ഗണപതി ബുദ്ധിയുടെയും സിദ്ധിയുടെയും ഇരിപ്പിടം

WDWD
ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. പരമശിവന്‍റെയും പാര്‍വതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി.

ഭാരതത്തിലും പുറത്തും മഹാഗണപതിയുടെ ആരാധകര്‍ ഏറെയാണ്. ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ,ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതീ രൂപം നിലവിലുണ്ട്.

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപനാണ് ഗണപതി. മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ള ഗണപതി പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനായാണ് വിശ്വസിക്കുന്നത്.

അധ്യാത്മിക മാര്‍ഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങള്‍ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാല്‍ ഇല്ലാതെയാകുമെന്നാണ് വിശ്വാസം. പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുന്‍പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വസിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ണ്ണാടകസംഗീതകച്ചേരികളും മറ്റും സാധാരണയായി ഒരു ഗണപതിസ്തുതിയോടേയാണ് ആരംഭിക്കുക.



ഗണപതി ഹോമം

വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തില്‍ പ്രത്യേക ദ്രവ്യങ്ങള്‍ ചേര്‍ത്ത്‌ ഹോമം നടത്തുന്നത്‌ ഏറെ നല്ലതാണെന്ന്‌ തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു.

പതിനാറു ഉണങ്ങിയ തേങ്ങ(കൊട്ട തേങ്ങ), പതിനാറുപലം ശര്‍ക്കര, മുപ്പത്തിരണ്ട്‌ കദളിപ്പഴം, നാഴിതേന്‍, ഉരിയ നെയ്യ്‌, എന്നിവ ഹോമിക്കാം. വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍ ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നാണ് മലയാളികളായ ഹൈന്ദവര്‍ ആദ്യമായി എഴുതിക്കുന്നത്.

ഹൈന്ദവ ദര്‍ശനത്തിലെ എല്ലാ രൂപങ്ങളേയും ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്‍റേതായ ബിംബ കല്‍പ്പനകളുണ്ട്. ആദ്യ നാദമായ പ്രണവസ്വരൂപമായാണ് ഗണേശനെ കണക്കാക്കുന്നത്. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കല്‍പ്പന.


ഗണേശരൂപങ്ങള്‍ വ്യത്യസ്തം

ഗണപതിരൂപങ്ങള്‍ക്ക് ഏകസ്വഭാവമില്ല. വ്യത്യസ്തങ്ങളായ ഗണേശരൂപങ്ങള്‍ നാം കാണുന്നു
കൈകളുടെ എണ്ണത്തിലും കൈകളില്‍ പിടിച്ചിരിയ്ക്കുന്ന വസ്തുക്കളുടെ കാര്യത്തിലും ഐകരൂപ്യം കാണുന്നില്ല. നാലുമുതല്‍ അറുപത്തിനാലു കൈകള്‍ വരെയുള്ള ഗണേശ രൂപങ്ങള്‍ കണ്ടിട്ടുണ്ട്.

രണ്ടു കൈകളില്‍ താമരയും മറ്റു രണ്ട് കൈകള്‍ അഭയമുദ്രയിലും വരദമുദ്രയിലും പിടിച്ചിരിക്കുന്ന രീതിയിലും ഗണപതി രൂപങ്ങള്‍ കാണാറുണ്ട്. ഇടത്തോട്ടും വലത്തോട്ടും വളഞ്ഞ തുമ്പികൈകളും കാണാറുണ്ട്. ഗണേസരൂപങ്ങളുടെ ഭേദബാഹുല്യം കാരണം പലരും അവ സമാഹരിച്ച് സൂക്ഷിക്കുന്നുമുണ്ട്.

ആനയുടെ ശിരസാണ് ഗണപതിക്കുള്ളത്. ഇത് ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും സൂചിപ്പിക്കുന്നു. ഒറ്റക്കൊമ്പ് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു. വേദവ്യാസന്‍ പറഞ്ഞുകൊടുത്ത് ഗണപതിയാണ് മഹാഭാരതം എഴുതിയതെന്നാണ് ഐതീഹ്യം.

എഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ എഴുത്താണി ഒടിഞ്ഞുപോയതു കൊണ്ട് ഗണപതി തന്നെ സ്വന്തം കൊമ്പൊടിച്ച് എഴുതിയെന്നും അങ്ങനെയണ് ഒറ്റക്കൊമ്പനായതെന്നും ഒരു കഥയുണ്ട്. ഗണപതിയുടെ വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു. സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉള്‍ക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.


ഓംകാര രൂപന്‍

ഒരു കാലുയര്‍ത്തിയും ഒരു കാല് തറയില്‍ ഉറപ്പിച്ചുമുള്ള നില്‍പ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനില്‍പ്പിനെ സൂചിപ്പിയ്ക്കുന്നു. നാല് കൈകള്‍ സൂക്ഷ്മ ശരീരത്തിന്‍റെ നാല് ഘടകങ്ങളാണ്. മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ. കൈയ്യിലുള്ള മഴു ലൗകിക ജീവിതത്തില്‍ നിന്നും ആശകളില്‍ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്.

മനസ്സിന്‍റെ തലത്തിലാണ് ആശകള്‍ ഉടലെടുക്കുക. ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലില്‍ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു. സാധകന് അഭയം നല്‍കുന്നതാണ് മൂന്നാമത്തെ കൈ. അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു.

പത്മം ധ്യാനത്തിലെ ഒരു ഉയര്‍ന്ന അവസ്ഥയാണ്. മനുഷ്യന്‍റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയായി സനാതന ദര്‍ശനം കണക്കാക്കുന്ന അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത്. ഓംകാരത്തിന്‍റെ രൂപമായും ദേവതയായും ഗണപതിയെ കണക്കാക്കുന്നു.

കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം. ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്.





വെബ്ദുനിയ വായിക്കുക