രാവ് പകലാവുന്ന ഹോഗ്യുറാസ്

സ്പെയിന്‍ എന്ന് കേള്‍ക്കുമ്പോള്‍, തല കുനിച്ച്, ചുരമാന്തി അക്രമാസക്തനായി പോരിനു തയ്യാറെടുക്കുന്ന കൂറ്റന്‍ കാളയെയാവും നാം ഓര്‍ക്കുക. സ്പെയിനിന്‍റെ ആഘോഷമായി കാളപ്പോരിനെ കാണാമെങ്കിലും ജൂണ്‍ മാസത്തില്‍ നടക്കുന്ന ഹോഗ്യൂറാസ് ഉത്സവത്തിന്‍റെ ചായക്കൂട്ടുകള്‍ക്കും കടുപ്പമേറെയാണ്.

സ്പെയിനിലെ അലികാന്‍റെ എന്ന മൂന്നാമത്തെ വലിയ നഗരത്തില്‍ ഹോഗ്യൂറാസ് ഉത്സവം വളരെ വിപുലമായാണ് ആഘോഷിക്കുന്നത്. അലികാന്‍റയില്‍ മറ്റേതൊരു ഉത്സവത്തിനെക്കാളും ഇതിന് പ്രാധാന്യമുണ്ട്.

ഉത്സവ രാവുകളില്‍ നടക്കുന്ന തെരുവു ഘോഷയാത്രകള്‍ കാണാന്‍ തടിച്ചു കൂടുന്നവരാണ് ഏറെയും. വിദേശികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതും ഇതു തന്നെ. സുന്ദരികളായ സ്പാനിഷ് യുവതികള്‍ വിവിധ വേഷവിധാനത്തോടെ ഘോഷയാത്രയെ ചൂടുള്ള ഒരു അനുഭവമാക്കി മാറ്റുന്നു.

PRO
സ്പെയിനിലെ രസകരമായ ഈ ഉത്സവം നമ്മുടെ നാട്ടിലെ ദസറ ആഘോഷത്തിനെ അനുസ്മരിപ്പിച്ചേക്കും. ഹോഗ്യൂറാസ് ഡി സന്‍ ജുവാന്‍ എന്ന സ്പാനിഷ് ഉത്സവത്തിന്‍റെ അവസാനം കൂറ്റന്‍ പ്രതിമകളും മറ്റും കത്തിക്കുന്നത് കാണുമ്പോഴാണ് നമ്മുടെ മനസ്സില്‍ ഈ സാമ്യം വന്ന് എത്തി നോക്കുന്നത്.

PRO
ജൂണ്‍ 19-24 വരെയാണ് ആഘോഷം നീളുക. തെരുവുകളില്‍ തടിയും പള്‍പ്പും ഉപയോഗിച്ചുള്ള കൂറ്റന്‍ പ്രതിമകളും ആര്‍ച്ചുകളും (ഹോഗ്യൂറാസ്) ഉയരുന്നതോടെ ആഘോഷം തുടങ്ങുന്നു. ഈ ഹോഗ്യൂറാസിനടുത്തായി അഞ്ച് ദിവസത്തേക്ക് ഉയരുന്ന പ്രത്യേക ഭോജനശാലയും അതിനോട് അനുബന്ധിച്ച് ബാന്‍ഡ് മേളത്തിനുള്ള സ്റ്റേജും സജ്ജമാക്കിയിരിക്കും. അതാത് പ്രദേശത്തെ ആളുകള്‍ക്ക് ഇവിടെ നിന്ന് മദ്യവും ഭക്ഷണം ലഭിക്കും.

PROPRO
പിന്നീട്, ഇവിടുത്തെ രാവുകള്‍ ആഘോഷത്തിന്‍റേത് മാത്രമായി മാറുകയാണ്. ലഹരി നുരയുന്ന രാവുകളിലെ ഘോഷയാത്രകളും കരിമരുന്ന് പ്രയോഗങ്ങളും ആഘോഷത്തിന്‍റെ മാറ്റ് കൂട്ടുന്നു. അവസാന ദിവസം രാത്രിയില്‍ അലികാന്‍റെ നഗരത്തിനു മുകളില്‍ കരിമരുന്നു പ്രയോഗങ്ങള്‍ വിസ്മയം വിരിയിക്കുന്നതോടെ കെട്ടിയൊരുക്കിയ ഹോഗ്യൂറാസുകള്‍ ഒന്നൊന്നായി കത്തിച്ചു തുടങ്ങും. ഇതോടെ, ആഘോഷങ്ങള്‍ക്ക് തിരശീല വീഴുകയായി.

പഴയ ഫര്‍ണിച്ചര്‍ പോലെയുള്ള ഉപയോഗ്യ ശൂന്യമായ സാധനങ്ങള്‍ കത്തിച്ചുകളയുന്ന ദിവസമായിട്ടാണ് ഹോഗ്യൂറാസ് ഡി സന്‍ ജുവാന്‍ യൂറോപ്പില്‍ ആഘോഷിച്ചു തുടങ്ങിയതെങ്കിലും ഇന്ന് പഴയ ആഘോഷ രീതികള്‍ക്ക് വളരെയേറെ മാറ്റം വന്നിരിക്കുന്നു.