ഇസ്ലാം വിരുദ്ധ ചിത്രം: അഫ്ഗാനില്‍ യൂട്യൂബ് നിരോധിച്ചു

വ്യാഴം, 13 സെപ്‌റ്റംബര്‍ 2012 (09:54 IST)
PRO
PRO
അഫ്ഗാനിസ്ഥാനില്‍ യൂട്യൂബ് നിരോധിച്ചു. പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്ന യു എസ് ചിത്രം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നിരോധനം. ടെറി ജോണ്‍സ് സംവിധാനം ‘ഇന്നസെന്‍സ് ഒഫ് മുസ്ലിംസ്’ എന്ന ചിത്രമാണ് കനത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

സിനിമയുടെ പേരില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നത് തടയാനാണ് യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യുന്നത് വരെ നിരോധനം തുടരും എന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.

വിവാദ ചിത്രത്തിന്റെ പേരില്‍ വടക്കന്‍ ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ തുടരുകയാണ്. ബുധനാഴ്ച ലിബിയയിലെ യുഎസ് കോണ്‍സുലേറ്റിനു നേര്‍ക്കുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഈജിപ്തിലും അക്രമങ്ങള്‍ തുടരുകയാണ്.

വെബ്ദുനിയ വായിക്കുക