യൂത്ത് കോണ്‍ഗ്രസ് ഇന്‍റര്‍വ്യൂ തടസ്സപ്പെടുത്തി

വ്യാഴം, 22 മെയ് 2008 (12:08 IST)
എനര്‍ജി മാനേജ്‌മെന്‍റ് സെല്ലിന്‍റെ ടെക്നിക്കല്‍ തസ്തികയിലേക്കുള്ള ഇന്‍റര്‍വ്യൂ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ സി.പി.എം നടത്തുന്ന ഇന്‍റര്‍വ്യൂ ആണിതെന്നാണ് ആരോപണം.

കോഴിക്കോട് മാലാപറമ്പ് വനിതാ പോളിടെക്നിക്കിലായിരുന്നു എനര്‍ജി മാനേജ്‌മെന്‍റ് സെല്ലിന്‍റെ ടെക്നിക്കല്‍ തസ്തികയിലേക്കുള്ള ഇന്‍റര്‍വ്യൂ നടന്നത്. രണ്ടായിരം ഒഴിവുകളിലേക്കാണ് ആളുകളെ നിയമിക്കുന്നത്. രണ്ട് വര്‍ഷത്തേയ്ക്കുള്ള എനര്‍ജി ഓഡിറ്റിംഗിനുള്ള കരാര്‍ നിയമനമാണിത്.

രാവിലെ ഇന്‍റര്‍വ്യൂ തുടങ്ങിയപ്പോള്‍ തന്നെ ഒരു കൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടേയ്ക്ക് തള്ളിക്കയറുകയായിരുന്നു. ഹാളിന് ഉള്ളിലുണ്ടായിരുന്ന കസേരയും മറ്റ് ഉപകരണങ്ങളും ഇവര്‍ തല്ലിതകര്‍ത്തു. സി.പി.എം പ്രവര്‍ത്തകനായ ഉണ്ണികൃഷ്ണന്‍ എന്നയാള്‍ ഗൂഢാലോചന നടത്തി സ്വന്തക്കരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

വിവരമറിഞ്ഞ് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.

വെബ്ദുനിയ വായിക്കുക