'ഏതോ വീട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന പെണ്ണിനോളം നിസ്സഹായത ഒരാണിനുമില്ല, ഇവര്‍ മരിച്ചതല്ല ! കൊന്നതാണ്'

ശനി, 14 മെയ് 2022 (12:37 IST)
കേരള മനസാക്ഷിയെ ഞെട്ടിച്ച് ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യകളും കൊലപാതകങ്ങളും സമൂഹത്തില്‍ തുടര്‍ കഥയാകുന്നു. നടിയും മോഡലുമായ ഷഹാനയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഭര്‍ത്താവ് സാജിദ് ഷഹാനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മലയാളികള്‍ കേട്ട് പഴകിയ വാക്കാണ് ഗാര്‍ഹിക പീഡനം. ഭര്‍തൃവീട്ടില്‍ എല്ലാം പൊറുത്തും സഹിച്ചും ജീവിക്കാനുള്ളവരാണ് പെണ്ണുങ്ങള്‍ എന്ന മനോഭാവം ഇന്നും ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇത് മാറാത്തിടത്തോളം ഒട്ടേറെ പെണ്‍കുട്ടികളുടെ ജീവന്‍ അപകടത്തിലായിക്കൊണ്ടിരിക്കും. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായ നിയമങ്ങളെ കുറിച്ച് സ്ത്രീകള്‍ ബോധവതികളായിരിക്കണമെന്ന് പറയുകയാണ് എഴുത്തുകാരി ദീപ സൈറ. ഏതോ വീട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന പെണ്ണിനോളം നിസ്സഹായത ഒരാണിനും ഇല്ലെന്ന് ലേഖിക പറയുന്നു. 
 
ദീപ സൈറയുടെ കുറിപ്പ് വായിക്കാം 
 
എന്റെ പെണ്‍കുട്ടികളെ... ഇവരെ അറിയാമോ നിങ്ങള്‍ക്ക്? നിങ്ങളെപ്പോലെയുള്ള പെണ്‍കുട്ടികള്‍! ഷഹ്ന, റിഫ, മോഫിയ, വിസ്മയ, അര്‍ച്ചന, ഉത്ര, ആന്‍ലിയ...ആരും ഇന്നില്ല...മരിച്ചു.. അല്ല കൊന്നു...! എഴുതി മടുത്തെങ്കിലും എഴുതിപ്പോവുകയാണ്! 
 
നിങ്ങള്‍ ദയവായി താഴെ പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ അറിഞ്ഞിരിക്കുക...!
 
ഏതോ വീട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരു പെണ്ണിനോളം  ഒരു നിസ്സഹയത ഒരാണിനുമില്ല. അപ്പനും അമ്മയ്ക്കും ഇനിയും ബുദ്ധിമുട്ടുണ്ടാകരുത്, കുടുംബത്തിന് മാനക്കേട് ഉണ്ടാക്കരുത്, അനിയത്തിമാരുടെ കല്യാണം...അങ്ങനെ അവളെ പിന്നോട്ട് വലിക്കുന്ന ഒരു നൂറു കാര്യങ്ങള്‍ തരണം ചെയ്തു നിങ്ങള്‍ മാതാപിതാക്കളുടെയടുത്ത് ഓടിയെത്തും. അവിടെയും നിങ്ങള്‍ക്ക് രക്ഷയില്ലെങ്കില്‍, മിടുക്കികളായ പെണ്‍കുട്ടികള്‍ ഒറ്റയ്‌ക്കെങ്കിലും നിയമത്തിന്റെ വഴിയേ തിരിയും. പക്ഷെ നിയമവശങ്ങളറിയാതെ ആരെങ്കിലും പറയുന്നതില്‍ വിശ്വസം ഉറപ്പിക്കുമ്പോള്‍ അവിടെയും നമ്മള്‍ ചതിക്കപ്പെട്ടേക്കാം.
 
ഗാര്‍ഹികപീഡനത്തെ നിയമം നാലായി തിരിച്ചിരിക്കുന്നു.
1. ശാരീരികമായ പീഡനം 
 
2.  മാനസികമായ പീഡനം - വാക്കുകള്‍ കൊണ്ട് അപമാനിക്കുക, സ്ത്രീധനത്തിന്റെ പേരിലോ, പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരിലോ അപമാനിക്കുക, ജോലി സ്വീകരിക്കുന്നതിനെയോ ജോലിക്ക് പോകുന്നതിനെയോ  തടയുക തുടങ്ങി ആത്മഹത്യാ ഭീഷണി വരെ ഇതില്‍ ഉള്‍പ്പെടും.
 
3. ലൈംഗികമായ പീഡനം - സ്ത്രീയെ അപമാനിക്കാനോ, തരം താഴ്ത്താണോ,  നിന്ദിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള ലൈംഗിക സ്വഭാവമുള്ള പ്രവര്‍ത്തി.
 
4. സാമ്പത്തികമായ പീഡനം - തനിക്കും കുട്ടികള്‍ക്കും ചിലവിനു നല്‍കാതിരിക്കുക, തന്റെ ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുക്കുക, വീട്ടുസാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, കെട്ടിടവാടക കൊടുക്കാതിരിക്കുക.
 
2006 ല്‍ നിലവില്‍ വന്ന ഗാര്‍ഹികപീഡന നിയമം പെണ്‍കുട്ടികള്‍ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതാണ്.
 
ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമല്ല.  ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കിലലും ശിക്ഷ ലഭിക്കും. അതുപോലെ 1961 ല്‍ വന്ന സ്ത്രീധന നിരോധന നിയമം 
 
(കൊട്ടയില്‍ സ്വര്‍ണവും പണവും കൊടുത്തു വിടുന്ന പരിപാടി മാതാപിതാക്കള്‍ നിര്‍ത്തുന്നത് വരെ ഈ നിയമത്തെപറ്റി അറിഞ്ഞിട്ടും വലിയ കാര്യമില്ല) പരാതിപ്പെടാന്‍ എന്തു ചെയ്യണം?
 
പോലീസില്‍ നിന്ന് സഹായം ലഭിച്ചിക്കില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. എല്ലായിടത്തും അങ്ങനെയാവില്ല എന്നു കരുതാം.  'അപരാജിത' എന്ന ഓണ്‌ലൈന്‍ സര്‍വീസിലേക്ക് ഫോണ് വഴി ബന്ധപ്പെടാം. നേരെ പോലീസ് സ്റ്റേഷനിലേക്ക് വെച്ചുപിടിക്കണ്ട.  അതിനോടൊപ്പം തന്റെ ജില്ലയിലെ സംരക്ഷണഉദ്യോഗസ്ഥനുമായി ഫോണ്‍ വഴിയോ  നേരിട്ടോ ബന്ധപ്പെടുക എന്നത് ആണ് ആദ്യം ചെയ്യേണ്ടത്. 
 
കേരളത്തിലെ എല്ലാ ജില്ലകളിലും  സംരക്ഷണ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. അവരുടെ വിലാസം സര്‍ക്കാര്‍ സൈറ്റുകളില്‍ ലഭ്യമാണ്. വനിതാ കമ്മീഷന്‍ അംഗങ്ങളില്‍ ആരുടെയെങ്കിലും ഫോണ് നമ്പര്‍ സേവ് ചെയ്ത് വയ്ക്കുക. അവിടെയും പരാതിപെടുക. ഇനി അങ്ങനെയും രക്ഷയില്ലെങ്കില്‍ മീഡിയയെ അറിയിക്കാന്‍ ശ്രമിക്കുക.. ക്ഷമിക്കുക..വ്യവസ്ഥിതി ഇങ്ങനെയായി പോയി....!
 
മാതാപിതാക്കളോട് ഒരു ചോദ്യം..ഒരു തവണ അയാളോ വീട്ടുകാരോ മകളുടെ ദേഹത്ത് കൈവെച്ചത് അറിഞ്ഞതിന് ശേഷവും നിങ്ങളെന്തിനാണ് അവളെ അവന്റെ കൂടെ തന്നെ നില്‍ക്കാന്‍ വിടുന്നത്? അവളുടെ മനസ്സ് വേദനിപ്പിച്ചവര്‍ക്കൊപ്പം നില്‍ക്കാന്‍ എന്തിനാണ് അവരെ പ്രേരിപ്പിക്കുന്നത്? വിവാഹമോചനം എന്ന ഓപ്ഷന്‍ നിങ്ങള്‍ തന്നെ അവളോട് പറയേണ്ടതല്ലേ? അവള്‍ നിങ്ങള്‍ക്ക് ബാധ്യതയാകും, നാണക്കേടാകും എന്ന സ്വാര്‍ത്ഥതയല്ലേ നിങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്? അവള്‍ തനിച്ച് ജീവിക്കില്ലേ? അതിനവളെ പ്രാപ്തയാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ?
 
ആരോട് പറയാന്‍
 
അതുകൊണ്ട്, പെണ്‍കുട്ടികളെ..'കെട്ടിച്ചുവിടലും സ്ത്രീധനം കൊടുക്കലും, ജാതകം നോക്കലും' ഒരിക്കലും അവസാനിക്കാത്ത ഈ നശിച്ച ലോകത്ത് ജീവിച്ചിരിക്കണമെങ്കില്‍ ഒന്ന് സ്വയം കരുതിയിരിക്കുക!
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍