വിവാഹ ശേഷം സ്ത്രീകള്‍ പേര് മാറ്റുന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാമോ?

ബുധന്‍, 27 ഏപ്രില്‍ 2016 (15:44 IST)
ലിംഗസമത്വത്തിനായി മുറവിളി കൂട്ടുന്ന സമൂഹമാണ് നമ്മുടേത്. സങ്കേതിക-ശാസ്ത്ര രംഗത്തെ മാറ്റങ്ങള്‍ക്ക് പുറമെ ഇത്തരം വിഷയങ്ങളില്‍ ഉണ്ടാകുന്ന പൊളിച്ചെഴുതലുകള്‍ ഒരു പരിഷ്കൃത സമൂഹത്തിന്റെ പ്രത്യേകതയായി പലരും കാണുന്നു. ഇത്തരത്തില്‍ ചിന്തകള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും നമ്മുടെ സമൂഹത്തില്‍ സ്ത്രീകളോടുള്ള അവഗണന ഇന്നും നിലനില്‍ക്കുന്നുണ്ട്.
 
യൂറോപ്യന്‍ രാജ്യങ്ങളില്‍പോലും വിവാഹത്തിന് ശേഷം സ്ത്രീകള്‍ അവരുടെ കുടുംബപേര് മാറ്റുന്നു. കുട്ടികള്‍ക്കാണെങ്കില്‍ അവരുടെ അച്ഛന്റെ പേരാണ് സാധാരണഗതിയില്‍ ഔദ്യോഗികമായി ചേര്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു മാഗസീന്‍ നടത്തിയ പഠനത്തില്‍ ഇതിന്റെ കാരണം വ്യക്തമാക്കുന്നു. മാഗസീന്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിനോട് കാണിക്കുന്ന സത്യസന്ധതയുടെ തെളിവായാണ് ഇത്തരത്തില്‍ പേര് മാറ്റുന്നതെന്നാണ്.
 
അമേരിക്കയിലെ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ 31 ശതമാനം സ്ത്രീകളും വിവാഹത്തിന് ശേഷം അവരുടെ പേര് മാറ്റാന്‍ ആഗ്രഹിക്കുന്നവരാണ്. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ കൂടുതല്‍ അംഗീകാരം കിട്ടാനും സമാധാനപൂര്‍ണമായ ഒരു കുടുംബജീവിതം നയിക്കാനുമാണ് ഇത്തരത്തില്‍ ചിന്തിക്കുന്നതെന്ന് അവര്‍ പറയുന്നു. അതേസമയം 28 ശതമാനം സ്ത്രീകള്‍ പേര് മാറ്റുന്നത് പാരമ്പര്യത്തിന്റെ ഭാഗമായാണ്.
 
ഇത്തരത്തില്‍ പേര് മാറ്റാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ നല്ല ഒരു ദാമ്പത്യ ജീവിതത്തിന് അനുയോജ്യരല്ലെന്ന കാഴ്ചപ്പാടാണ് പഠനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പുരുഷന്മാരുടെയും അഭിപ്രായം. ഇത്തരം സ്ത്രീകള്‍ നല്ല ഒരു അമ്മയായിരിക്കില്ലെന്ന അഭിപ്രായവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു.
 
ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും സാമ്പത്തികമായി സഹായം ലഭിക്കാനും സ്ത്രീകള്‍ ഇത്തരത്തില്‍ പേര് മറ്റാറുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന സ്ത്രീകള്‍ പൊതുവെ കുടുംബപേര് മാറ്റുന്നതിനോട് അത്ര താല്‍പ്പര്യ കാണിക്കാറില്ല. കുടുംബപേര് മാറ്റുന്നതിനെ സ്ത്രീകളോടുള്ള വിവേചനത്തിന്റെ സൂചനയാണെന്ന കാഴ്ച്ചപ്പാടുള്ള സ്ത്രീകളും കുറവല്ല. ഇത്തരത്തില്‍ ചിന്തിക്കുന്ന സ്ത്രീകള്‍ മികച്ച രീതിയില്‍ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവരാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക