പ്രേമത്തിന് കണ്ണും മൂക്കുമില്ല, പിന്നെയാണോ മതം?

തിങ്കള്‍, 26 ഒക്‌ടോബര്‍ 2009 (16:24 IST)
PRO
PRO
കേരളത്തില്‍ ഇന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന പ്രധാന വിഷയമാണ് ലൌ ജിഹാദ്. അന്യ മതസ്ഥരെ സ്നേഹം നടിച്ച് മതം മാറ്റുന്ന ലൌ ജിഹാദ് കോടതി വരെ എത്തി കഴിഞ്ഞു. തീവ്രവാദത്തിന് പ്രണയമുഖം നല്‍കി വിവാദങ്ങള്‍ക്ക് തിരിക്കൊളുത്താനായി ചില മാധ്യമങ്ങളും വിവിധ സംഘടനകളും മത്സരിക്കുകയാണ്. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ മതചിഹ്നങ്ങളും അടയാളങ്ങളും ബന്ധപ്പെടുത്തി സാമുദായികമായ അപരഭീതി സൃഷ്ടിക്കുന്ന വര്‍ഗീയലോബി കേരളത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. കേരള കാത്തലിക് ബിഷ്പ്സ് കൌണ്‍സിലിന്‍റെ കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മണി ആന്‍റ് വിജിലന്‍സ് 'ജാഗ്രത' എന്ന പേരുവെച്ച് സര്‍ക്കുലര്‍ വരെ പുറത്തിറക്കിയിട്ടുണ്ട്.

2005 മുതല്‍ ഇതുവരെ നാലായിരത്തിലേറെ പെണ്‍കുട്ടികള്‍ പ്രണയത്തില്‍ കുരുങ്ങി മതം മാറ്റത്തിന് വിധേയരായിട്ടുണ്ടെന്നാണ് ബിഷപ് കൌണ്‍സിലിന്‍റെ 'ജാഗ്രത'യില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന്, അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മുസ്ലീം മതത്തിലേക്ക് മതം മാറ്റം നടത്തുന്നതിനെതിരെ സംസ്ഥാനത്ത് ഹൈന്ദവ, ക്രിസ്ത്യന്‍ സംഘടനകള്‍ ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കയാണ്.

ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലെ തീവ്രവാദികള്‍ പ്രണയിക്കുകയും വിവാഹം കഴിച്ച് മതം മാറ്റുകയുമാണെന്നാണ് ഇവരുടെ ആരോപണം. ഈ ആരോപണം തീര്‍ത്തും ശരിയാണെന്ന് പറയാനാകില്ല. ഹിന്ദു, ക്രിസ്ത്യന്‍ ആണ്‍കുട്ടികള്‍ മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയിച്ച് കല്യാണം കഴിക്കുന്നത് കേരളത്തില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

അന്യ മതസ്ഥരെ പ്രേമിക്കുന്നതും കല്യാണം കഴിക്കുന്നതും കേരളത്തില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിനുള്ള സ്വാതന്ത്ര്യവും ഇന്ത്യയിലുണ്ട്. എന്നാല്‍, അടുത്തിടെയാണ് ലൌ ജിഹാദ് പ്രണയം തീവ്രവാദമാണെന്ന രീതിയിലുള്ള വാദമുഖങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്. ഇങ്ങനെ കല്യാണം കഴിച്ചവര്‍ ആരെങ്കിലും തോക്കെടുക്കാനോ ബോംബെറിയാനോ പോയതായി അറിവില്ല. അത്തരത്തില്‍ വല്ല ഒറ്റപ്പെട്ട സംഭവം നടന്നിട്ടുണ്ടെങ്കില്‍ തന്നെ, ഏതെങ്കിലും സമുദായത്തെ കാടടച്ച് അധിക്ഷേപിക്കുന്ന നിലപാടിനോട് യോജിക്കാനാകില്ല.

എത്രയോ മുസ്‌ലിം പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും സ്നേഹിക്കുന്നുണ്ട്. ക്രിസ്ത്യന്‍, ഹിന്ദു ആണ്‍ കുട്ടികള്‍ തിരിച്ചും സ്നേഹിക്കുന്നു. ആധുനിക ലോകത്തെ ഇത്തരം ബന്ധങ്ങളെല്ലാം തീവ്രവാദമെന്ന് പറയാന്‍ സാധിക്കുമോ?. പ്രണയവും ഒളിച്ചോട്ടവും വിവാഹങ്ങളുമൊക്കെ സര്‍വസാധാരണമാണ്. ഇത്തരം ബന്ധങ്ങള്‍ക്ക് കോളജ് കാമ്പസുകളുമായി ബന്ധമുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല.

പത്തുവര്‍ഷം മുമ്പുള്ള കാമ്പസുകളല്ല ഇന്ന് കേരളത്തിലുള്ളത്. സ്വാശ്രയ കോളജുകള്‍ പെരുകിയതോടെ ഇതിനെല്ലാം മാറ്റം വന്നു. വിവര സാങ്കേതിക ലോകത്ത് വിദ്യാര്‍ഥികള്‍ക്ക് ഒരുപോലെ ചിന്തിക്കാനും ചര്‍ച്ചകള്‍ക്കും അവസരങ്ങള്‍ ഏറെയാണ്. വിവിധ മതസ്ഥര്‍ ഒന്നിച്ചു പഠിക്കുന്ന കാമ്പസുകളില്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ എങ്ങനെ മറികടക്കാമെന്നാണ് വിദ്യാര്‍ഥികള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ അന്യമതസ്ഥരായ വിദ്യാര്‍ഥികള്‍ തമ്മില്‍ ഒന്നിച്ച് ജീവിക്കാനും തയ്യാറെടുത്തു എന്നു വരും, ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

ഇതിനെല്ലാം പുറമെ പെണ്‍കുട്ടികള്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്ന കാലമാണിത്, പ്രത്യേകിച്ചും മുസ്‌ലിം പെണ്‍കുട്ടികള്‍. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയില്‍ പോലും വിദ്യാര്‍ഥിനികള്‍ക്കിടയിലെ ഇത്തരം മുന്നേറ്റം പ്രകടമായി തുടങ്ങിയിരിക്കുന്നു.

പിന്നെ, ഹിന്ദു പെണ്‍കുട്ടികളെ കുറിച്ച് പറയുകയാണെങ്കില്‍ ചൊവ്വാദോഷവും ജാതകവും പറഞ്ഞ് ബുദ്ധിമുട്ടുന്നവര്‍ ഏറെയാണ്. പലരും ഇത്തരം ആചാരങ്ങളെ എതിര്‍ത്ത് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇത്തരത്തില്‍ ചിന്തിക്കുന്ന ചിലര്‍, അന്യമതസ്ഥരുടെ കൂടെ ജീവിക്കാന്‍ തയ്യാറാകുന്നു. വര്‍ഷങ്ങളായി എത്ര പേര്‍ അന്യമത‌സ്ഥരുമായി ചേര്‍ന്ന് കല്യാണം കഴിച്ചുവെന്ന കണക്ക് നിരത്തുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിന് പുറത്തെ ഏത് സംസ്ഥാനത്ത് പോയാലും ഇത്തരത്തില്‍ നൂറായിരം ബന്ധങ്ങളുടെ കണക്കുകള്‍ ലഭ്യമാകും.

ഇപ്പോള്‍ ചില മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ മുതലെടുപ്പുകാര്‍ക്കും ആഘോഷിക്കാല്‍ ലഭിച്ചിരിക്കുന്ന വിഷയമാണ് ലൌ ജിഹാദ്. ഈ വിഷയത്തിന്‍റെ നിലനില്‍പ്പും ഏതാനും ആഴ്ചകള്‍ മാത്രം. ഇത്തരമൊരു വിഷയം വന്നതിന് ശേഷം കാമ്പസുകളിലെ സ്ഥിതി ആകെ മാറിയിട്ടുണ്ടെന്നണ് പറയപ്പെടുന്നത്. അന്യമതസ്ഥരായ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും സംസാരിക്കുന്നത് ലൌ ജിഹാദിന്‍റെ സംശയക്കണ്ണുകളുമായാണ് നോക്കിക്കാ‍ണുന്നത്.

അതേസമയം, കേരളത്തിലെ ചില സംഘടനകള്‍ ലൌ ജിഹാദ് വിഷയം ഏറ്റെടുത്തെങ്കിലും വിദ്യാര്‍ഥി രാഷ്ട്രീയപാര്‍ട്ടികളൊന്നും വേണ്ടത്ര ഇടപെടല്‍ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എസ്എഫ്ഐയും കെഎഎസ്‌യുവുമൊക്കെ മൌനത്തിലാണ്.

സമൂഹത്തില്‍ ഇഷ്ടമുള്ളവരെ പ്രേമിക്കാനും അവരെ കല്യാണം കഴിച്ച് ജീവിക്കാനും ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യനുമേലാണ് ലൌ ജിഹാദിന്‍റെ പേരില്‍ വിവിധ മതങ്ങളെയും വ്യക്തികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അന്യമതസ്ഥരെ പ്രണയത്തിലൂടെ വഴിതെറ്റിച്ച് വിവാഹം കഴിച്ച് മതത്തിലേക്ക് ആളെ കൂട്ടേണ്ട ഗതികേട് ലോകത്ത് ഒരു മതത്തിനുമില്ലെന്നത് വസ്തുതയാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ഏറ്റുപിടിക്കുന്നവര്‍ക്ക് സാമാന്യബുദ്ധിയില്ലെന്ന് തന്നെ പറയാം.

കാമ്പസ് പ്രണയങ്ങളെയും അതിന്‍റെ ഫലമായുണ്ടാകുന്ന വിവാഹങ്ങളെയും 'ലൌ ജിഹാദ്’ എന്ന പേരില്‍ വിശേഷിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ചില കേന്ദ്രങ്ങള്‍ നടത്തുന്ന കുത്സിത ശ്രമങ്ങള്‍ക്ക് പ്രചാരം നല്‍കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് കുറച്ചു ദിവസമായി ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ഇത് കേരളീയ സമൂഹത്തില്‍ ഭിന്നിപ്പും തെറ്റിദ്ധാരണയും സൃഷ്ടിക്കുമെന്നല്ലാതെ ഒന്നും നേടാനോ സമൂഹം നന്നാവാനോ പോകുന്നില്ല.

ഏതെങ്കിലും മത സംഘടനകളെ അനുകൂലിക്കുന്നവരല്ല പ്രണയ വിവാഹം നടത്തിയത്. ഇതൊന്നും ആരും അന്വേഷിക്കുന്നില്ല. അന്വേഷിച്ചാല്‍ ഇത്തരം വിവാദങ്ങളും വാര്‍ത്തകളുമുണ്ടാകില്ല. പ്രണയത്തിന് ജാതിയും മതവുമില്ല. ഈ മാനദണ്ഡം വച്ചല്ല കാമ്പസുകളിലും മറ്റും പ്രണയം രൂപംകൊള്ളുന്നത്. പ്രണയിച്ചവര്‍ വിവാഹിതരാവുകയും അതിനുവേണ്ടി രണ്ടിലൊരാള്‍ മറ്റൊരാളുടെ മതത്തിലേക്ക് മാറുകയും ചെയ്യുന്നത് തീവ്രവാദമല്ല.

കേരളത്തിലെ മിക്ക പാര്‍ട്ടികളിലെയും മുന്‍‌നിര നേതാക്കളില്‍ പലരും പ്രണയ വിവാഹം കഴിച്ചവരാണ്. വയലാര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഉദാഹരണം മാത്രം. അതിനെയൊന്നും ഒരിക്കലും കേരളീയ സമൂഹം ജാതിയുടെയോ മതത്തിന്‍റെയോ ഭൂതക്കണ്ണാടിവച്ച് നോക്കിയിട്ടില്ല, ഇനി നോക്കേണ്ടതുമില്ല.

പ്രേമ വിവാഹങ്ങളുടെ പേരില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള മതവിദ്വേഷ പ്രകടനങ്ങള്‍ വടക്കന്‍ കേരളത്തിലും കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന മംഗലാപുരത്തുമൊക്കെ നേരത്തേതന്നെ ആരംഭിച്ചിരുന്നു. ഇതിനു പിന്നില്‍ കര്‍ണാടകയിലെ സജീവ തീവ്രവാദ സംഘടനയായ ശ്രീരാമസേനയാണ്. പ്രണയവിവാഹങ്ങള്‍ക്ക് മതത്തിന്‍റെ നിറം ചാര്‍ത്തുന്നത് അപകടകരമാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിവീര്‍പ്പിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയും അതുവഴി സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളും സംഘടനകളും മാറി നില്‍ക്കുകയാണ് ചെയ്യേണ്ടത്.

വെബ്ദുനിയ വായിക്കുക