എഐ‌എ ഇടപാടില്‍ നിന്ന് പ്രൂഡന്‍ഷ്യല്‍ പിന്‍‌മാറി

ബുധന്‍, 2 ജൂണ്‍ 2010 (14:43 IST)
PRO
അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ എഐജിയുടെ ഏഷ്യന്‍ വിഭാഗമായ എ‌ഐ‌എ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് ബ്രട്ടീഷ് ധനകാര്യ ഭീമന്‍‌മാരായ പ്രൂഡന്‍ഷ്യല്‍ പിന്‍‌മാറി. എഐജിയുമായി വ്യവസ്ഥകളില്‍ ധാരണയുണ്ടാക്കാനാകാ‍ത്തതിനാലാണ് പിന്‍‌മാറിയതെന്നാണ് പ്രൂഡന്‍ഷ്യലിന്‍റെ വിശദീകരണം.

35.5 ബില്യനായിരുന്നു എഐഎ ഏറ്റെടുക്കാന്‍ ആദ്യം പ്രൂഡന്‍ഷ്യല്‍ സമ്മതിച്ചിരുന്നത്. പിന്നീട് ഈ തുക 30.4 ബില്യന്‍ ആക്കി ചുരുക്കിയിരുന്നു. തുക സംബന്ധിച്ച് പ്രൂഡന്‍ഷ്യല്‍ ഓഹരി ഉടമകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് പ്രുഡന്‍ഷ്യല്‍ വിശദീകരിച്ചു. എഐ‌എ ഇടപാട് അധികച്ചെലവാണെന്ന് പ്രൂഡന്‍ഷ്യല്‍ ഓഹരി ഉടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുക വീണ്ടും കുറയ്ക്കാന്‍ വിലപേശിയെങ്കിലും ഇക്കാര്യത്തില്‍ എഐജിയുമായി ധാരണയിലെത്താന്‍ പ്രൂഡന്‍‌ഷ്യലിനായില്ല.

ഇന്‍ഷുറന്‍സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ഇത്. ബ്രട്ടീഷ് കമ്പനിയായ പ്രൂഡന്‍ഷ്യലിന് ഏഷ്യന്‍ മേഖലയില്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാനും ഇതുമൂലം കഴിയുമായിരുന്നു. ഇടപാടിന് പണം സ്വരൂപിക്കാനായി 21 ബില്യന്‍ ഡോളറിന്‍റെ അവകാശ ഓഹരികള്‍ ലണ്ടനില്‍ ഇറക്കാന്‍ പ്രൂഡന്‍ഷ്യല്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇടപാട് ഉപേക്ഷിച്ചതോടെ അവകാശ ഓഹരികള്‍ ഇറക്കില്ലെന്ന് പ്രൂഡന്‍ഷ്യല്‍ വ്യക്തമാക്കി.

പരാജയപ്പെട്ട ഈ ഇടപാടിലൂടെ പ്രൂഡന്‍ഷ്യലിന് ഏതാണ്ട് 450 മില്യന്‍ പൌണ്ട് നഷ്ടം വന്നതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്.

വെബ്ദുനിയ വായിക്കുക