പോള്‍ വധം; വീട്ടമ്മയും കാമുകനും കുടുങ്ങിയ കഥ

ചൊവ്വ, 3 ജനുവരി 2012 (12:17 IST)
PRO
PRO
രണ്ടു കുട്ടികളുടെ മാതാവായ വീട്ടമ്മയും വിവാഹിതനായ യുവാവും ചേര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവിനെ വധിച്ച കഥ ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. അവിഹിതബന്ധത്തിലുള്ള താല്‍‌പര്യമാണ് കോട്ടയം പാമ്പാടി പുത്തംപുറം ഭാഗത്ത് കണ്ടത്തില്‍ വീട്ടില്‍ കുര്യന്‍ മകന്‍ ടിസന്‍ കുരുവിളയെ (31) കുടുക്കിയതെങ്കിലും ആഡംബരപൂര്‍ണമായ ജീവിതത്തോടുള്ള ആശയാണ് കാക്കനാട് തെങ്ങോട് (മനക്കക്കടവ്) കോച്ചേരിയില്‍ വീട്ടില്‍ പോള്‍ വര്‍ഗീസിന്റെ ഭാര്യ സജിതയ്ക്ക് (32) വിനയായത്.

കൊല്ലപ്പെട്ട പോള്‍ വര്‍ഗീസും ഭാര്യ സജിതയും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരുടെ ജീവിതത്തിലേക്ക് ടിസന്‍ കടന്നുവരാന്‍ ഒരു സാധ്യതയും കാണുന്നില്ലെന്നും നാട്ടുകാര്‍ തറപ്പിച്ച് പറയുന്നു. എന്നിട്ടും, ഇതെല്ലാം സംഭവിച്ചു. ടിസനും സജിതയും ജയിലിലേക്ക് പോകുമ്പോള്‍ ബാക്കിപത്രമാകുന്നത് സജിതയുടെ രണ്ട് പെണ്‍‌മക്കളുടെ ഭാവിയും ടിസന്റെ ഭാര്യയുടെ ദുഃഖവുമാണ്. ഭാര്യയെ സ്നേഹിച്ചതിന് സിമിത്തേരിയില്‍ എത്തിയ പോള്‍ വര്‍ഗീസിന്റെ ജീവിതം മലയാളിയുടെ നേര്‍ക്ക് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അനവധിയാണ്.

ടിസന്‍ ആളത്ര ശരിയല്ലെന്നാണ് ലഭിക്കുന്ന വിവരം. തിരുവില്വാമല സ്വദേശിനിയായ അന്‍‌ജുവാണ് ടിസന്റെ ഭാര്യ. ടിസിന്‍ ഭാര്യയെ യു.കെയിലേയ്ക്ക് സ്റ്റുഡന്റ് വിസയില്‍ അയച്ചതിനു ശേഷം കൂടെ പോരുകയായിരുന്നുവത്രെ. ലണ്ടനു സമീപം റെഡിംഗിലാണ് ഇവര്‍ താമസിച്ചിരുന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം യു‌കെയില്‍ നിന്ന് അവധിക്കായി ടിസന്‍ നാട്ടില്‍ എത്തിയപ്പോഴാണ് സജിതയുമായി അടുക്കുന്നത്.

അടുത്ത പേജില്‍ വായിക്കുക ‘സജിതയെ ടിസന്‍ കുടുക്കിയതെങ്ങനെ?’

കൊല്ലപ്പെട്ട പോളിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെ വിവാഹപരസ്യം പത്രത്തില്‍ കൊടുത്ത സമയത്താണ് ടിസന്‍ നാട്ടില്‍ എത്തുന്നത്. പരസ്യത്തില്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പറിലേക്ക് ടിസന്‍ വിളിക്കുകയായിരുന്നു. എന്നാല്‍ പെണ്‍‌കുട്ടിയും പെണ്‍‌കുട്ടിയുടെ വീട്ടുകാരും ‘വിവാഹാലോചന’ സംസാരിച്ചുറപ്പിക്കാന്‍ സജിതയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ടിസനും സജിതയും നിരന്തരം സംസാരിക്കാന്‍ തുടങ്ങി. സംസാരിച്ച് സംസാരിച്ച് എന്തും പറയാമെന്നും ചോദിക്കാമെന്നും ഉള്ള നിലയിലേക്ക് ഇവരുടെ ബന്ധം വളര്‍ന്നു.

പോള്‍ എറണാകുളത്ത് ഒരു തുണിക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. പന്ത്രണ്ടും എട്ടും വയസുള്ള ഇവരുടെ പെണ്‍‌മക്കളാകട്ടെ തെങ്ങോടുള്ള സ്കൂളില്‍ പഠിക്കുകയും. ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ സ്കൂളിലും പോയാല്‍ സജിതയുടെ ഫോണ്‍ ചിലയ്ക്കുകയായി. ദിവസവും അഞ്ചും പത്തും തവണയാണ് ഇവര്‍ ഫോണിലൂടെ ശൃംഗരിച്ചിരുന്നത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

അവസാനം, ഭര്‍ത്താവും കുട്ടികളും ഇല്ലാത്ത സമയം നോക്കി ടിസന്‍ വീട്ടില്‍ എത്താനും തുടങ്ങി. പ്രണയം മുറുകിയതോടെ ഇരുവര്‍ക്കും ഒരുനിമിഷം പോലും ഒറ്റയ്ക്ക് കഴിയാന്‍ വയ്യെന്നായി. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ സജിതയെ ടിസന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, നാണക്കേട് ഉണ്ടാക്കുന്ന ആ പരിപാടിക്ക് സജിത ഒരുക്കമല്ലായിരുന്നു. എന്നാല്‍ പിന്നെ, പോളിനെ വകവരുത്തി, ‘നിയമാനുസൃതം’ ഒന്നിച്ച് കഴിയാമെന്ന ധാരണയില്‍ ഇരുവരുമെത്തി.

അടുത്ത പേജില്‍ വായിക്കുക ‘പാവം പോളിനെ ഈ നിഷ്ഠൂരര്‍ വധിച്ചതെങ്ങനെ?’

ക്രിസ്മസിന് മൂന്ന് ദിവസം മുമ്പാണ് പോളിനെ അവസാനിപ്പിക്കാനുള്ള ഗൂഢാലോചന ടിസനും സജിതയും നടപ്പാക്കിയത്. പോളിന്റെ പ്രായമായ അമ്മയെ പോളിന്റെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ചതിന് ശേഷമാണ് കൊലപാതകത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. പോളിനെയും രണ്ട് പെണ്‍‌കുട്ടികളെയും ഉറക്കഗുളിക കൊടുത്ത് കൊല്ലാനായിരുന്നു പദ്ധതി. രാത്രി എട്ടേമുക്കാലോടെ ടിസന്‍ സജിതയുടെ വീട്ടിലെത്തി. പോള്‍ വര്‍ഗീസ് എത്തും മുമ്പ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ടിസിന്‍ വീടിനുള്ളില്‍ മറഞ്ഞിരുന്നു.

കുട്ടികള്‍ക്കും ഉറക്കഗുളിക കൊടുക്കാന്‍ ടിസന്‍ പറഞ്ഞിരുന്നുവെങ്കിലും സജിത അത് ചെയ്തില്ല. പകരം കുട്ടികള്‍ക്ക് കാലേകൂട്ടി ഭക്ഷണം നല്‍കി ഉറക്കുകയായിരുന്നു. ഇക്കാര്യം ടിസനോട് പറഞ്ഞതുമില്ല. രാത്രി പത്തരയോടെയാണ് ജോലി കഴിഞ്ഞ പോള്‍ വീട്ടിലെത്തിയത്. പോളിന് നല്‍കിയ ഭക്ഷണത്തില്‍ പൊടിച്ച ഉറക്ക ഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി. ഉറക്കഗുളികയുടെ ശക്തികൊണ്ട് പോള്‍ ഗാഢനിദ്രയിലായ സമയം നോക്കി ഇരുവരും വീണ്ടും ലൈംഗിക ബന്ധം നടത്തി. ഉറക്ക ഗുളികയുടെ ഡോസ് വളരെ കൂടുതലായതിനാല്‍ പോള്‍ തനിയെ മരിക്കുമെന്നാണ് ഇരുവരും കരുതിയത്. എന്നാല്‍ പോള്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും ഞെരിപിരി കൊള്ളുന്നതാണ് ഇവര്‍ കണ്ടത്.

ഇങ്ങനെ വിട്ടാല്‍ നേരം പുലരുമെന്നും വീട്ടുകാരും നാട്ടുകാരും അറിയുമെന്നും ഇരുവര്‍ക്കും ബോധ്യമായി. പരിഭ്രാന്തരായ ഇവര്‍ പോളിനെ തോര്‍ത്തുകൊണ്ട് കഴുത്തില്‍ വരിഞ്ഞു മുറുക്കി കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഉറക്കഗുളിക കഴിച്ച് മയക്കത്തില്‍ കിടന്നിരുന്ന പോളിന്റെ കഴിത്തില്‍ സജിത തന്നെ തോര്‍ത്ത് ചുറ്റി. ടിസനാണ് തോര്‍ത്ത് വരിഞ്ഞ് മുറുക്കിയത്. ആ സമയത്ത് തലയിണ കൊണ്ട് ഭര്‍ത്താവിന്റെ മുഖം പൊത്തിപ്പിടിക്കാനും സജിതമറന്നില്ല. പോള്‍ മരിച്ചുവെന്ന് ബോധ്യമായപ്പോള്‍ തിരിച്ചുപോകാന്‍ ഒരുങ്ങിയ ടിസന് സ്വന്തം പുരയിടത്തില്‍ നിന്നു പറിച്ചുവച്ചിരുന്ന പൈനാപ്പിള്‍ സജിത പായ്ക്കു ചെയ്തു കൊടുത്തയച്ചു!

അടുത്ത പേജില്‍ വായിക്കുക ‘ആത്മഹത്യ കൊലപാതകമായത് എങ്ങനെ?’

സജിതയുടെ അലമുറയിട്ട കരച്ചില്‍ കേട്ടാണ് അയല്‍‌വീട്ടുകാര്‍ ഉറക്കം ഉണരുന്നത്. ഭര്‍ത്താവ് ഉറക്കത്തില്‍ മരിച്ചുപോയെന്ന് അലമുറയിട്ട് കരയുന്ന സജിതയെക്കണ്ട് നാട്ടുകാര്‍ ഞെട്ടി. നാട്ടുകാരും ബന്ധുക്കളും കൂടി ഉടന്‍‌തന്നെ പോളിനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ച് കഴിഞ്ഞിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പോളിന്റെ ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചു.

ഏരെ വിഷമത്തോടെയാണ് നാട്ടുകാര്‍ സജിതയെ ആശ്വസിപ്പിച്ചത്. ഇത്ര ചെറുപ്പത്തില്‍ തന്നെ വൈധവ്യം അനുഭവിക്കേണ്ടിവന്ന ഹതഭാഗ്യയെ ഓര്‍ത്ത് അയല്‍‌പക്കത്തുള്ള സ്ത്രീകള്‍ കണ്ണീര്‍വാര്‍ത്തു. പൊലീസെത്തി, കേസെടുത്തു. ആര്‍ത്തലച്ചുകരയുന്ന സജിതയെ ചോദ്യം ചെയ്യാന്‍ പൊലീസ് മുതിര്‍ന്നില്ല. ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ എന്ന പരിഗണന കാരണം സംഭവസ്ഥലത്ത് വച്ചുള്ള ചോദ്യം ചെയ്യലില്‍ നിന്ന് സജിത രക്ഷപ്പെട്ടു. എന്നാല്‍, പോളിന്‍െറ കഴുത്തില്‍ കണ്ട ഉരഞ്ഞ പാടുകള്‍ പൊലീസിനെ കുഴച്ചു. അതുവരെ പോളിന്റെ മരണം ആത്മഹത്യ ആയിരിക്കാം എന്നാണ് പൊലീസ് കരുതിയത്. തുടര്‍ന്ന് സജിതയെ ചോദ്യം ചെയ്യാതെ പറ്റില്ലെന്ന അവസ്ഥ വന്നു.

ആദ്യഘട്ടത്തില്‍ ഉറക്കത്തിലായിരുന്നു മരണമെന്ന് പറഞ്ഞെങ്കിലും പിന്നീട് കിടപ്പുമുറിയിലെ വെന്‍റിലേറ്ററില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു നില്‍ക്കുന്നതായാണ് താന്‍ കണ്ടതെന്ന് മാറ്റിപ്പറഞ്ഞു. നാണക്കേട് കൊണ്ടാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം സ്വാഭാവിക മരണമാണെന്ന് മാറ്റിപ്പറഞ്ഞത് എന്നായിരുന്നു സജിതയുടെ ഭാഷ്യം! അവസാനം, പൊലീസ് ചോദിക്കേണ്ട പോലെസ് ചോദിച്ചപ്പോള്‍ സത്യം പുറത്തുവന്നു. സജിതയ്ക്ക് വേണ്ടി കണ്ണീര്‍വാര്‍ത്ത അയല്‍‌പക്കക്കാര്‍ സജിതയുടെ മുഖത്ത് തുപ്പുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.

അടുത്ത പേജില്‍ വായിക്കുക ‘ടിസന്റെയും സജിതയും മോഹങ്ങള്‍!?’

സാധാരണ ഒരു തുണിക്കടയില്‍ ജോലി ചെയ്യുന്ന പോളിനെക്കൊണ്ട് സജിതയെ ഫ്ലൈറ്റില്‍ കയറ്റി വിദേശത്തേക്ക് കൊണ്ടുപോകാന്‍ പറ്റുമോ? എന്നാല്‍ ഇംഗ്ലണ്ടില്‍ അടിച്ചുപൊളിച്ച് ജീവിക്കുന്ന ടിസനെന്ന യുവാവിന് അത് സാധിക്കും. മക്കള്‍ക്കൊപ്പം ടിസന്റെ കൂടെ ഇംഗ്ലണ്ടില്‍ ജീവിക്കാമെന്ന മോഹമാണ് സജിതയെ ഈ കടും‌കയ്യിന് പ്രേരിപ്പിച്ചത്. ധനമില്ലെങ്കിലും നല്ല സന്തുഷ്ടജീവിതമാണ് പോളും സജിതയും നയിച്ചിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു. കയ്യിലുള്ളതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാന്‍ ശ്രമിച്ച സജിതയെ എന്ത് കോടതിവിധിയാണ് കാത്തിരിക്കുന്നതെന്ന് വരും നാളുകളില്‍ അറിയാം.

കാണാന്‍ സുമുഖനായ ടിസന്‍ ഒരു ചുറ്റിക്കളിക്കാരനും ക്രിമിനലുമാണെന്ന് പൊലീസ് സംശയിക്കുന്നു. അല്ലെങ്കില്‍ പിന്നെ വിവാഹിതനായ ടിസന്‍, വിവാഹപ്പരസ്യത്തില്‍ നല്‍‌കിയ ഫോണ്‍ നമ്പറിലേക്ക് വിളിക്കുമായിരുന്നില്ലല്ലോ. സുഖമായി ജീവിക്കാന്‍ പന്ത്രണ്ടും എട്ടും വയസുള്ള പെണ്‍‌മക്കളെ കൊന്നുകളയാന്‍ കാമുകിയെ പ്രേരിപ്പിക്കാന്‍ ഒരു ക്രിമിനലിനേ കഴിയൂ എന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

അവിഹിതബന്ധത്തില്‍ താല്‍‌പര്യം പ്രകടിപ്പിച്ചിരുന്ന ടിസന്‍, കാമുകിയായ സജിതയുമൊത്ത് സുഖമായി ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒന്നരവര്‍ഷം മുമ്പാണു കോട്ടയം പാമ്പാടി സ്വദേശി ടിസനും തിരുവില്വാമല സ്വദേശിനിയായ അന്‍ജുവും വിവാഹിതരായത്‌. ഇംഗ്ലണ്ടില്‍ നെഴ്സായ അന്‍ജുവാണ് ടിസനെ ഇംഗ്ലണ്ടില്‍ കൊണ്ടുപോയതും അവിടെ ജോലി ശരിയാക്കിയതും. ഇംഗ്ലണ്ടില്‍നിന്ന്‌ ഈമാസം 28നു ടിസന്റെ ഭാര്യ അന്‍ജു നാട്ടിലെത്താനിരിക്കുകയാണ്‌. നാട്ടില്‍ എത്തിയാല്‍ അന്‍‌ജുവിനെ കൊലപ്പെടുത്താനായിരുന്നു ടിസന്റെ പദ്ധതി.

വെബ്ദുനിയ വായിക്കുക