പൂജാമുറിയെപ്പറ്റി പറയുമ്പോള്‍...

WD
വീടു പണിയുടെ തിരക്കില്‍ പൂജാമുറിയുടെ നിര്‍മ്മാണത്തെ കുറിച്ച് പലരും ശ്രദ്ധിക്കാറില്ല. അവസാന ഘട്ടമാവുമ്പോഴേക്കും പടിക്കെട്ടിനു താഴെ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള സ്ഥലത്ത് പൂജാമുറി നിര്‍മ്മിച്ചുകളയാം എന്ന് കരുതുന്നവരുമുണ്ട്.

ഇത്തരത്തില്‍ പൂജാമുറികള്‍ എവിടെയെങ്കിലും നിര്‍മ്മിക്കുന്നത് വാസ്തുശാസ്ത്രപരമായി നന്നല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വീടുകളില്‍ പൂജാമുറി നിര്‍മ്മിക്കേണ്ടത് ഈശാന്യകോണില്‍ തന്നെ വേണമെന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. വടക്ക് കിഴക്ക് മൂലയെയാണ് ഈശാന്യകോണെന്നു വിളിക്കുന്നത്‍.

വടക്ക് കിഴക്ക് ദിക്കിനെ പ്രതിനിധാനം ചെയ്യുന്നത് പരമേശ്വരനാണെന്ന പ്രത്യേകത കൂടിയുണ്ട്. ഹൌസിംഗ് കോളനികളിലെയും മറ്റും ആരാധനാസ്ഥലം മധ്യത്തിലാവുന്നതാണ് നല്ലത്. ഈ ഭാഗത്തെ ബ്രഹ്മ സ്ഥാനമെന്ന പേരില്‍ അറിയപ്പെടുന്നു. എന്നിരിക്കിലും, വീടുകളില്‍ വടക്ക് കിഴക്ക് മൂല തന്നെയാണ് പൂജകള്‍ക്ക് നല്ലത്.

പൂജാമുറിയില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്തുള്ള ഉയര്‍ന്ന തിട്ടയില്‍ വയ്ക്കാം. പ്രാര്‍ത്ഥനാ സമയത്ത് വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം ഇരിക്കാന്‍. കര്‍പ്പൂരം കത്തിക്കുന്നതും ഹോമകുണ്ഡവും തെക്ക് കിഴക്ക് മൂലയിലാവാം.

പൂജാമുറി പടിക്കെട്ടുകള്‍ക്ക് അടിയില്‍ ആവരുത്. കുളിമുറി, കക്കൂസ് എന്നിവ ഒരിക്കലും പൂജമുറിക്ക് മുകളിലോ അടിയിലോ അടുത്തോ ആവരുത്.


പൂജാമുറിയുടെ വാതില്‍ രണ്ട് പാളികളിലുള്ളതായിരിക്കണം. വാതില്‍പ്പടി ഉണ്ടായിരിക്കണം. വാതിലുകളും ജനലുകളും വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിലേക്കു വേണം തുറക്കേണ്ടത്. പൂജാമുരിയുടെ മേല്‍ക്കൂര പിരമിഡ് രൂപത്തിലാവാം.

വെബ്ദുനിയ വായിക്കുക