മനസ്സിനിണങ്ങിയ വീടാകണമെങ്കില്‍ നല്ല കെട്ടിടമായാല്‍ പോരാ അല്പം അലങ്കാരവും ആവശ്യമാണ്. ഏറ്റവും സൗകര്യപ്രദമായി, മനോഹരമായി, അഭിരുചിക്കനുസരിച്ച് മുടക്കിയ കാശിന്‍റെ പ്രയോജനം പരമാവധി ലഭിക്കത്തക്കവിധം വീട് പണി ആസൂത്രണം ചെയ്യാന്‍ ശ്രമിക്കണം. വീടിന് തറക്കല്ലിടുന്നതിനു മുമ്പ് തന്നെ ഇതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങണം.
ആസൂത്രണം തുടക്കം മുതല്‍
ഏതുതരം ഭൂമിയായാലും കാശ് ഉണ്ടെങ്കില്‍ ആഗ്രഹിക്കുന്ന തരം വീട് പണിയാമെന്ന ധാരണ ചിലപ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. നടുമുറ്റവും കോലായും കിണറുമൊക്കെയുള്ള വീടാണ് ആഗ്രഹമെങ്കില്‍ ഏതാണ്ട് സമചതുരത്തിലുള്ള വസ്തുവാണ് കൂടുതല്‍ സൗകര്യം.
ഭൂമി വാങ്ങുമ്പോള്‍ വാഹനം കയറാന്‍ സൗകര്യമുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. മിനി ലോറിയെങ്കിലും കടക്കാത്ത വസ്തുവില്‍ സാധനങ്ങള്‍ കൊണ്ടുവരാനുള്ള ബുദ്ധിമുട്ടും, പണിച്ചെലവും, സമയനഷ്ടവും ഉണ്ടാകും. വില കുറവാണല്ലോ എന്ന ആശ്വാസത്തില്‍ വസ്തു വാങ്ങുമ്പോള്‍ "വഴി'യില്‍ പതുങ്ങിയിരിക്കുന്ന അപകടത്തെക്കൂടി ശ്രദ്ധിക്കുക.
വീടു പണിയുമ്പോള്‍ ഭാവിയെക്കുറിച്ചുകൂടി ചിന്തിക്കുന്നത് നന്ന്. കാറോ മറ്റു വാഹനങ്ങളോ തത്കാലം ഇല്ലായിരിക്കാം. ഭാവിയില്‍ അവ ഉണ്ടായിക്കൂടെന്നില്ലല്ലോ? നമ്മുടെ വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ വാഹനം മുറ്റത്തെത്താന്‍ സൗകര്യമുണ്ടാവുന്നത് നല്ലതാണ്.
വീട് എങ്ങനെയിരിക്കണം
വീട് പണിയണമെന്നാഗ്രഹിക്കുമ്പോള്‍ തന്നെ ഒട്ടേറെ കാര്യങ്ങള്‍ മനസിലേക്കോടിയെത്തുകയായി. നല്ല കാറ്റും വെളിച്ചവുമുള്ള വിശാലമായ മുറികള്‍, തുളസിയും കറിവേപ്പിലയും നട്ടു പിടിപ്പിക്കാനൊരിത്തിരി സ്ഥലം ഇങ്ങനെ ആഗ്രഹങ്ങളെല്ലാം മുന്നില്‍ കണ്ടുകൊണ്ടാകണം വീടിന്‍റെ പ്ളാന്‍ തയ്യാറാക്കേണ്ടത്.
ആഗ്രഹങ്ങള്‍ എത്ര നിസ്സാരമാണെങ്കിലും വാസ്തുവിദഗ്ദ്ധനോടു പറയാന്‍ മടിക്കരുത്. നമ്മുടെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള പ്ളാന്‍ അയാള്‍ തയ്യാറാക്കിത്തരും.
നാളത്തെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാകണം പ്ളാന്‍ തയ്യാറാക്കേണ്ടത്. രണ്ടു നിലയുള്ള വീട് വയ്ക്കുമ്പോള്‍ കിടപ്പു മുറിയെല്ലാം മുകളിലത്തെ നിലയില്‍ വരത്തക്കവിധമാകും പ്ളാന്‍ തയ്യാറാക്കരുത്. താഴെ കിടപ്പുമുറി ഉണ്ടാവുന്നത് നന്ന്. ഭാവിയില്‍ കോണിപ്പടി കയറാന്‍ ബുദ്ധിമുട്ട് വന്നാല്‍ ഇത് ഏറെ സൗകര്യപ്രദമാകും.
പത്തു വയസുകാരനായി ഇപ്പോള്‍ പണിയുന്ന മുറി അവന് ഇരുപതാം വയസിലും സൗകര്യപ്രദമാകണം. ഭാവിയില്‍ വാങ്ങാനുദ്ദേശിക്കുന്ന വീട്ടുപകരണങ്ങള്‍ക്കായി പ്ളഗ് പോയിന്‍റുകളും വയ്ക്കാനുള്ള ഇടവും കണ്ടുവയ്ക്കണം.
തറ ക്രമീകരിക്കാന്‍
പ്ളാനിംഗിന്‍റെ കാര്യത്തില്‍ ഏറ്റവും തലവേദനയുണ്ടാകുന്നത് തറയുടെ കാര്യം വരുമ്പോഴാണ്. വിവിധതരം സാമഗ്രികള്‍ വിപണിയില്‍ കിട്ടുമെങ്കിലും വീടിന്‍റെ പ്ളാന്‍ അനുസരിച്ചുവേണം അവ തെരഞ്ഞെടുക്കേണ്ടത്.
തറയില്‍ ബ്ളാക്ക് ഓക്സൈഡോ, റെഡ് ഓക്സൈഡോ പൂശി ചെലവ് കുറയ്ക്കാം. പക്ഷേ പണിയുടെ നിലവാരമനുസരിച്ച് ഭംഗിയും ഗുണമേന്മയും വ്യത്യാസപ്പെടും.
അഴുക്കു പിടിക്കാനുള്ള സാധ്യതയും കൂടും. സിറാമിക് ടൈലുകള്‍, തറയോടുകള്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങി ഏതുതരം തറയാണെങ്കിലും വീട്ടുപകരണങ്ങളുടെ കാലില്‍ ബുഷ് പിടിപ്പിച്ചാല്‍ പോറല്‍ വീഴാതെ സൂക്ഷിക്കാം.
ടൈലുകളാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അതേ നിറത്തിലുള്ള നാലഞ്ചെണ്ണം കരുതാന്‍ മറക്കരുത്. ഒട്ടിച്ചവയ്ക്ക് എന്തെങ്കിലും കേടു പറ്റിയാല്‍ അവ ഉപകരിക്കും.
അടുക്കള കാര്യം
സ്വീകരണ മുറിയേയോ കിടപ്പു മുറിയേയോ പോലെ തന്നെ പ്രാധാന്യം ഇന്ന് അടുക്കളയ്ക്കുമുണ്ട്. അതുകൊണ്ട് നൂതന വസ്തുക്കളുപയോഗിച്ച് അടുക്കള മോടി പിടിപ്പിക്കുവാന്‍ ഇന്നേറെ ശ്രദ്ധിക്കണം. അഴകിനൊപ്പം സാധന സാമഗ്രികളുടെ ക്രമീകരണവും ഏറെ പ്രാധാന്യമുള്ളതാണ്.
8-12 അടി വലിപ്പമാണ് അടുക്കളയ്ക്ക് ഏറെ അനുയോജ്യം. അടുക്കള വലുതാകുംതോറും നടപ്പും കൂടും. അടുപ്പും സിങ്കും പാത്രങ്ങളും അടുത്തടുത്ത് ക്രമീകരിക്കുന്നത് നടപ്പ് കുറയ്ക്കും.
കഴുകി വൃത്തിയാക്കാന്‍ എളുപ്പമുള്ള ടൈലോ മാര്‍ബിളോ ആണ് അടുക്കളയ്ക്ക് നല്ലത്. വെള്ള നിറമുള്ള മാര്‍ബിള്‍ അടുക്കളയ്ക്ക് യോജിക്കില്ല. ഇതില്‍ മഞ്ഞളോ നിറമുള്ള വസ്തുക്കളോ വീണാല്‍ നിറം പിടിയ്ക്കും.
സ്റ്റോര്‍ വേണ്ടെന്നു വയ്ച്ചാല്‍ ഏറെ സ്ഥലം ലാഭിക്കാം. പകരം അടുക്കളയില്‍ തന്നെ ഷെല്‍ഫുകളും തട്ടുകളും പിടിപ്പിച്ചാല്‍ മതിയാകും. സ്ളാബുകള്‍ക്ക് അടിവശം കാബിനറ്റുകളാക്കിയാല്‍ സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ സൗകര്യമായി. സിങ്കിനടുത്ത് ജനലുണ്ടെങ്കില്‍ സിങ്ക് എപ്പോഴും നനഞ്ഞിരിക്കില്ല. എന്നാല്‍ അടുപ്പിനടുത്തെ ജനല്‍ ഉപദ്രവകാരിയാണ്.
ഭാവിയില്‍ വാങ്ങാന്‍ സാധ്യതയുള്ള അടുക്കള സാമഗ്രികള്‍ മനസ്സില്‍ കണ്ട് അടുക്കളയിലെ സ്ഥലവും സൗകര്യവും ക്രമീകരിക്കുക. ആവശ്യമെങ്കില്‍ പ്ളഗ് പോയിന്‍റുകളും വയ്ക്കുക.