രാമായണം ഇടിവെട്ട് ഹിറ്റ്, ഗെയിം ഓഫ് ത്രോണ്‍സിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു!

സുബിന്‍ ജോഷി

ശനി, 2 മെയ് 2020 (18:10 IST)
‘രാമായണം’ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട വിനോദ പരിപാടിയായി രാമായണം ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു. 33 വർഷത്തിനുശേഷം വീണ്ടും സംപ്രേഷണം ചെയ്ത രാമായണം ഗെയിം ഓഫ് ത്രോൺസിന്റെ അവസാന എപ്പിസോഡിന്‍റെ റെക്കോര്‍ഡ് ഒറ്റ രാത്രിയിലെ 19.3 ദശലക്ഷം കാണികളെക്കൊണ്ട് തകര്‍ത്തിരിക്കുകയാണ്. 2019 മെയ് മാസത്തില്‍ ഗെയിം ഓഫ് ത്രോൺസ് സ്ഥാപിച്ച റെക്കോര്‍ഡാണ് ഒരു വര്‍ഷത്തിന് ശേഷം തകര്‍ന്നടിഞ്ഞത്.
 
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി ലോക്‍ഡൌൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് മാർച്ച് മാസത്തിലാണ് ദൂരദർശൻ നാഷണലിൽ രാമായണം വീണ്ടും സംപ്രേഷണം ആരംഭിച്ചത്. ഏപ്രിൽ 16ന് ലോകമെമ്പാടുമുള്ള 77 ദശലക്ഷം (7.7 കോടി) ആളുകൾ രാമായണം കണ്ടതായി ഡി ഡി നാഷണൽ വൃത്തങ്ങള്‍ അറിയിച്ചു. 
 
“ദൂരദർശനിൽ രാമായണത്തിന്റെ റീ ബ്രോഡ്കാസ്റ്റ് ലോകമെമ്പാടുമുള്ള കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോർഡുകൾ തകർക്കുന്നു. ഏപ്രിൽ 16ന് 7.7 കോടി കാഴ്ചക്കാരുള്ള ഷോ ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ട വിനോദ ഷോയായി മാറുന്നു” - ഡിഡി നാഷണൽ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
 
രാമാനന്ദ് സാഗർ എഴുതി, നിർമ്മിച്ച്, സംവിധാനം ചെയ്‌ത രാമായണം 1987ൽ ദൂരദർശനിൽ ആദ്യമായി സംപ്രേഷണം ചെയ്യുകയും കാഴ്‌ചക്കാരുടെ മനസില്‍ ഒരു നിത്യവിസ്‌മയമായി നിലകൊള്ളുകയും ചെയ്‌തു. 
 
ഈ സീരിയലില്‍ രാമനായി അരുൺ ഗോവിൽ, സീതയായി ദീപിക ചിക്‍ലിയ ടോപിവാല, ലക്ഷ്‌മണനായി സുനിൽ ലഹ്രി എന്നിവരാണ് അഭിനയിച്ചത്. രാവണനായി അരവിന്ദ് ത്രിവേദിയും ഹനുമാനായി ദാരാസിങ്ങും അഭിനയിച്ചു.
 
രാമായണത്തിന് ശേഷം ഉത്തര രാമായണവും സം‌പ്രേക്ഷണം ചെയ്‌ത ദൂരദര്‍ശന്‍ ഇപ്പോള്‍ അതും അവസാനിക്കുന്ന ഘട്ടത്തില്‍ രാമാനന്ദ് സാഗറിന്‍റെ തന്നെ ശ്രീകൃഷ്‌ണ ആരംഭിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍