വിദ്യാ പ്രഭയില്‍ വിജയ ദശമി

WD
ഭക്തിയുടെ ദീപ പ്രഭയില്‍ ഇന്ന് രാജ്യമൊട്ടാകെ വിജയ ദശമി ആഘോഷിക്കുന്നു. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് ,അവിദ്യയില്‍ നിന്ന് വിദ്യയിലേക്ക് നയിക്കുന്ന പുണ്യമുഹൂര്‍ത്തമാണ് വിജയദശമി.

കേരളത്തില്‍ വിജയദശമിക്കാണ് വിദ്യാരംഭം. ദുഷ്ടശക്തികള്‍ക്കുമേല്‍ സ്ത്രീശക്തിയുടെ വിജയം ഉദ്ഘോഷിക്കുന്ന ഉത്സവം കൂടിയാണ് വിജയ ദശമി. നാരിയെ പൂജിക്കുന്ന ഭാരതീയ സംസ്കാരത്തിന്‍റെ നിദര്‍ശനമാണിത്. സരസ്വതീദേവി അനുഗ്രഹം ചൊരിയുന്ന പുണ്യ മുഹൂര്‍ത്തമാണ് ആശ്വിനമാസത്തിലെ വെളുത്തപക്ഷത്തിലെ ദശമിദിനം.

വിദ്യയുടെ ആരംഭത്തിനും വേദാരംഭത്തിനുമെല്ലാം മുഹൂര്‍ത്തം നോക്കണമെ ന്നാണു ജ്യോതിഷവിധി. എന്നാല്‍, നവരാത്രിക്കു ശേഷമുള്ള വിജയദശമി ദിവസം, അന്ന് ഏത് ആഴ്ചയായാലും ഏതു നക്ഷത്രമായാലും വിദ്യാരംഭം ആകാം.

കര്‍ണാടകത്തില്‍ കൊല്ലൂരിലെ മൂകാംബികക്ഷേത്രത്തില്‍ നവരാത്രിയും വിദ്യാരംഭവുമെല്ലാം ഏറെ വിശിഷ്ടം. തിരൂര്‍ തുഞ്ചന്‍ പറമ്പ്, ദക്ഷിണമൂകാംബിക എന്നാണറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പിലുള്ള തിരുവുള്ളക്കാവ് ക്ഷേത്രം കേരളത്തിലെ ദേവീക്ഷേത്രങ്ങള്‍ സരസ്വതീക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ വിജയദശമിക്ക് വിദ്യാരംഭം നടന്നു.

വിജയദശമിദിവസം കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി 'ഹരിഃശ്രീ ഗണപതയേ നമഃ എന്നു കൈവിരല്‍ കൊണ്ട് എഴുതി ക്കുന്നതാണ് എഴുത്തിനിരുത്തലിലെ പ്രധാന ചടങ്ങ്.

രണ്ടു വയസു തികഞ്ഞ് മൂന്നു വയസു തികയുന്നതിനു മുമ്പുള്ള കാലത്താണ് എഴുത്തിനിരുത്തേണ്ടത്. ഈ കാലയളവില്‍ വരുന്ന നവരാത്രി കഴിഞ്ഞുള്ള വിജയദശമിയിലെ വിദ്യാരംഭനാളില്‍ തന്നെ എഴുത്തിനുത്തുന്നതു കൂടുതല്‍ നല്ലത്. വിജയദശമിദിവസത്തെ വിദ്യാരംഭത്തിന് എഴുത്തിനിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജ്യോതിഷപരമായി ഇതിനു നല്ല ദിവസം കണ്ടെത്തണമെന്നു മാത്രം.

WD
നവരാത്രിക്കു ശേഷം വരുന്ന വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെയും മറ്റു ദിവസങ്ങളില്‍ മുഹൂര്‍ത്തം നോക്കിയും എഴുത്തിനിരുത്തുന്നു. കുട്ടികളുടെ മൂന്നാംവയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ഇതു നടത്തുക.

എഴുത്തിനിരുത്താന്‍ ആചാര്യന്‍ വേണം. അദ്ദേഹം കുട്ടിയെ മടിയിലാക്കി കത്തിച്ച നിലവിളക്കിനു മുമ്പില്‍ ചമ്രം പടിഞ്ഞിരിക്കുന്നു. സ്വര്‍ണമോതിരം കൊണ്ട് കുട്ടിയുടെ നാവില്‍ ""ഹരിശ്രീ ഗണപതയേ നമഃ'' എന്ന് ആദ്യമെഴുതും. പിന്നീട് അക്ഷരങ്ങളും.

മുമ്പില്‍ വെച്ചിട്ടുള്ള ഉരുളിയിലെ അരിയില്‍ കുട്ടിയുടെ മോതിരവിരല്‍ (ചില ദിക്കില്‍ ചൂണ്ടാണിവിരല്‍) കൊണ്ട് അക്ഷരങ്ങളെല്ലാം എഴുതിക്കും. ആ അരി പാകം ചെയ്ത് കുട്ടിക്ക് ചോറായോ പായസമായോ നല്കുന്നു. ഗുരുനാഥന് ദക്ഷിണ കൊടുക്കണം. സദ്യയുമുണ്ടാകും. ഇതാണ് എഴുത്തിനിരുത്തലിന്‍റെ പൊതുവായ ചടങ്ങുകള്‍.

മുസ്ളിങ്ങള്‍ എഴുത്തിനിരുത്തുന്നത് ബക്രീദിന് മുമ്പായി ഓത്തുപുരയില്‍വെച്ചാണ്. തദവസരത്തില്‍ കുട്ടിയുടെ രക്ഷകര്‍ത്താക്കളും പൗരപ്രധാനികളും പൂര്‍വ വിദ്യാര്‍ത്ഥികളും മോടിയില്‍ വസ്ത്രധാരണം ചെയ്ത് അവിടെ എത്തണം. കുട്ടിയുടെ വലത്തെ ഉള്ളം കൈയില്‍ കടുക്കമഷികൊണ്ട് മൊല്ലാക്ക ഖുറാന്‍ വാക്യങ്ങള്‍ എഴുതുന്നു. അതു നക്കി വയറ്റിലാക്കുന്നത് പുണ്യമായി കരുതുന്നു. മൊല്ലാക്കയ്ക്കു ദക്ഷിണ, ഘോഷയാത്ര സദ്യ വെടിക്കെട്ട് എന്നിവ പതിവുണ്ട്.

ക്രിസ്ത്യാനികള്‍ "ഹരിശ്രീ' എന്നതിനു പകരം "ദൈവം തുണയ്ക്കുക' എന്നാണെഴുതിക്കുന്നത്.

ഇപ്പോള്‍ ഹരിശ്രീ എഴുതിക്കാന്‍ പൊതു സ്ഥലങ്ങളില്‍ വിജയദശമി നാളില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും എത്താറുണ്ട്. ക്രമേണ ഇതൊരു മതപരമായ അചാരം എന്നതിലുപരി സാമൂഹികമായ വിദ്യാരംഭച്ചടങ്ങായി മാറിയേക്കും.