതെന്ന ഫിലിം ചേമ്പര്‍ നിലപാട് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് സംഘടനാഭാരവാഹികള്‍ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് അമ്മയുമായും ഫിലിം ചേമ്പറുമായും ചര്‍ച്ച നടത്തും.

ഓരോ ചാനലില്‍ നിന്നും രണ്ട് പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സംഘടനയുടെ ഭരണ സമിതി രൂപീകരിച്ചിരിക്കുന്നത്. ചാനല്‍ സി‌ഒയും മാനേജിംഗ് ഡയറക്ടറുമാണ് ഇതില്‍ ഉള്‍പ്പെടുക. ഏഷ്യാനെറ്റ് എംഡി കെ മാധവനാണ് സംഘടനയുടെ പ്രസിഡന്‍റ്. കൈരളി പീപ്പിള്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആണ് ജനറല്‍ സെക്രട്ടറി.

തിരുവനന്തപുരത്ത് നടന്ന സംഘടനയുടെ രൂപീകരണ യോഗത്തില്‍ എല്ലാ ചാനല്‍ പ്രതിനിധികളും പങ്കെടുത്തു. ടെലിവിഷനും സിനിമയും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങളാണെന്ന് ഏഷ്യാനെറ്റ് എംഡി കെ മാധവന്‍ പറഞ്ഞു.

ചാനലുകളുമായി സഹകരിക്കാന്‍ തയ്യാറുള്ള ചലച്ചിത്ര താരങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്യാന്‍ ബാധ്യസ്ഥമാണെന്ന് ജയ്ഹിന്ദ് ടിവിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത കെപിസിസി വക്താവ് കൂടിയായ എം‌എം ഹസന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക