2012ല്‍ വിടപറഞ്ഞവര്‍

വ്യാഴം, 27 ഡിസം‌ബര്‍ 2012 (18:25 IST)
തരുണി സച്ച്‌ദേവ

PRO
PRO
ഇന്ത്യന്‍ ബാലതാരവും പരസ്യമോഡലുമായ തരുണി സച്ച്‌ദേവ് മെയ് 14ന് നേപ്പാളില്‍ വിമാനാപകടത്തില്‍ മരിച്ചു. 14 വയസ്സിനിടെ രസ്നയുടേത് ഉള്‍പ്പെടെ 50 പരസ്യ ചിത്രങ്ങളിലും 'പാ' എന്ന ബോളിവുഡ് ചിത്രത്തിലും തരുണി അഭിനയിച്ചിട്ടുണ്ട്. 'വെള്ളിനക്ഷത്രം', 'സത്യം' എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത തരുണിയുടെ മരണം മലയാളികള്‍ക്കും വേദനയായി.

മെഹ്ദി ഹസന്‍

PTI
PTI
ലോകം നെഞ്ചിലേറ്റിയ ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസ്സന്‍ ജൂണ്‍ 13ന് വിടവാങ്ങി. രാജസ്ഥാനിലെ പരമ്പരാഗത സംഗീത കുടുംബത്തില്‍ ജനിച്ച മെഹ്ദി ഹസ്സന്‍ പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. ഇന്ത്യയില്‍ മടങ്ങിയെത്താനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്.

ധാരാ സിംഗ

PRO
PRO
ഗുസ്‌തിക്കാരനില്‍ നിന്ന് ഹിന്ദി സിനിമയുടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന നടന്‍ ധാരാസിംഗ്‌ ജൂലൈ
12ന് അന്തരിച്ചു. കിങ്ങ്‌കോങ്ങ്‌, ഫൗലാദ്‌ എന്നീ സിനിമകളിലൂടെയാണ് ധാരാസിംഗ് പ്രശസ്തി നേടിയത്. മുത്താരംകുന്ന്‌ പിഒ എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാളികള്‍ക്കും സുപരിചിതനായി. രാമായണം, മഹാഭാരതം സീരിയലുകളില്‍ ഹനുമാന്റെ വേഷം ചെയ്തു.

രാജേഷ് ഖന്ന

PTI
PTI
ഇന്ത്യന്‍ സിനിമയുടെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രശസ്ത ഹിന്ദി സിനിമാ നടന്‍ രാജേഷ് ഖന്ന ജൂലൈ 18ന് അന്തരിച്ചു. 1969-1972 കാലയളവില്‍ തുടര്‍ച്ചയായി 15 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ രാജേഷ് ഖന്നയ്ക്കുണ്ടായിരുന്നു. കാക്ക എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം റോമാന്റിക് നായകന്‍ പരിവേഷത്തിലൂടെ സ്ത്രീ ആരാധകരുടെ ഹൃദയം കവര്‍ന്ന നടനായിരുന്നു.

ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍

PTI
PTI
സ്വാതന്ത്ര്യസമര സേനാനിയും മലയാളിയുമായ ക്യാപ്‌റ്റന്‍ ലക്ഷ്‌മി(98) ജൂലൈ 23ന് അന്തരിച്ചു.
സുഭാഷ്‌ ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഝാന്‍സി റാണി റെജിമെന്റില്‍ കേണലായി സേവനം അനുഷ്ഠിച്ച ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ യഥാര്‍ത്ഥ പേര് ലക്ഷ്മി സൈഗാള്‍ എന്നാണ്. 1914 ഒക്ടോബര്‍ 24-ന് പാലക്കാട്ടെ ആനക്കര തറവാട്ടില്‍ ജനിച്ച ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടേത് രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു.

നീല്‍ ആംസ്ട്രോങ

PTI
PTI
ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യന്‍, നീല്‍ ആംസ്‌ട്രോങ്(82) ഓഗസ്റ്റ് 25ന് അന്തരിച്ചു.
അമേരിക്കന്‍ ബഹിരാകാശ പേടകമായ 'അപ്പോളോ 11' നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ട് 1969 ജൂലായ് 20നാണു ചന്ദ്രനിലിറങ്ങിയത്. ആംസ്‌ട്രോങ്ങാണ് ആദ്യം ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്. 'മനുഷ്യന് ഇതൊരു ചെറു കാല്‍വെപ്പ്; മാനവകുലത്തിനാവട്ടെ വലിയൊരു കുതിച്ചുചാട്ടവും'- എന്നാണ് നീല്‍ ആംസ്‌ട്രോങ്ങ് ഈ അവസരത്തെ വിശേഷിപ്പിച്ചത്.

വര്‍ഗീസ് കുര്യന്‍

PTI
PTI
ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ്‌ ഡോ.വര്‍ഗീസ്‌ കുര്യന്‍ (അമുല്‍ കുര്യന്‍-90) സെപ്തംബര്‍ ഒമ്പതിന് യാത്രയായി. 1921 നവംബര്‍ 26ന് കോഴിക്കോട്ട് ജനിച്ച അദ്ദേഹം ഗുജറാത്ത് കോഓപ്പറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍(അമുല്‍) എന്ന സ്ഥാപനത്തിന്റെ സാരഥിയായി ക്ഷീരമേഖലയില്‍ വന്‍കുതിച്ചുചാട്ടം തന്നെയുണ്ടാക്കി.

യഷ് ചോപ്

PTI
PTI
ഹിന്ദി ചലച്ചിത്രലോകത്തെ അതികായനാണ് യാഷ് ചോപ്ര ഒക്ടോബര്‍ 21ന് അരങ്ങൊഴിഞ്ഞു. ഡെങ്കിപ്പനിയെ തുടര്‍ന്നായിരുന്നു മരണം. 'റൊമാന്‍സിന്റെ രാജാവ്‘ എന്നായിരുന്നു യഷ് ചോപ്ര അറിയപ്പെട്ടിരുന്നത്. അമിതാഭ് ബച്ചനെ ‘ക്ഷോഭിക്കുന്ന യുവാവ്‘ ആക്കിയതും ഷാരൂഖ് ഖാന് ‘കിംഗ് ഖാന്‍’ എന്ന വിളിപ്പേര് ലഭിച്ചതും ചോപ്രയുടെ ചിത്രങ്ങളിലൂടെയാണ്. അരനൂറ്റാണ്ടുകാലത്തോളം അദ്ദേഹം തെളിച്ച വഴിയിലൂടെ ബോളിവുഡ് നടന്നു. സില്‍സില, ത്രിശൂല്‍, ദീവാര്‍, ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ, ലംഹേ, ദില്‍ തോ പാഗല്‍ ഹെ, വീര്‍ സാറാ... തുടങ്ങി ഒട്ടനവധി മികച്ച ചിത്രങ്ങള്‍.

ബാല്‍ താക്കറ

PTI
PTI
ശിവസേനാ തലവന്‍ ബാല്‍ താക്കറെ നവംബര്‍ 17 അന്തരിച്ചു. രാഷ്ട്രീയത്തിന്റെ വിവാദവഴികളിലൂടെയായിരുന്നു താക്കറെയുടെ സഞ്ചാരപഥം. കടുത്ത മഹാരാഷ്ട്രാവാദിയായ അദ്ദേഹം 1966ലാണ് ‘ശിവസേന’ എന്ന സംഘടന ആരംഭിച്ചത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, ദേശീയതയെ ചോദ്യം ചെയ്യല്‍, കലാപം, ജനങ്ങളെ ഭീഷണിപ്പെടുത്തല്‍, കൊള്ളിവെയ്പ്പ്, കൊലപാതകം തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കുറ്റങ്ങള്‍ താക്കറെയ്ക്കും ശിവസേനയ്ക്കും മേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്.

പണ്ഡിറ്റ് രവിശങ്കര്‍

PRO
PRO
സിത്താറില്‍ മാന്ത്രികസംഗീതം തീര്‍ത്ത് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പണ്ഡിറ്റ് രവിശങ്കര്‍ ഡിസംബര്‍ 11 (92) അന്തരിച്ചു. അമേരിക്കയിലെ സാന്റിയാഗോയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇന്ത്യയില്‍ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും ആരാധകരെ സൃഷ്ടിച്ച പണ്ഡിറ്റ് രവിശങ്കര്‍ ആയിരുന്നു പാശ്ചാത്യസംഗീതത്തെ ഭാരതീയ സംഗീതവുമായി കൂട്ടിയിണക്കിയ ഫ്യൂഷന്‍സംഗീതത്തിന് തുടക്കമിട്ടത്.

വെബ്ദുനിയ വായിക്കുക