നമ്മുടെ മമ്മൂട്ടി അത്ര നിഷ്കളങ്കനാണോ?

ഞായര്‍, 21 ഫെബ്രുവരി 2010 (11:25 IST)
PRO
PRO
മമ്മൂട്ടിയെന്ന നടനെ എനിക്കിഷ്ടമാണ്... ഇഷ്ടമായിരുന്നു എന്ന് പറയുന്നതാകും ശരി. മമ്മൂട്ടിയെന്ന മനുഷ്യന്റെ മറ്റൊരു മുഖം മാധ്യമങ്ങളിലൂടെ വായിച്ചെടുക്കാന്‍ തുടങ്ങിയതോടെയാണ് എനിക്ക് മമ്മൂട്ടിയിലെ നടനുമായി ചെറിയ അകല്‍ച്ച തുടങ്ങിയത്. മമ്മൂട്ടിയെ പറ്റി നടന്‍ തിലകന്‍ പലതും പറഞ്ഞത് ഞാനും അറിഞ്ഞിരുന്നു. എന്നാല്‍ ഫെബ്രുവരി 21-ന് പുറത്തിറങ്ങിയ മാതൃഭൂമിയില്‍ തിലകനുമായി പ്രജിത്ത് രാജ് നടത്തിയ അഭിമുഖം എന്റെ ഹൃദയത്തിലാണ് കൊണ്ടത്. മമ്മൂട്ടിയെന്ന താരവിഗ്രഹം വീണുടയുകയും ചെയ്തു.

മമ്മൂട്ടിയുടെ ചില സ്വഭാവവിശേഷങ്ങളെ തിലകന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ചില ഷര്‍ട്ടിട്ട് വരുന്നവരെ മമ്മൂട്ടിക്ക് ഇഷ്ടമല്ലെത്രെ. അദ്ദേഹത്തെ കണ്ടാല്‍ എഴുന്നേല്‍ക്കാത്തവരെയും ഇഷ്ടമല്ലെത്രെ. മമ്മൂട്ടിയെ കണ്ടിട്ടും എണീറ്റുനിന്ന് ബഹുമാനം കാണിക്കാതെ ആരെങ്കിലും ഇരിക്കുകയാണെങ്കില്‍ അയാളാ സിനിമയില്‍ നിന്ന് ഔട്ടാകുമെന്ന് തിലകന്‍ പറയുന്നു. മമ്മൂട്ടിയോട് വലിയ ബഹുമാനം കാണിക്കാത്തതിനാല്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ലൊക്കേഷനില്‍ എത്തിയ തന്നെ മമ്മൂട്ടി മണിക്കൂറുകളോളം ഉറക്കമിളപ്പിച്ച് ഇരുത്തിയതിനെ പറ്റിയും തിലകന്‍ ഓര്‍ക്കുന്നു.

മമ്മൂട്ടിയുടെ മുന്നില്‍ വച്ച സിഗരറ്റ് വലിക്കാന്‍ പാടില്ലെന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ആരോ പറഞ്ഞതിനെ പറ്റി അഭിമുഖകാരന്‍ തിലകനോട് ചോദിക്കുന്നുണ്ട്. ‘അങ്ങിനെയുള്ള നിരോധനങ്ങളൊക്കെ അങ്ങ് പള്ളീല്‍ പറഞ്ഞാല്‍ മതിയെന്ന്’ മമ്മൂട്ടിയുടെ മുഖത്ത് നോക്കി സുകുമാരന്‍ ചുട്ട മറുപടി കൊടുത്തുവെന്ന് തിലകന്‍ ഓര്‍ത്തെടുക്കുന്നു.

കറുത്ത കണ്ണടയും ധരിച്ച് മമ്മൂട്ടി ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുമ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെല്ലാം എണീറ്റുനില്‍ക്കണമെന്ന് ഒരു അലിഖിത നിയമമുണ്ടെന്ന് തിലകന്‍ പറയുന്നു. എഴുന്നേറ്റ് നിന്നില്ലെങ്കില്‍ ചില തിക്താനുഭവങ്ങള്‍ ഉണ്ടാകുമെത്രെ. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും തിലകന്‍ പറയുന്നു.

പണം മനുഷ്യനെ പല രീതിയില്‍ മാറ്റുമെന്നും മമ്മൂട്ടിക്ക് പണമുള്ളതിനാല്‍ അഹങ്കാരവും ധിക്കാരവും വന്നിരിക്കുന്നുവെന്നും തിലകന്‍ പറയുന്നു. സംവിധായകരൊക്കെയും മമ്മൂട്ടിയെപ്പോലുള്ള സൂപ്പര്‍‌താരങ്ങളുടെ ചൊല്‍‌പ്പടിക്ക് തുള്ളുന്നവരാണെന്നും അല്ലെങ്കില്‍ ഒരു സൂപ്പര്‍‌താരം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ ജോഷി തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്ന് ഒഴിവാക്കില്ലെന്നും തിലകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

മമ്മൂട്ടി എന്ന വ്യക്തി പുരോഗമന പ്രസ്ഥാനങ്ങളുടെ അഭ്യുദയകാംക്ഷിയാണെന്ന് തിലകന്‍ സമ്മതിച്ച് തരുന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികന്‍ എന്നൊക്കെ വച്ചുകാച്ചുന്ന മമ്മൂട്ടിയെ പോലുള്ളവര്‍ ഒരു സിനിമയ്ക്ക് ഒരു കോടി രൂപാ പ്രതിഫലം വാങ്ങുന്നതിന്റെ പുരോഗമന തത്വചിന്ത തനിക്ക് മനസിലാകുന്നില്ലെന്നും തിലകന്‍ പറയുന്നു. മമ്മൂട്ടിയുടെ ശരിയായ ഗുണമറിഞ്ഞാല്‍ മമ്മൂട്ടിയെ സ്റ്റേജില്‍ പിടിച്ചിരുത്തി ആദരിക്കുന്ന ഇടതുപക്ഷം സ്വയം തിരുത്തുമെന്നും തിലകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അന്തരിച്ച നടന്‍ മുരളിക്ക് ഒരു സൂപ്പര്‍താരത്തിന്റെ പേരുപറഞ്ഞാല്‍ നാവില്‍ തെറിയേ വരുമായിരുന്നുള്ളൂ എന്ന് തിലകന്‍ പറയുന്നു. ‘അയാളോട് ആര് സംസാരിക്കും? സംസാരിക്കാന്‍ കൊള്ളാത്തവന്‍’ എന്നാണെത്രെ മുരളി പറഞ്ഞിരുന്നത്. അനാവശ്യമായി മമ്മൂട്ടിയെ മുരളി കുറ്റം പറയുമെന്ന് തോന്നുന്നില്ല. അപ്പോള്‍ കുഴപ്പം ആരുടേതെന്ന് വ്യക്തമാകുന്നുണ്ട്.

അഭിമുഖം വായിച്ചുകഴിയുമ്പോള്‍ മമ്മൂട്ടിയെ പറ്റിയുള്ള നമ്മുടെ ധാരണകള്‍ തകിടം മറിയും. അല്‍‌പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയും കുടപിടിക്കുമെന്നാണ് മമ്മൂട്ടിയെന്ന വ്യക്തിയെ തിലകന്‍ വിശേഷിപ്പിക്കുന്നത്. നമുക്കും അങ്ങിനെ തോന്നിപ്പോകും. ക്ലോസപ്പില്‍ തന്റെ മുഖമങ്ങനെ കാണിക്കണമെന്നും മറ്റുള്ളവരുടെ മുഖങ്ങള്‍ ഔട്ട് ഓഫ് ഫോക്കസില്‍ ആക്കണമെന്നും മമ്മൂട്ടി കരുതുന്നുണ്ടോ ആവോ? മമ്മൂട്ടി തന്നെയാണ് ഉത്തരം പറയേണ്ടത്. മറുപടി പറയാതെ ഒളിക്കാനാണ് ഭാവമെങ്കില്‍ നഗരങ്ങളില്‍ തിലകനെ അനുകൂലിച്ചുകൊണ്ട് ഉയര്‍ന്നിട്ടുള്ള പോസ്റ്ററുകള്‍ കേരളത്തിലെ പ്രേക്ഷകര്‍ സ്വന്തം നെഞ്ചുകളിലേന്തും എന്ന് ഓര്‍ക്കുക!

വെബ്ദുനിയ വായിക്കുക