പാകിസ്ഥാന് നല്കിവരുന്ന സൈനിക സഹായങ്ങളില്‍ യു എസ് ഉപാധികള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് യു എസിന്‍റെ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് പറഞ്ഞു. കഴിഞ്ഞ ദിവസം പാസാക്കിയ പുതിയ യു എസ് ഡിഫന്‍സ് ഓതറൈസേഷന്‍ ബില്ലില്‍ ഇതു സംബന്ധിച്ച വ്യവസ്ഥകളില്ലെന്നും ഹോള്‍ബ്രൂക്ക് വ്യക്തമാക്കി.
വ്യാഴാഴ്‌ചയായിരുന്നു യുഎസ് സെനറ്റ് ബില്‍ പാസാക്കിയത്. തുടര്‍ന്ന് ബില്ലില്‍ ഒപ്പു വയ്‌ക്കുന്നതിനായി പ്രസിഡന്‍റ് ബരാക് ഒബാമയ്‌ക്ക് അയച്ചു കൊടുത്തിരിക്കുകയാണ്. ഇതിനിടെയാണ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്‍റില്‍ ധൃതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഹോള്‍ബ്രൂക്ക് ഇക്കാര്യം പറഞ്ഞത്. ബില്ലിനെക്കുറിച്ച് പാകിസ്ഥാനിലെ ചിലര്‍ മനപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണെന്നും ഹോള്‍ബ്രൂക് വ്യക്തമാക്കി.
പാക്കിസ്ഥാന്‍റെ ദീര്‍ഘകാല സുരക്ഷയും സ്ഥിരതയും സംബന്ധിച്ച് പുരോഗതി വിലയിരുത്തല്‍ യു എസ് സര്‍ക്കാര്‍ നടത്തണമെന്നു മാത്രമാണ് ബില്ല് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ സഹായമായി അമേരിക്ക പാക്കിസ്ഥാനു പണം കൈമാറുമ്പോഴും പിന്നീടുമുള്ള നടപടികള്‍ സംബന്ധിച്ചും പ്രതിരോധ സെക്രട്ടറി, സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനു പ്രതിരോധ സഹായം നല്‍കുന്നതു സംബന്ധിച്ച ബില്ല് ഇന്നലെ യുഎസ് സെനറ്റ് പാസാക്കിയിരുന്നു. സെനറ്റര്‍മാരായ ബോബ് മെനന്‍ഡസ്, ബോബ് കോര്‍ക്കര്‍ എന്നിവരുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് ദ് ഡിഫന്‍സ് ഓതറൈസേഷന്‍ ബില്‍ 2010 പാസാക്കിയത്.
കഴിഞ്ഞമാസം 25ന് പാകിസ്താനുള്ള വാര്‍ഷിക സൈനികേതര സഹായം 150 കോടി യു എസ് ഡോളറായി വര്‍ധിപ്പിച്ചുകൊണ്ടുള്ള കെറി-ലാഗര്‍ ബില്‍ യു എസ് സെനറ്റ് ഐക്യകണ്‌ഠേന പാസാക്കിയിരുന്നു.