സമ്പത്തിനെ ആകര്‍ഷിക്കൂ

WD
സമ്പന്നരായാല്‍ മാത്രം വിഷമതകള്‍ എന്നേക്കുമായി അവസാനിച്ചു എന്ന് കരുതാനാവില്ല. സമ്പത്തിനെ നില നിര്‍ത്തുന്നതും പ്രാധാന്യമുള്ള കാര്യം തന്നെയാണ്. വാസ്തു ശാസ്ത്രത്തില്‍ ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ കാണാന്‍ സാധിക്കും.

നിങ്ങളുടെ വീട്ടില്‍ ധനം എവിടെ സൂക്ഷിക്കണം എന്ന് വാസ്തു ശാസ്ത്രം പറയുന്നുണ്ട്. ചില്ലറ നാണയങ്ങളും നോട്ടുകളും വലിച്ചു വാരി ഇടുന്ന പ്രവണത നന്നല്ല. അലമാരകളിലോ പണപ്പെട്ടിയിലോ സൂക്ഷിക്കപ്പെടേണ്ടതാണ് ധനം. അലമാരയായാലും പണപ്പെട്ടിയായാലും മുറിയുടെ തെക്ക് ഭാഗത്ത് വയ്ക്കുന്നതാണ് ഉത്തമം. അങ്ങനെ ചെയ്യുന്നതിലൂടെ പണപ്പെട്ടി അല്ലെങ്കില്‍ അലമാര വടക്ക് ദിശയിലേക്ക്, കുബേര ദിശയിലേക്ക്, തുറക്കാന്‍ സാധിക്കും.

വീടിന്‍റെ പ്രധാന വാതില്‍ ആകര്‍ഷകമാക്കി വയ്ക്കുന്നതും ധനവരവിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് വിശ്വാസം. പ്രധാന വാതിലിന് പ്രത്യേക നിറങ്ങള്‍ നല്‍കി ആകര്‍ഷകമാക്കേണ്ടതുണ്ട്. പെട്ടെന്നൊരു ദിവസം മുതല്‍ ധനത്തിന്‍റെ ഒഴുക്ക് കുറഞ്ഞു തുടങ്ങിയാല്‍ വിഷമിക്കേണ്ടതില്ല. രാത്രി നേരങ്ങളില്‍ ഒരു വിളക്ക് എങ്കിലും പ്രകാശിക്കാന്‍ അനുവദിക്കുക. കാര്യങ്ങള്‍ തീര്‍ച്ചയായും മെച്ചപ്പെടും.

ഫെംഗ്ഷൂയി എന്ന ചൈനീസ് ശാസ്ത്രത്തിനെ പോലെതന്നെ വാസ്തുവും ജല സാന്നിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. അക്വേറിയം ധന വരവിനെ അനുകൂലിക്കുമെന്നാണ് വിധഗ്ധര്‍ പറയുന്നത്. മത്സ്യങ്ങള്‍ ശുദ്ധജലത്തില്‍ നീന്തിത്തുടിക്കുന്നത് വീടിനുള്ളിലെ ഊര്‍ജ്ജനിലയില്‍ അനുകൂലമാറ്റമുണ്ടാക്കും. ഇത് സമ്പത്തിന്‍റെ മാന്ദ്യത ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

ഇതിനൊക്കെ പുറമെ, പണപ്പെട്ടിയെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. വീട്ടിലെ കണ്ണാടി ജനാലകള്‍ അഴുക്ക് പുരണ്ടിരിക്കാന്‍ അനുവദിക്കരുത്. തിളങ്ങുന്ന ജനാലകളും കണ്ണാടികളും സമ്പത്തിനെ സ്വാഗതം ചെയ്യുമെന്നാണ് വിശ്വാസം.

വീടിന്‍റെയും മുറികളുടെയും പിന്നില്‍ ഇടത്തേ അറ്റത്തുള്ള മൂലയില്‍ ധനം സൂക്ഷിക്കാവുന്ന ഇടമാണ്. ഇവിടെ ഒരിക്കലും ഉപയോഗ ശൂന്യമായ സാധനങ്ങള്‍ ഇടുകയോ വൃത്തിഹീനമായി സൂക്ഷിക്കുകയോ അരുത്. ഈ മൂലയില്‍, ഒരു പാത്രത്തില്‍ നാണയങ്ങള്‍ സൂക്ഷിക്കുന്നത് ഉത്തമമെന്ന് കരുതുന്നു.

വെബ്ദുനിയ വായിക്കുക