പുരാതന നിര്‍മ്മാണ ശാസ്ത്രമാണ് വാസ്തു. പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമായ മനുഷ്യ ശരീരവും പ്രകൃതിയും തമ്മിലുള്ള സൌഹാര്‍ദ്ദമാണ് വാസ്തു ശാസ്ത്ര സംഹിത നിഷ്കര്‍ഷിക്കുന്നത്.
വാസ്തു ശാസ്ത്രം പറയുന്നത് ഏത് തരത്തിലുള്ള വീടിനെ കുറിച്ചാണ്. വീട് വയ്ക്കാനുള്ള ഭൂമി എങ്ങനെയാവണം തുടങ്ങിയ സംശയങ്ങള്‍ സാധാരണയാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള ലളിതമായ ഉത്തരങ്ങള്‍ എന്താണെന്ന് നോക്കാം.
വീട് വയ്ക്കാനുള്ള പ്ലോട്ട് പ്രധാനം തന്നെയാണ്. സമചതുരത്തിലുള്ള പ്ലോട്ടുകളാണ് വീട് വയ്ക്കാന്‍ ഉത്തമം. പ്ലോട്ടിന്‍റെ ഓരോ വശവും അതാത് ദിക്കിനെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുന്നു എങ്കില്‍ അത്യുത്തമം എന്ന് തന്നെ പറയാം. സ്ഥലത്തിന് പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ചരിവുള്ളതും ശുഭമായി കണക്കാക്കുന്നു.
ഇനി വീടിന്‍റെ വലുപ്പത്തെ കുറിച്ച് നോക്കാം. വീടിന്‍റെ വലുപ്പം 1:1 എന്ന അനുപാതത്തില്‍ ആയിരിക്കണമെന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതായത്, നീളവും വീതിയും സമാസമം. ഒരിക്കലും ഈ അനുപാതം 1:2 ല്‍ കവിയരുത്.
വീട് ഏത് ദിക്കിന് അഭിമുഖമായിരിക്കണം എന്നും വാസ്തു ശാസ്ത്രം നിഷ്കര്‍ഷിക്കുന്നുണ്ട്. കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കിന് അഭിമുഖമായിരിക്കുന്നത് ഐശ്വര്യം ഉണ്ടാക്കുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
വീടിന്‍റെ പ്രധാന വാതില്‍ വയ്ക്കുന്നതും വാസ്തു വിദഗ്ദരുടെ അഭിപ്രായം അറിഞ്ഞു വേണം. വീടിന്‍റെ വാതിലുകളുടെയും ജനാലകളുടെയും എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആയിരിക്കണമെന്നും വാസ്തു ശാസ്ത്രകാരന്‍മാര്‍ പറയുന്നു.
വീടിന്‍റെ നിര്‍മ്മിതിയില്‍ ഉണ്ടായ പിഴവുകള്‍ക്ക് പരിഹാരങ്ങളും ലഭ്യമാണ്. ഇതിനായി വിദഗ്ധരുടെ ഉപദേശങ്ങള്‍ അനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ വാസ്തു യന്ത്രങ്ങള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ മതിയാവും.
വാസ്തു ശാസ്ത്ര വിധിപ്രകാരം ഗൃഹ നിര്‍മ്മാണം നടത്തുന്നതിലൂടെ താമസക്കാരുടെ ഊര്‍ജ്ജ നിലയും പ്രാപഞ്ചിക ഊര്‍ജ്ജവും തമ്മിലുള്ള സമരസമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതിലൂടെ, താമസക്കാരില്‍ ആരോഗ്യകരമായ ഊര്‍ജ്ജം നിറയാനും അതുവഴി ജീവിതത്തില്‍ വിജയവും സമാധാനവും ഉണ്ടാവാനും കാരണമാവുന്നു.