ബര്‍ഗര്‍ ഒഴിവാക്കാം, പുട്ടും കടലക്കറിയും വിടരുത്

ശനി, 27 ഓഗസ്റ്റ് 2016 (15:24 IST)
കേരളത്തിന്റെ ഭക്ഷണ വിഭവങ്ങള്‍ക്ക് നാടിന്റെ ചരിത്രം സംസ്‌കാരം, ഭൂമിശാസ്ത്രം എന്നിവയിലാണ് വേരുകള്‍. അരി വേവിച്ചുണ്ടാക്കുന്ന ചോറും അരിയുപയോഗിച്ചുണ്ടാക്കുന്ന അപ്പം, പുട്ട്, ഇഡലി, ദോശ മുതലായവയുമാണ് കേരളത്തിലെ ഭക്ഷണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത്. അതുപോലെതന്നെ വിവിധതരം പച്ച‌ക്കറികൾ ചേർത്ത് നിർമ്മിക്കുന്ന കറികളും കേരളത്തിൽ പ്രചാരത്തിലുണ്ട്. മാംസാഹാരവിഭവങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ധാരാളം ചേര്‍ക്കുന്നു. എന്നാല്‍ സസ്യ വിഭവങ്ങളില്‍ ഇത്തരം ചേരുവകള്‍ കുറഞ്ഞിരിക്കുന്നതിനാല്‍ സ്വദേശികളല്ലാത്തവര്‍ക്ക് ഇവ എളുപ്പത്തില്‍ കഴിക്കാനും കഴിയും.
 
പുട്ടും കടലക്കറിയും: 
 
സാധാരണയായി പുട്ടും കടലയും ഇഷ്ടപ്പെടാത്ത മലയാളികള്‍‍ വളരെ ചുരുക്കമാണ്‍‍. പ്രഭാതഭക്ഷണങ്ങളില്‍ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് പുട്ടും കടലക്കറിയും. ആവിയില്‍ വേവിക്കുന്ന ഏറ്റവും രുചികരമായ വിഭവങ്ങളില്‍ ഒന്നാണ് ഇത്. ദക്ഷിണമലബാറിലും തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളിയിലും‍ പിട്ട് എന്നും തൃശൂർ ജില്ലയിലെ മറ്റു ചിലയിടങ്ങളിൽ പൂട്ട് എന്നും അറിയപ്പെടുന്നുണ്ട്. കടല പ്രധാന ചേരുവയായി ഉപയോഗിച്ചുണ്ടാക്കുന്ന ഒരിനം കറിയാണ് കടലക്കറി. പുട്ടിനു പുറമേ അപ്പം, ചപ്പാത്തി എന്നിവയുടെ കൂടേയും ഈ കറി ഉപയോഗിക്കാറുണ്ട്. 
 
കേരള സദ്യ: 
 
കേരളത്തിന്റെ പരമ്പരാഗത സസ്യഭക്ഷണമാണ് സദ്യ. ഉച്ചഭക്ഷണമാണ് ഇത്. വാഴയിലയില്‍ വിളമ്പുന്ന സദ്യയില്‍ ചോറ്, വിവിധതരം കറികള്‍, അച്ചാറുകള്‍, പായസം തുടങ്ങിയവയും ഉള്‍പ്പെടും. കഴിക്കാന്‍ ഇരിക്കുന്ന ആളിന്റെ ഇടതുവശത്തേക്ക് അഗ്രം വരത്തക്കവിധമാണ് ഇലയിടുക. ഇലയുടെ പകുതിയ്ക്കു താഴെയാണ് ചോറുവിളമ്പുക. സദ്യയില്‍ ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് അവിയല്‍. കൂടാതെ തോരന്‍, ഓലന്‍, ഉപ്പേരി, പപ്പടം, ഇഞ്ചിക്കറി, പച്ചടി, കിച്ചടി, പായസം, രസം, മോര്, പരിപ്പ്, അച്ചാര്‍ എന്നിങ്ങനെ വിവിധങ്ങളായ വിഭവങ്ങളാണ് സദ്യയില്‍ ഉണ്ടാകുക.
 
മലബാര്‍ ബിരിയാണി: 
 
നമ്മുടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ഒരു ഭക്ഷണം ആണ് മലബാര്‍ ബിരിയാണ്. ജീരകശാല അരി അല്ലെങ്കിൽ കൈമ കൊണ്ട് തയ്യാറാകുന്ന ബിരിയാണിയാണ് മലബാര്‍ ബിരിയാണി. ഈ അരി നെയ്യിൽ വറുത്തശേഷം മസാലക്കൂട്ടുകളും കോഴിയിറച്ചിയുമിട്ട് ദം ചെയ്‌തെടുക്കുകയാണ് ചെയ്യുക. 
 
കരിമീന്‍ പൊള്ളിച്ചത്: 
 
വാഴയിലയും കരിമീനുമായാൽ കരിമീൻ പൊള്ളിച്ചത് തയ്യാർ എന്നരീതിയിലാണ് കരിമീൻ പൊള്ളിച്ചതിന്റെ അവസ്ഥ. നാട്ടിലെ റെസ്റ്റോറന്റുകളും ഇങ്ങനെതന്നെയാണ് ഈ വിഭവം വിളമ്പുന്നത്.  പക്ഷെ, രുചിയറിഞ്ഞു കഴിക്കണമെങ്കില്‍ നല്ല രീതിയില്‍ തന്നെ തയ്യാറാക്കണം. മറ്റുമീനുകളെക്കാളും ഫ്ലേവർ നന്നായിട്ടു മീനിൽ പിടിക്കുമെന്നുള്ളതാണ് കരിമീനിന്റെ പ്രത്യേകത. ആലപ്പുഴയിലും കോട്ടയത്തുമൊക്കെയാണ് കരിമീന്‍ സുലഭമായി ലഭിക്കുന്നത്. കരിമീന്‍ പൊള്ളിച്ചതില്‍ നാരങ്ങനീരും ചുവന്ന മുളകും കുരുമുളകും ചേരുന്നതോടെ വിശിഷ്ടമായ രുചിയാണ് ലഭിക്കുന്നത്.
 
കപ്പയും മീന്‍ കറിയും: 
 
കപ്പയും മീന്‍കറിയുമെന്നത് നാട്ടുംപുറത്തുകാരുടെ ജീവനാണ്. വേവിച്ചുടച്ച കപ്പയും കൂടെ നല്ല എരിവുള്ള മീന്‍കറിയും , കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്ന വിഭവമാണ്. കേരളത്തിന്റെ വടക്കു മുതല്‍ തെക്കു വരെ വ്യത്യസ്ത രീതിയിലാണ് കപ്പ പാചകം ചെയ്യുന്നത്. പ്രധാനമായും മത്തിക്കറിയാണ് ഇതിന്റെ കൂടെ കഴിക്കാവുന്ന വിഭവം.

വെബ്ദുനിയ വായിക്കുക