ബജറ്റ് അടിസ്ഥാന വികസനത്തിനും കൃഷിക്കും ഊന്നല്‍ കൊടുക്കുമെന്ന് വിലയിരുത്തല്‍

തിങ്കള്‍, 29 ജനുവരി 2018 (17:16 IST)
ഇത്തവണത്തെ യൂണിയന്‍ ബജറ്റില്‍ അടിസ്ഥാന സൌകര്യത്തിനും കൃഷിക്കും ഊന്നല്‍ കൊടുക്കാനാണ് സാധ്യതയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എല്ലാവര്‍ക്കും വീട് എന്ന സ്വപ്നപദ്ധതിക്കും ബജറ്റില്‍ കാര്യമായ ഇടമുണ്ടാകും.
 
2019ല്‍ തെരഞ്ഞെടുപ്പ് വരുന്നത് ഇത്തവണത്തെ ബജറ്റിനെ കാര്യമായി സ്വാധീനിക്കുമെന്ന് നിരീക്ഷിക്കുന്നവരും കുറവല്ല. ജനോപകാരപ്രദമായ പല തീരുമാനങ്ങളും ഈ ബജറ്റിലുണ്ടാകാന്‍ സാധ്യതയുണ്ട്.
 
കഴിഞ്ഞ ബജറ്റുകളില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൌകര്യത്തിനും കൃഷിക്കുമെല്ലാം ഊന്നല്‍ കൊടുത്തിരുന്നു. അതില്‍ നിന്ന് ഒരു പിന്നാക്കം പോക്ക് ഉണ്ടാകില്ല. മാത്രമല്ല, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി അത്തരം മേഖലകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കും.
 
ബജറ്റിന് പുറത്തെ പല കാര്യങ്ങളും പരിഗണിച്ച് ധനമന്ത്രിക്ക് ബജറ്റ് രൂപീകരിക്കേണ്ട ഒരവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. എട്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അത്തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. രാഷ്ട്രീയമായ സമ്മര്‍ദ്ദം ബജറ്റിനെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
 
ക്രൂഡ് ഓയിലിന്‍റെ വില വര്‍ദ്ധിച്ച് വരുന്നതും ധനമന്ത്രിയെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്. എങ്കിലും ഏവരും പ്രതീക്ഷിക്കുകയാണ്, അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്ന് ജനപ്രിയമായ ഒരു മാജിക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍