ജനിക്കുമ്പോള്‍ ഒന്നരക്കിലോയില്‍ താഴെയാണ് കുഞ്ഞിന് തൂക്കമെങ്കില്‍ മരണസാധ്യത 200 ഇരട്ടി

ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (16:18 IST)
സമയമെത്താതെയുള്ള പ്രസവവും കുട്ടികളുടെ തൂക്കക്കുറവും നമ്മുടെ ആരോഗ്യമേഖലയിലെ ഒരു പ്രധാനപ്രശ്നം തന്നെയാണ്. കേരളത്തില്‍ ഒരുവര്‍ഷം ജനിക്കുന്ന അഞ്ചുലക്ഷം കുഞ്ഞുങ്ങളില്‍ 65000 പേരും അതായത് 13 ശതമാനം കുഞ്ഞുങ്ങള്‍ തൂക്കക്കുറവ് ഉള്ളവരാണ്. തൂക്കക്കുറവ് കുഞ്ഞുങ്ങളുടെ മരണത്തിന് ഒരു പ്രധാനകാരണമാകുന്ന സാഹചര്യത്തിലാണ് ഇത് കൂട്ടി വായിക്കേണ്ടത്. സമയമെത്താതെയുള്ള പ്രസവവും തൂക്കക്കുറവും ആണ് കുഞ്ഞുങ്ങളുടെ മരണത്തിന് പ്രധാനകാരണം. അതുകൊണ്ടു തന്നെ സമയമെത്താതെയുള്ള പ്രസവവും കുട്ടികളുടെ തൂക്കക്കുറവും പരിഹരിച്ചു കൊണ്ടുവരിക എന്നുള്ളത് ഒരു വലിയ ഘടകമാണ്.
 
ആവശ്യത്തിന് തൂക്കമുള്ള കുഞ്ഞുങ്ങളെ അപേക്ഷിച്ച്, ജനനസമയത്ത് രണ്ടരക്കിലോയില്‍ താഴെ തൂക്കമുള്ള കുഞ്ഞുങ്ങള്‍ക്ക് 40 ഇരട്ടിയും ഒന്നരക്കിലോയില്‍ താഴെ തൂക്കമുള്ള കുഞ്ഞുങ്ങള്‍ക്ക് 200 ഇരട്ടിയും  ശൈശവത്തില്‍ തന്നെ മരണസാധ്യത കൂടുതലാണ്. കൂടാതെ, വളര്‍ച്ചാമുരടിപ്പ്, നാഡീവ്യൂഹത്തിലെ തകരാറുകള്‍ എന്നിവയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
 
അമ്മമാരിലെ അനീമിയ, രോഗബാധ, പ്രസവത്തിനു മുമ്പുള്ള വൈദ്യപരിശോധനയുടെ അഭാവം, വീടുകളിലെ ശുചിത്വമില്ലായ്‌മ എന്നിവയാണ് കുഞ്ഞുങ്ങളുടെ തൂക്കക്കുറവിനുള്ള പ്രധാനകാരണങ്ങള്‍. അമ്മമാരിലെ പോഷകാഹാരക്കുറവ് മൂലം ഗര്‍ഭസ്ഥശിശുവിനുണ്ടാകുന്ന വളര്‍ച്ചക്കുറവാണ് 12 ശതമാനം ശിശുമരണങ്ങള്‍ക്കും ബാല്യത്തിലുണ്ടാകുന്ന 20 ശതമാനം വളര്‍ച്ചാമുരടിപ്പിനും കാരണം. കുട്ടികളിലെ, ശാരീരിക - മാനസിക വികാസത്തിനും ഇത് തടസ്സമാകുന്നു.
 
ഗര്‍ഭകാലത്ത് പോഷകാഹാരം നല്കുന്നതിലൂടെയും വൈദ്യപരിശോധന ഉറപ്പു വരുത്തുന്നതിലൂടെയും സമയമെത്താതെയുള്ള പ്രസവവും കുട്ടികളുടെ തൂക്കക്കുറവും തടയാനാകും. തൂക്കക്കുറവോടെയോ സമയം തികയാതെ ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകശ്രദ്ധ ആവശ്യമാണ്. സംസ്ഥാനത്ത് 10 ജില്ല ആശുപത്രികളില്‍ ഇതിനുള്ള സംവിധാനം ഉണ്ട്.

വെബ്ദുനിയ വായിക്കുക