പൃഥ്വിയെ രക്ഷിക്കാന്‍ എടുത്തതല്ല ഇന്ത്യന്‍ റുപ്പി: രഞ്ജിത്

ശനി, 15 ഒക്‌ടോബര്‍ 2011 (21:04 IST)
PRO
പരാജയങ്ങളിലും അപവാദപ്രചരണങ്ങളിലും പെട്ട് കരിയര്‍ പ്രതിസന്ധിയിലായ ഒരു നടനെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയല്ല താന്‍ ‘ഇന്ത്യന്‍ റുപ്പി’ എന്ന ചിത്രം എടുത്തതെന്ന് സംവിധായകന്‍ രഞ്ജിത്. പൃഥ്വിരാജിലുള്ള വിശ്വാസമാണ് ‘ജെ പി’ എന്ന കഥാപാത്രത്തെ അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ കാരണമായതെന്നും രഞ്ജിത് പറയുന്നു.

ഇന്ത്യാവിഷനിലെ ‘മുഖാമുഖം’ എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രഞ്ജിത്.

“പൃഥ്വിരാജിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്നത് എന്‍റെ ലക്‍ഷ്യമായിരുന്നില്ല. പൃഥ്വി എന്ന ആക്ടറെ രക്ഷപ്പെടുത്താന്‍ എടുത്ത ചിത്രവുമല്ല ഇന്ത്യന്‍ റുപ്പി. ആ നടനില്‍ എനിക്ക് വിശ്വാസമുണ്ട്. ‘ജെ പി’ എന്ന കഥാപാത്രത്തെ അയാള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പിന്നെ, പൃഥ്വിരാജിന് നേരെയുള്ള സൈബര്‍ ആക്രമണമൊന്നും ഇന്ത്യന്‍ റുപ്പിയെ ബാധിച്ചിട്ടില്ല. സിനിമയില്‍ പൃഥ്വിരാജിനെ അദ്യം കാണിക്കുമ്പോള്‍ ചിലരൊക്കെ കൂവുന്നത് ഞാന്‍ ശ്രദ്ധിച്ചു. അങ്ങനെ സംഭവിച്ചേക്കാം എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് പ്രേക്ഷകര്‍ നടനെയും സംവിധായകനെയും മറക്കുകയും ജെ പി എന്ന കഥാപാത്രത്തെയും ആ കഥയെയും അനുഭവിക്കുകയുമായിരുന്നു.” - രഞ്ജിത് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ റുപ്പിക്കായി പൃഥ്വിരാജിന്‍റെ ശരീരഭാഷയെ ജെ പി എന്ന കഥാപാത്രത്തിനനുസരിച്ച് മാറ്റിയിരുന്നതായും രഞ്ജിത് പറയുന്നു.

ചിത്രത്തിന് കടപ്പാട് - റോസ്ബൌള്‍

അടുത്ത പേജില്‍ - സലിം‌കുമാര്‍ അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല

PRO
‘ആദാമിന്‍റെ മകന്‍ അബു’ എന്ന ചിത്രത്തിലെ അഭിനയത്തിന് സലിംകുമാറിന് പുരസ്കാരങ്ങള്‍ ലഭിച്ചപ്പോള്‍ സലിമിനേക്കാള്‍ പുരസ്കാരത്തിന് അര്‍ഹന്‍ മമ്മൂട്ടിയാണ് എന്ന് രഞ്ജിത് പറഞ്ഞിരുന്നു. ഇന്ത്യാവിഷന്‍റെ മുഖാമുഖത്തില്‍ രഞ്ജിത് അതിന് വിശദീകരണം നല്‍കുന്നുണ്ട്.

“സലിംകുമാര്‍ എന്ന നടന് പുരസ്കാരം ലഭിക്കുമ്പോള്‍ അദ്ദേഹത്തിനെ അതിന് അര്‍ഹനാക്കിയ സിനിമ ഞാന്‍ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ സിനിമ ഞാന്‍ കണ്ടിട്ടുള്ളതാണ്. ഞാന്‍ കണ്ടിട്ടുള്ള സിനിമകളില്‍ നിന്ന് മമ്മൂട്ടിയുടെ പ്രകടനമാണ് മികച്ചത് എന്നാണ് ഞാന്‍ പ്രതികരിച്ചത്. അത് മനസിലാക്കാതെ സലിം‌കുമാര്‍ എന്ന ആ ചെറുപ്പക്കാരന്‍ എനിക്കെതിരെ സംസാരിക്കുകയായിരുന്നു. ആദാമിന്‍റെ മകന്‍ അബു ഇപ്പോഴും ഞാന്‍ കണ്ടിട്ടില്ല. അത് കണ്ടതിന് ശേഷം എന്‍റെ അഭിപ്രായം ഞാന്‍ പറയാം” - രഞ്ജിത് പറയുന്നു.

തിലകനെ വിലക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് രഞ്ജിത്തിന്‍റെ മറുപടി ഇങ്ങനെയാണ് - “സിനിമക്കാര്‍ക്കിടയിലെ പടലപ്പിണക്കങ്ങളോ, ഈഗോയോ, വിലക്കോ ഒന്നും സിനിമ കാണുന്നവര്‍ക്ക് വിഷയമല്ല. ഈ വിലക്കുകള്‍ ഒക്കെ കല്‍പ്പിക്കുന്നവര്‍ സ്വയം അപഹാസ്യരാകുകയാണ് ചെയ്യുന്നത്. അവര്‍ ആ സമയം സ്വന്തം സൃഷ്ടികളെ മെച്ചപ്പെടുത്താല്‍ ഉപയോഗിക്കുന്നതാവും മലയാള സിനിമയ്ക്ക് നല്ലത്.”

അടുത്ത പേജില്‍ - മോഹന്‍ലാല്‍ റീച്ചബിളാകാത്തത് എന്‍റെ കുറ്റമാകാം!

PRO
മോഹന്‍ലാലും രഞ്ജിത്തുമായുള്ള പിണക്കം ഇന്ന് മലയാള സിനിമാലോകത്തെ സജീവ ചര്‍ച്ചയാണ്. ഈ അഭിമുഖത്തിലും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ രഞ്ജിത് വിശദമാക്കുന്നുണ്ട്.

“പ്രണയം എന്ന സിനിമ ഞാന്‍ കണ്ടു. മോഹന്‍ലാല്‍ നന്നായി അഭിനയിച്ചിരിക്കുന്നു എന്ന് ക്യാമറാമാന്‍ എസ് കുമാറിനോട് ഞാന്‍ പറഞ്ഞു. കുമാര്‍ ഫോണെടുത്ത് ലാലിനെ വിളിച്ച് സംസാരിക്കുന്നതിനിടയില്‍ ‘രഞ്ജിത് അടുത്തുണ്ട്, കൊടുക്കാം’ എന്ന് പറഞ്ഞ് എനിക്ക് തന്നു. പ്രണയം നന്നായിരുന്നു എന്ന് ഞാന്‍ ലാലിനെ അഭിനന്ദിക്കുകയും ചെയ്തു. പ്രണയം കാണാന്‍ മോഹന്‍ലാല്‍ എന്നോട് ആവശ്യപ്പെട്ടില്ല. പ്രണയം കണ്ടിട്ട് ഞാന്‍ മോഹന്‍ലാലിനെ അങ്ങോട്ടുവിളിച്ച് നല്ലവാക്കുകള്‍ പറയുകയും ചെയ്തില്ല. എന്നാല്‍ മമ്മൂട്ടി തന്‍റെ ഒരു പടം റിലീസായാല്‍ അത് കാണണമെന്ന് ഇങ്ങോട്ടുവിളിച്ച് ആവശ്യപ്പെടും. കണ്ട ശേഷം അങ്ങോട്ട് അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെടും. എന്‍റെ ഇന്ത്യന്‍ റുപ്പി രണ്ടാം ദിവസം കണ്ടിട്ട് അഭിപ്രായം വിളിച്ചുപറഞ്ഞു. ചിത്രത്തിന്‍റെ പ്രൊമോഷനായി തന്‍റെ ബൈറ്റ് വല്ലതും വേണമെങ്കില്‍ ക്യാമറ അയച്ചാല്‍ മതി എന്നും പറഞ്ഞു. അതാണ് മമ്മുക്ക” - രഞ്ജിത് വ്യക്തമാക്കുന്നു.

“ഒരുമിച്ച് സിനിമ ചെയ്യാത്തപ്പോഴും മമ്മുക്കയും ഞാനും തമ്മിലൊരു കമ്യൂണിക്കേഷനുണ്ട്. ലാലുമായി അതില്ലാതെ പോകുന്നത്, ലാല്‍ റീച്ചബിള്‍ ആകാതെ പോകുന്നത് ചിലപ്പോള്‍ എന്‍റെ മാത്രം കുറ്റമായിരിക്കും.” - രഞ്ജിത് പറയുന്നു.

അടുത്ത പേജില്‍ - നല്ലതല്ലാത്ത സിനിമയില്‍ മമ്മൂട്ടിയും ലാലും അഭിനയിക്കരുത്!

PRO
നല്ലതല്ല എന്ന് തോന്നുന്ന സിനിമയില്‍ അഭിനയിക്കാതിരിക്കാനുള്ള ഔചിത്യം മമ്മൂട്ടിയും മോഹന്‍ലാലും കാണിക്കണമെന്ന് രഞ്ജിത് അഭിപ്രായപ്പെടുന്നു. ത്രില്ലടിപ്പിക്കാത്ത, ആവേശം കൊള്ളിക്കാത്ത സബ്ജക്ടുകളെ തള്ളിക്കളയാന്‍ അവര്‍ക്ക് കഴിയണം.

“നടന്‍റെ ധര്‍മ്മം അഭിനയിക്കുക എന്നതാണ്. അവരുടെ അഭിനയപ്രകടനം അതിന്‍റെ പരമാവധി പുറത്തുകൊണ്ടുവരുന്ന മെറ്റീരിയല്‍‌സ് അവര്‍ക്ക് കിട്ടേണ്ടതുണ്ട്. അത് കിട്ടാത്ത, അതിനുള്ള സാധ്യതയില്ലാത്ത സിനിമകളില്‍ അഭിനയിക്കാതിരിക്കുക എന്നതാണ് ബുദ്ധിപൂര്‍വം ഒരു നടന്‍ ചെയ്യേണ്ടത്. തനിക്ക് അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങളെ സ്വപ്നം കാണാന്‍ ഒരു നടന് കഴിയണം. അങ്ങനെ സ്വപ്നം കാണാന്‍ കഴിയുന്ന നടനാണ് മമ്മൂട്ടി” - രഞ്ജിത് വ്യക്തമാക്കി.

തനിക്കെതിരെയുള്ള വിമര്‍ശനങ്ങളോട് പരമാവധി പ്രതികരിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്ന് രഞ്ജിത് വ്യക്തമാക്കുന്നു. “കിണ്ടി എന്ന പാത്രം സത്യന്‍ അന്തിക്കാടിന്‍റെ സിനിമയില്‍ കാണിച്ചാല്‍ അത് ഗ്രാമീണതയുടെ പ്രതിഫലനമാണ്. എന്‍റെ സിനിമയില്‍ കാണിച്ചാല്‍ അത് ഹൈന്ദവതയുടെ ബിംബവും. ഇഡിയോട്ടിക് ആയ വിമര്‍ശനമാണ് അതെന്ന് ഞാന്‍ പറയുന്നു. നന്ദനം ഗുരുവായൂരമ്പലത്തിന്‍റെ പ്രൊമോഷന്‍ വീഡിയോ ആണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് അങ്ങനെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. പക്ഷേ ആ വിമര്‍ശനത്തിന്‍റെ അടിയില്‍ ഞാന്‍ ഒപ്പിട്ട് അംഗീകരിക്കണമെന്ന് വാശിപിടിക്കാന്‍ പാടില്ല” - രഞ്ജിത് തന്‍റെ നയം വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക