8 ന്‍റെ വിസ്മയങ്ങള്‍

മനുഷ്യ ജീവിതത്തില്‍ എട്ടിന് നിര്‍ണ്ണായക സ്വാധീനമുണ്ടെന്നാണ് ഭാരതീയ വിശ്വാസം.

സംഖ്യാ ശാസ്ത്രപ്രകാരം എട്ടിന്‍റെ അധിപന്‍ ശനിയാണ്. ജന്മസംഖ്യ എട്ട് ആയവര്‍ (8, 17, 26 തീയതികളില്‍ ജനിച്ചവര്‍) ആലോചിച്ച് തീരുമാനം എടുക്കുന്നവരും ആദ്ധ്യാത്മ ചിന്തയുള്ളവരും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തവരും എന്ത് ജോലി ചെയ്യാന്‍ തയ്യാറുള്ളവരും ആയിരിക്കും
.
ശ്രീകൃഷ്ണന്‍ ജനിച്ചത് അഷ്ടമിക്കാണ് (ശ്രീരാമന്‍ നവമിക്കും).ദിക്കുകള്‍ തന്നെ എട്ടുണ്ട്. ആ ദിക്കുകള്‍ക്ക് അധിപന്മാരുമുണ്ട് - അഷ്ട്‌ദിഗ്‌പാലകര്‍. ഇന്ദ്രന്‍, അഗ്നി, കാലന്‍, നിര്യതി, വരുണന്‍, വായു, കുബേരന്‍, ഈശന്‍ എന്നിവരാണവര്‍.

അഷ്ടദിക്കുകള്‍ ഉള്ളതുപോലെ അഷ്ടദിഗ്ഗജങ്ങളുമുണ്ട് - ഐരാവതം, പുണ്ഡരീകന്‍, വാമനന്‍, കുമുദന്‍, അഞ്ചനന്‍, പുഷ്പദന്തന്‍, സാര്‍വ്വഭൌമന്‍, സുപ്രതീകന്‍. ഇവയ്ക്ക് യഥാക്രമം അഭ്രമു, കപില, പിംഗള, അനുപമ, താമ്രകര്‍ണ്ണി, ശുഭദന്തി, അംഗന, അഞ്ചനാവതി എന്നിങ്ങനെ പിടിയാനകളുമുണ്ട്.

ആയുര്‍വ്വേദത്തില്‍ സുഗന്ധമുണ്ടാക്കാനുള്ള ഗന്ധങ്ങള്‍ എട്ടുണ്ട് - അഷ്ടഗന്ധങ്ങള്‍. ചന്ദനം, അകില്‍, ഗുലുഗുലു, മാഞ്ചി, കുങ്കുമം, കൊട്ടം, രാമച്ചം, ഇരുവേലി.


അതുപോലെ പൊടികളും എട്ടുണ്ട് - അഷ്ടചൂര്‍ണ്ണം. ചുക്ക്, മുളക്, തിപ്പലി, അയമോദകം, ജീരകം, കരിഞ്ചീരകം, ഇന്ദുപ്പ്, കായം.

ഭാരതീയ സംസ്കാരം അനുസരിച്ച് വിവാഹങ്ങള്‍ എട്ട് വിധമാണ് - ബ്രാഹ്മം, ദൈവ, ആര്‍ഷം, പ്രാജപത്യം, ആസുരം, ഗാന്ധര്‍വ്വം, രാക്ഷസം, പൈശാചം എന്നിവയാണവ.

എട്ട് ശ്ലോകമുള്ള കവിതയാണ് അഷ്ടകം. കരണങ്ങളും എട്ട് വിധമാണ് - മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം, സങ്കല്‍പ്പം, നിശ്ചയം, അഭിമാനം, അവധാരണം.

രാജാവിന് അര്‍ഷ്ടകര്‍മ്മാവ് എന്ന് പേരുണ്ട്. എട്ട് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടവന്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പ്രയോഗം.

കഥകളിയിലും കേരള നടനത്തിലും മറ്റും പ്രയോഗിക്കുന്ന ഒരു നൃത്ത ഭാഗമാണ് - അഷ്ടകലാശം. ചമ്പ താളത്തിലാണ് ഈ കലാശം ആടുക.

അഷ്ടകഷ്ടങ്ങള്‍ - കാമം, ക്രോധം, ലോഭം, മോഹം, മതം, മാത്സര്യം, ഡംഭം, അസൂയ. ഭാരതത്തിലെ അഷ്ട ഗിരികള്‍ ഹിമവാന്‍, നിഷധം, മാല്യവാന്‍, ഗന്ധമാദനം, ഹേമകൂടം, പാര്യാത്രകം, ശ്വേതവാന്‍, വിന്ധ്യന്‍ എന്നിവയാണ്.

അഷ്ടഗുണങ്ങള്‍ ഭൂതദയ, ക്ഷമ, അനസൂയ, ശൌചം, അനായാസം, മംഗളം, അകാര്‍പ്പണ്യം, അസ്പൃഹ (ഇവ ബ്രാഹ്മണന് ഉണ്ടായിരിക്കണം എന്നാണ് വിധി).

ദേവിക്ക് എട്ട് രൂപങ്ങളുണ്ട്. എട്ട് രൂപങ്ങളോട് കൂടിയ ദേവിയെ അഷ്ടതാരുണി എന്നാണ് വിളിക്കുക. താര, ഉഗ്ര, മഹോഗ്ര, വജ്ര, കാളി, സരസ്വതി, കാമേശ്വരി, ചാമുണ്ഡ.


യാഗത്തിന് അഷ്ടദ്രവ്യങ്ങള്‍ ആവശ്യമാണ് - അരയാല്‍, അത്തി, പ്ലാശ്, പേരാല്‍ ഇവയുടെ കമ്പുകള്‍, വെണ്‍‌കടുക, എള്ള്, പായസം, നെയ്യ് എന്നിവയാണവ.

അഷ്ട നാഗങ്ങളാകട്ടെ വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖപാലന്‍, ഗുളികന്‍, പത്മന്‍, മഹാപത്മന്‍, അനന്ദന്‍ എന്നിവയാണ്.

ഭരത മുനിയുടെ നാട്യ ശാസ്ത്രത്തില്‍ അഷ്ടനായികമാരെ പറ്റി പറയുന്നുണ്ട് - സ്വാധീനഭര്‍ത്രുക, ഖണ്ഡിത, അഭിസാരിക, വിപ്രലബ്ധ, കലഹാന്തരിത, പ്രോഷിതഭര്‍ത്രുക, വാസകസജ്ജ, വിരഹോത്കണ്ഠിത.

അഷ്ടപുഷ്പങ്ങള്‍ പുന്ന, വെള്ള എരുക്ക്, ചമ്പകം, നന്ത്യാരവട്ടം, നീലോല്‍പ്പലം, പാതിരി, അലരി, ചെന്താമര.

അഷ്ടബന്ധം ബിംബം പീഠത്തില്‍ ഉറപ്പിക്കാനുള്ള മരുന്നുകൂട്ടാണ് - ശംഖ് പൊടി, കടുക്കാപ്പൊടി, ചെഞ്ചല്യപ്പൊടി, കോഴിപ്പരല്‍, ആറ്റുമണല്‍, നെല്ലിക്കാ പൊടി, കോലരക്ക്, നൂല്‍പ്പഞ്ഞി ഇവ എട്ടും 41 ദിവസം ഇടിച്ച് പാകപ്പെടുത്തിയാല്‍ അഷ്ടബന്ധമായി.


അഷ്ടമംഗല്യം കുരവ, കണ്ണാടി, വിളക്ക്, പൂര്‍ണ്ണകുംഭം, വസ്ത്രം, നിറനാഴി, മംഗളസ്ത്രീ, സ്വര്‍ണ്ണം എന്നിവ മംഗള സൂചകമായ എട്ടെണ്ണമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബ്രാഹ്മണന്‍, പശു, അഗ്നി, സ്വര്‍ണ്ണം, നെയ്യ്, ആദിത്യന്‍, ജലം, രാജാവ്.

കേരളത്തില്‍ അഷ്ടവൈദ്യന്മാരും വളരെ പ്രസിദ്ധരാണ്. കുട്ടഞ്ചേരി മൂസ്സ്, പ്ലാന്തോള്‍ മൂസ്സ്, വയസ്കര മൂസ്സ്, ഇളയടത്ത് തൈക്കാട്ട് മൂസ്സ്, തൃശൂര്‍ തൈക്കാട്ട് മൂസ്സ്, വെള്ളൊട്ട് മൂസ്സ്, ആലത്തൂര്‍ നമ്പി, കാര്‍ത്തോട്ട് ഈ ഇല്ലക്കാര്‍ക്ക് പരശുരാമന്‍ വൈദ്യശാസ്ത്രം ഉപദേശിച്ചു.

നമസ്കരിക്കുമ്പോള്‍ സാഷ്ടാംഗ നമസ്കാരം ചെയ്യാറുണ്ട്. എട്ട് അംഗങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള നമസ്കാരമാണിത് - രണ്ട് കൈകള്‍, രണ്ട് കാല്‍മുട്ടുകള്‍, തോളുകള്‍, നെഞ്ച്, നെറ്റി.

ആയുര്‍വ്വേദത്തിലെ പ്രമാണ ഗ്രന്ഥമാണ് അഷ്ടാംഗഹൃദയം. എട്ട് കാര്യങ്ങളില്‍ ചികിത്സ നടത്തുന്നതിനാലാണ് ഈ പേരു വന്നത്. കായം, ബാലം, ഗ്രഹം, ഊര്‍ധ്വാംഗം, ശല്യം, ദംഷ്ട്രം, ജര, വൃഷം എന്നിവ.





വെബ്ദുനിയ വായിക്കുക