കായലിന്‍റെ ഓളപ്പരപ്പിലൂടെ ശാന്തമായൊരു യാത്ര ഇഷ്ടപ്പെടാത്ത വിനോദയാത്രികര്‍ ആരുണ്ട്. ഇത്തരമൊരു യാത്രയില്‍ ദേശാടന പക്ഷികളുമായി കിന്നാരം പറയാന്‍ സാധിച്ചാലോ? എവിടെയാണ് ഈ സ്വപ്ന ലോകമെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്, ഇവിടെത്തന്നെ, ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍!
കോട്ടയം ജില്ലയിലെ കുമരകം പക്ഷി സ്നേഹികളുടെ ‘സ്വന്തം സ്ഥലമാണ്’. ദേശാടന പക്ഷികള്‍ ചേക്കേറുന്ന ഇവിടം സൈബീരിയന്‍ കൊക്കുകള്‍, എരണ്ടപ്പക്ഷികള്‍, ഞാറപ്പക്ഷികള്‍ തുടങ്ങിയവയുടെ ഇഷ്ടകേന്ദ്രമാണ്.
പതിനാല് ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന ഈ പക്ഷി സംരക്ഷണ കേന്ദ്രത്തിലെത്തിയാല്‍ പിന്നെ ‘പറക്കുന്ന സൌന്ദര്യത്തിന്‍റെ' ഇന്ദ്രജാലത്തില്‍ അകപ്പെട്ടു എന്ന് തന്നെ കരുതാം. കായലിനോട് അതിര് പങ്കിടുന്ന ഇവിടെ നിങ്ങള്‍ക്ക് ഹിമാലയത്തില്‍ നിന്നോ അങ്ങ് ദൂരെ സൈബീരിയയില്‍ നിന്നോ പറന്നെത്തിയ ‘അതിഥികളു‘മായി സ്വകാര്യം പറയാം!
ജലപ്പക്ഷികള്‍, സെബീരിയന്‍ കൊക്കുകള്‍, കുയിലുകള്‍, മൂങ്ങകള്‍, പലയിനം തത്തകള്‍, ഞാറപ്പക്ഷികള്‍, എരണ്ടകള്‍, മരംകൊത്തികള്‍, പൊന്‍മകള്‍ തുടങ്ങിയവയെല്ലാം സഞ്ചാരികളെ കുമരകത്തേക്ക് ആകര്‍ഷിക്കുന്നു.