സ്വന്തമായൊരു വീട് നിർമ്മിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അത് ഒരു നില ആയാലും രണ്ട് നില ആയാലും മനോഹരമാക്കാനേ എല്ലാവരും ശ്രമിക്കുകയുള്ളൂ. എന്നാൽ ഇന്നത്തെക്കാലത്ത് ചെലവ് കുറഞ്ഞ മനോഹരമായ ഇരുനില വീടുകളാണ് എല്ലാവരുടെയും സ്വപ്‌നം. പണ്ടുകാലങ്ങളിൽ ആഡംബരത്തിന്റെ പര്യായമായി നഗരപ്രദേശങ്ങളിൽ മാത്രം നിർമ്മിക്കുന്ന ഇരുനില വീടുകൾ ഇപ്പോൾ എല്ലായിടത്തും സുപരിചിതമാണ്.
വീട് നിർമ്മിക്കുന്നതിന് മുമ്പ് നാം പ്രധാനമായും അറിഞ്ഞിരിക്കേണ്ടതാണ് വാസ്‌തു. വാസ്‌തു ശാസ്‌ത്രപ്രകാരം പണിപൂർത്തിയാക്കാത്ത വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് പലവിധ മാനസിക - ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ വാസ്‌തു ശാസ്‌ത്ര പ്രകാരം പണികഴിപ്പിച്ച വീടുകളിൽ താമസിക്കുന്നവർക്ക് പലതരത്തിലുള്ള ഉയർച്ചകളും സന്തോഷപൂർണ്ണമായ ജീവിതവും ഉണ്ടാകുമെന്നും പറയപ്പെടുന്നു.
ഇരുനില കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും വടക്ക്, കിഴക്ക് വശങ്ങളിലായിരിക്കണം. താഴത്തെ നിലയിലെ വാതിലുകളുടെയും ജനലുകളുടെയും എണ്ണം മുകളിലത്തെ നിലയിൽ നിന്നും വ്യത്യാസമായിരിക്കണം. താഴത്തെ നിലയിലുള്ളതിനെ അപേക്ഷിച്ച് മുകളിൽ കുറവായിരിക്കുന്നതാണ് ഉത്തമം.
അടുത്തതായി ശ്രദ്ധിക്കേണ്ടത് ബാൽക്കണിയുടെ കാര്യമാണ്. വടക്ക്, വടക്ക് കിഴക്ക്, കിഴക്ക് ദിശകളിൽ ബാൽക്കണി നിർമ്മിക്കുന്നതാണ് ഉത്തമം. കിടപ്പുമുറിയും പഠനമുറിയും മുകളിൽ നിലകളിൽ സജ്ജമാക്കുന്നതും ഉത്തമമാണ്. മുകൾ നിലകളിലെ ഭിത്തികളുടെ ഉയരം താഴത്തേതിനേക്കാൾ കുറവായിരിക്കണം.