ഗ്രീക്ക് പ്രധാനമന്ത്രിയുടെ ടെലിഫോണ്‍ കണക്ഷന്‍ റദ്ദാക്കി

വ്യാഴം, 27 മെയ് 2010 (12:10 IST)
കുടിശ്ശിക അടയ്ക്കാത്തതിന് പ്രധാനമന്ത്രിയുടെ ഫോണ്‍ കണക്ഷന്‍ റദ്ദാക്കുകയോ? ഗ്രീസിലാണ് സംഭവം. ടെലിഫോണ്‍ അധികൃതര്‍ക്ക് പറ്റിയ ഒരു പിഴവ് പ്രധാനമന്ത്രി ജോര്‍ജ്ജ് പാപ്പെന്‍ഡ്രോസിനെ ശരിക്കും വട്ടം കറക്കി.

പണമടയ്ക്കുന്നിതില്‍ വീഴ്ച വരുത്തിയ ഒരു ഉപയോക്താവിന്‍റെ കണക്ഷന്‍ റദ്ദാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ടെലികോം കമ്പനി അബദ്ധത്തില്‍ പ്രധാനമന്ത്രിയുടെ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തത്. പ്രധാനമന്ത്രിയുടെ നമ്പറും ഉപയോക്താവിന്‍റെ നമ്പറും തമ്മില്‍ ഒരക്ഷരത്തിന്‍റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്.

സര്‍ക്കാരിന് 20 ശതമാനം പങ്കാളിത്തമുള്ള ഒടി‌ഇ എന്ന ടെലികോം കമ്പനിയാണ് അബദ്ധം ചെയ്തത്. തെറ്റുപറ്റിയതില്‍ ക്ഷമചോദിച്ചുകൊണ്ട് ഒടി‌ഇ ചെയര്‍മാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

ദശാബ്ദങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസില്‍ ടെലിഫോണ്‍ ബില്‍, വൈദ്യുതി ബില്‍ എന്നിവ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നത് സാധാരണമാണ്. കടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ശമ്പളം വെട്ടിക്കുറച്ചതും നികുതി ഉയര്‍ത്തിയതും മധ്യവര്‍ഗ കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക