സേതുസമുദ്രം പദ്ധതി കയ്യാങ്കളിയാവുമ്പോള്‍

FILEFILE
തമിഴ്‌നാടിനെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന സേതുസമുദ്രം പദ്ധതിയെ പറ്റിയുള്ള വിവാദങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രാവണനെ ആക്രമിക്കാനായി ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രീരാമനും സൈന്യവും സമുദ്രത്തിലൂടെ ഉണ്ടാക്കിയ പാതയാണെത്രേ “രാമര്‍ പാലം”. ഇത് ഐതിഹ്യം. ഈ ഐതിഹ്യത്തിലാണ് സേതുസമുദ്രം പദ്ധതി കത്തിവയ്ക്കുന്നത്.

തമിഴ്‌നാടിന്‍റെ വികസനത്തിന് സേതുസമുദ്രം പദ്ധതി വളരെയേറെ ഗുണം ചെയ്യുമെന്നും സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന രീതിയില്‍ ഐതിഹ്യകഥയ്ക്ക് വളര്‍ച്ചയില്ലെന്നും കരുണാനിധിയും ഡി.എം.കെയും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ രാമര്‍ പാലത്തിന് ഒരു പോറല്‍ പോലും ഉണ്ടാവാന്‍ സമ്മതിക്കുകയില്ലെന്ന് തീവ്രഹിന്ദുവാദികള്‍. തെരുവിലിറങ്ങി പോരാടാന്‍ തന്നെയാണ് അവരുടെ നീക്കം. ഈ സംഘര്‍ഷം ഇപ്പോള്‍ കയ്യാംകളിയില്‍ എത്തിനില്‍ക്കുന്നു.

ഈയടുത്ത ദിവസങ്ങളില്‍ നടന്ന കയ്യാങ്കളികളുടെയും വാക്‌പോരിന്‍റെയും ഒരു കൊളാഷ് ഇതാ ഇവിടെ -

രാമന്‍ വലിയ നുണ: കരുണാനിധി (സെപ്തംബര്‍ 19)

രാമസേതു പ്രശ്നത്തില്‍ നടത്തിയ വിവാദ പ്രസ്താവന പിന്‍‌വലിക്കില്ല എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി. കരുണാനിധി ഒരു നിരീശ്വരവാദിയാണെങ്കില്‍ കൂടി ശ്രീരാമനെ കുറിച്ച് നടത്തിയ പ്രസ്താവന പിന്‍‌വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാമന്‍ ഹിമാലയം പോലെ അല്ലെങ്കില്‍ ഗംഗപോലെ വലിയ ഒരു നുണയാണ് എന്നാണ് കരുണാനിധി മറുപടി പറഞ്ഞിരിക്കുന്നത്.

തമിഴര്‍ക്കെതിരെ കലാപം; മരണം (സെപ്തംബര്‍ 21)

രാമന്‍ ഉണ്ടായിരുന്നു എന്നതിന് ശാസ്ത്രീയ തെളിവില്ല എന്ന കരുണാനിധിയുടെ പ്രസ്താവന കലാപങ്ങള്‍ക്ക് വഴിവയ്ക്കുന്നു. കരുണാനിധിയുടെ വിവാദ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയ്ക്ക് പുറപ്പെട്ട തമിഴ്നാട് സ്റ്റേറ്റ് ബസ് അക്രമികള്‍ കത്തിച്ചു. ബസ്സിനുള്ളില്‍ അകപ്പെട്ട് 2 പേര്‍ മരിച്ചു. ഇതിലൊരാള്‍ തിരുനെല്‍‌വേലിയില്‍ നിന്നുള്ള കൂലിത്തൊഴിലാളിയാണ്. കരുണാനിധിയുടെ മകള്‍ സെല്‍‌വിയുടെ ബാംഗ്ലൂരിലെ വസതിക്ക് നേരെ മതതീവ്രവാദികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നു.

FILEPTI
ബിജെപി, വി.എച്ച്.പി ഓഫീസുകള്‍ക്ക് നേരെ ആക്രമണം (സെപ്തംബര്‍ 23)

കരുണാനിധിയെ വധിക്കാന്‍ വി.എച്ച്.പി നേതാവ് രാം‌വിലാസ് വേദാന്തി നടത്തിയ ആഹ്വാനത്തെ തുടര്‍ന്ന് പ്രകോപിതരായ ഡി.എം.കെ പ്രവര്‍ത്തകര്‍ ചെന്നൈയിലുള്ള ബിജെപി, വി.എച്ച്.പി, ഹിന്ദുമുന്നണി ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടത്തി. ഈ ഓഫീസുകളില്‍ ഉണ്ടായിരുന്ന ബിജെപി, വി.എച്ച്.പി, ഹിന്ദുമുന്നണി പ്രവര്‍ത്തകരെ ഡി.എം.കെ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തതായും അറിയുന്നു. ആക്രമണത്തിന് നേതൃത്വം കൊടുത്തതായി പറയപ്പെടുന്ന മന്ത്രി പരിധി‌ഇളം‌വഴുതി, ചെന്നൈ മേയര്‍ എം. സുബ്രഹ്മണ്യം എന്നിവരെ പോലീസ് അറസ്റ്റുചെയ്തു, പിന്നീട് വിട്ടയച്ചു.

കൊടുത്താല്‍ കൊല്ലത്തും കിട്ടും; ഇരുകൂട്ടര്‍ക്കും (സെപ്തംബര്‍ 23)

മുംബൈയില്‍ ധാരാവിയിലുള്ള ഡി.എം.കെ ഓഫീസ് ബിജെപിക്കാര്‍ കയ്യേറി അവിടെയുണ്ടായിരുന്നവരെ അടിച്ചവശരാക്കി. ചെന്നൈയിലെ ബിജെപി ഓഫീസ് കയ്യേറി ഡി.എം.കെക്കാര്‍ നടത്തിയ അതിക്രമത്തിന് പകരമായാണ് ഇത് ചെയ്യുന്നത് എന്ന് ആക്രമിച്ചവര്‍ പറഞ്ഞു. മുഖ്യമന്ത്രി കരുണാനിധിയുടെ തലയ്ക്കും നാവിനും വിലയിട്ട വേദാന്തിയുടെ ഫത്‌വയില്‍ പ്രതിഷേധിച്ച് ഡി.എം.കെക്കാര്‍ നടത്തിയ പ്രക്ഷോഭത്തിനിടയില്‍ വി.എച്ച്.പിയുടെയും ബിജെപിയുടെയും ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഹിന്ദു സംഘടനകളുടെ കൊടികളും മണ്ഡപങ്ങളും ഡി.എം.കെക്കാര്‍ നശിപ്പിച്ചു.

ബിജെപിക്കാരെ തല്ലിയാല്‍ ചോദിക്കാന്‍ ആളുകാണില്ലെന്ന് (സെപ്തംബര്‍ 23)

ബിജെപിക്കാരെ തമിഴ്‌നാടിന്‍റെ തെരുവുകളില്‍ ഓടിച്ചിട്ട് തല്ലിയാല്‍ ചോദിക്കാന്‍ ഒരുത്തനും ഒരാളും വരില്ലെന്ന് തമിഴ്‌നാട് മന്ത്രി കെ.കെ.എസ്‌.എസ്.ആര്‍. രാമചന്ദ്രന്‍. മുഖ്യമന്ത്രി കരുണാനിധിയുടെ തലയ്ക്കും നാവിനും വിലയിട്ട വേദാന്തിയുടെ ഫത്‌വയ്ക്കെതിരെ വിരുതുനഗറില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

“തമിഴ്‌നാട്ടിലെ സമുന്നത ഒരു നേതാവായ കലൈഞ്ജരുടെ തലയും നാവും കൊണ്ടുവരുന്നവര്‍ക്ക് വടക്കുനിന്നുള്ള ഒരു മതതീവ്രവാദി ഇനാം പ്രഖ്യാപിച്ചിരിക്കുന്നു. ഇവിടെയുള്ള ബിജെപിക്കാരെ തെരുവുകളില്‍ പോയി നാം ഓടിച്ചിട്ടുപിടിച്ച് തല്ലിയാലും ചോദ്യം ചെയ്യാന്‍ ഇവിടെ ആരും ഉണ്ടാവില്ലെന്ന് വടക്കുള്ള മതതീവ്രവാദ നേതാക്കള്‍ മനസ്സിലാക്കുന്നത് നന്ന്” - കെ.കെ.എസ്‌.എസ്.ആര്‍. രാമചന്ദ്രന്‍ കത്തിക്കയറി

FILEFILE
ബിജെപിയോ ഡി.എം.കെയോ? കോലം കത്തിച്ച് ബലാബലം (സെപ്തംബര്‍ 23)

വി.എച്ച്.പിക്കാര്‍ കരുണാനിധിയുടെയും ഡി.എം.കെക്കാര്‍ രാം‌വിലാസ് വേദാന്തിയുടെയും കോലങ്ങള്‍ കത്തിച്ചുകൊണ്ട് തിരുനെല്‍‌വേലിയില്‍ ബലപരീക്ഷണം നടത്തി. തമിഴ്‌നാട്ടില്‍ വേദാന്തിയുടെ ഫത്വ വിലപ്പോവില്ലെന്ന് ആക്രോശിച്ചുകൊണ്ട് അമ്പതോളം വരുന്ന ഡി.എം.കെക്കാര്‍ വേദാന്തിയുടെ കോലം കത്തിച്ചതോടെയാണ് വി.എച്ച്.പി - ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായത്. രാമന്‍ ചരിത്രപുരുഷന്‍ അല്ലെന്ന് പറഞ്ഞ കരുണാനിധിയുടെ കോലം കത്തിച്ച് അവര്‍ പകരം വീട്ടി. തുടര്‍ന്നങ്ങോട്ട് കോലം കത്തിക്കല്‍ മത്സരമായിരുന്നു. ഒരു ഡസനിലേറെ വേദാന്തിയും കരുണാനിധിയും ഇവിടെ കത്തിപ്പോയി!

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ (പാവം വേദാന്തി) (സെപ്തംബര്‍ 23)

തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ തലയും നാവും കൊയ്‌തുകൊണ്ടുവരാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന് മുന്‍ ബിജെപി എം‌പിയും വി.എച്ച്.പി നേതാവുമായ രാം‌വിലാസ് വേദാന്തി. കരുണാനിധിയുടെ തലയും നാവും കൊണ്ടുവരുന്നവര്‍ക്ക് സ്വര്‍ണ്ണം സമ്മാനമായി നല്‍കുമെന്നും പറഞ്ഞിട്ടില്ലെന്നും വേദാന്തി വെളിപ്പെടുത്തി. “നടത്തിയ അഭിപ്രായങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് ഫത്വയാക്കി മാറ്റിയതാണെന്ന് വേദാന്തി കുറ്റപ്പെടുത്തി. ഭഗവദ്‌ഗീതയാണ് എനിക്ക് ഗുരു. ഞാന്‍ ആര്‍ക്കെതിരെയും ഫത്വാ വിധിച്ചിട്ടില്ല. ഒരുതരത്തിലുള്ള അതിക്രമത്തിലും വിശ്വസിക്കുന്ന ആളല്ല ഞാന്‍” - വേദാന്തി വിനീതഹൃദയനായി.

മതമല്ല, മരമാണ് വളര്‍ത്തേണ്ടതെന്ന് കരുണാനിധി (സെപ്തംബര്‍ 24)

മതങ്ങളെ വളര്‍ത്താന്‍ ശ്രമിച്ചാല്‍ ‘തല കൊണ്ടുവാ, നാവ് കൊണ്ടുവാ’ എന്നൊക്കെ മതങ്ങള്‍ ആവശ്യപ്പെട്ടുതുടങ്ങും. മാനവകുലത്തിന് ഉപകാരപ്രദമാവുന്ന മരങ്ങളെ വളര്‍ത്തിയാല്‍ ജനങ്ങള്‍ക്ക് ഫലങ്ങളും തണലും കിട്ടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി. ഈശാ ഗ്രാമോത്സവ പ്രസ്ഥാനം ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച ‘മരം നടും’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കരുണാനിധി. “മതം വളര്‍ത്തണോ മരം വളര്‍ത്തണോ സ്വയം ചോദിക്കുക” - കരുണാനിധി ഫിലോഫിസ്റ്റായി.


(വെബ്‌ദുനിയ മലയാളം, വെബ്‌ദുനിയ തമിഴ്, ദിനതന്തി, ദിനമലര്‍, ന്യൂസ്‌റ്റുഡേ എന്നീ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് കടപ്പാട്)