വിറ്റ്നി ഹൂസ്റ്റണെന്ന ഇതിഹാസം പൊലിഞ്ഞു!

തിങ്കള്‍, 27 ഫെബ്രുവരി 2012 (10:24 IST)
PRO
PRO
പോപ്പ് സംഗീതലോകത്തെ വിഖ്യാതഗായകരില്‍ ഒരാളും നടിയുമായ വിറ്റ്‌നി ഹൂസ്റ്റണെ (48) കാലിഫോര്‍ണിയയിലെ ബവേര്‍ലി ഹില്‍സിലെ ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. ലഹരിയില്‍ മുങ്ങിയ ജീവിതമാണ് വിറ്റ്‌നിയുടെ മരണത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലഹരിമരുന്ന് അമിതമായി കഴിച്ച് അവര്‍ അബോധാവസ്ഥയിലായി ബാത്ത് ടബ്ബില്‍ വീണതാവാം എന്നാണ് സംശയം.

സംഗീതരംഗത്തെ അതുല്യപ്രതിഭകള്‍ക്കുള്ള ഗ്രാമി പുരസ്‌കാരം സമ്മാനിക്കുന്ന ദിനത്തിന്റെ തലേന്ന് സംഗീതലോകത്തെ പ്രമുഖര്‍ അത്താഴവിരുന്നിനായി ഒത്തുചേര്‍ന്ന ഹോട്ടലിലാണ് വിറ്റ്‌നിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമി പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാനായാണ് കാലിഫോര്‍ണിയയില്‍ വിറ്റ്നിയെത്തിയത്.

ഏറെ നാളുകളായി മദ്യത്തില്‍ നിന്നും മയക്കമരുന്നില്‍ നിന്നും മോചനം നേടാനുള്ള ശ്രമത്തിലായിരുന്നു വിറ്റ്നി. പാടാനുള്ള കഴിവിനെ പോലും ചോര്‍ത്തിക്കളയുന്ന രീതിയില്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടതിനാല്‍ വിറ്റ്നി ഏറെ നിരാശയായിരുന്നു. 2006-ല്‍ ലഹരിയില്‍ നിന്നുള്ള മോചനത്തിനായി പുനരധിവാസ കേന്ദ്രത്തെ അഭയം പ്രാപിച്ചെങ്കിലും മയക്കമരുന്നില്‍ നിന്നും മദ്യത്തില്‍ നിന്നും വിറ്റ്നി രക്ഷപ്പെട്ടില്ല.

ന്യൂജഴ്സിയില്‍ സുവിശേഷഗായകന്റെ മകളായി വിറ്റ്നി ജനിച്ചത് 1963 ആഗസ്ത് ഒമ്പതിനാണ്. പതിനാലാം വയസില്‍ പ്രൊഫഷണല്‍ ഗായികയായി. 1980-ന്റെ മധ്യത്തിലും തൊണ്ണൂറുകളിലും സംഗീത ലോകത്ത് നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു വിറ്റ്നി. "ഐ വില്‍ ഓള്‍വെയ്സ് ലവ് യൂ" എന്നിവയടക്കമുള്ള സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ ഇവര്‍ ലോകപ്രശസ്തയായി.

ആറു ഗ്രാമിയും രണ്ട് എമ്മിയും അടക്കം 415 അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വിറ്റ്നി ഇക്കാര്യത്തില്‍ ഗിന്നസ് റെക്കോഡും സ്വന്തമാക്കി. ബോബി ബ്രൗണ്‍ ആയിരുന്നു ഭര്‍ത്താവ്. 2007-ലാണ് ഇരുവരും പിരിഞ്ഞത്.

വെബ്ദുനിയ വായിക്കുക