മഴവില്‍ മനോരമയുടെ ‘അഹങ്കാരിപ്പട്ടം‘ രഞ്ജിനി ഹരിദാസിന്?
തിങ്കള്‍, 2 ഏപ്രില്‍ 2012 (12:34 IST)
PRO
PRO
ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരക രഞ്ജിനി ഹരിദാസിന്റെ തലക്കനവും വസ്ത്രധാരണവും ഭാഷാപ്രയോഗവുമെല്ലാം പലവട്ടം വിമര്‍ശനവിധേയമായതാണ്. മഞ്ച് സ്റ്റാര്‍ സിംഗര്‍ ഫൈനല്‍ വേദിയില്‍ വച്ച് നടന്‍ ജഗതി ശ്രീകുമാര്‍ തന്നെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് രഞ്ജിനി ഉണ്ടാക്കിയ പുകിലുകളും ചില്ലറയല്ല. കഴിഞ്ഞ ദിവസം മഴവില്‍ മനോരമയിലെ ‘സമദൂരം‘ പരിപാടിയില്‍ നടന്ന അഹങ്കാരികളുടെ സമ്മേളനത്തില്‍ തനിക്ക് നേരെ വന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രഞ്ജിനി കത്തിക്കയറിയപ്പോള്‍ അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ പോലും വെള്ളംകുടിച്ചു.
ഷോ ലൈവ് ആയാണ് സംഘടിപ്പിച്ചത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, അവതാരകയായ പാര്‍വ്വതി, മാധ്യമപ്രവര്‍ത്തകന്‍ കെ എം റോയ്, രഞ്ജിനി ഹരിദാസ്, അഡ്വ. പ്രിജി, ജിഎസ് പ്രദീപ്, ഗവേഷക കെ ദേവിക, എംഎന്‍ കാരശ്ശേരി, സീരിയല്‍ നടി മായാ ശ്രീകുമാര്‍ എന്നിവരാണ് ഷോയില്‍ പങ്കെടുത്ത അതിഥികള്‍. സിനിമാ താരങ്ങളായ ശ്രീനിവാസന്‍, പൃഥിരാജ് ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്‍ ഫോണിലൂടെയും ചര്‍ച്ചയില്‍ പങ്കെടുത്തു.
എന്നാല്‍ രഞ്ജിനി തന്നെയായിരുന്നു ചര്‍ച്ചയിലെ താരം. രഞ്ജിനിക്ക് നേരെ മുമ്പ് ഉയര്‍ന്ന ആരോപണങ്ങള്‍ അഡ്വ. പ്രിജി ഉന്നയിച്ചതോടെയാണ് കഥ മാറിയത്. വിമര്‍ശനങ്ങളെ പ്രതിരോധിക്കാനും ന്യായീകരിക്കാനും രഞ്ജിനി ശ്രമിച്ചു. മറ്റു പ്രമുഖരെ നിഷ്പ്രഭമാക്കി രഞ്ജിനി കത്തിക്കയറി. രഞ്ജിനിയെ പിന്തുണയ്ക്കുന്നവര്‍ അവര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്ക് നേരെ തിരിയുക കൂടി ചെയ്തതോടെ രംഗം വഷളായി. ഒരു ഘട്ടത്തില്‍ അത് കയ്യാങ്കളി വരെ എത്തുകയും ചെയ്തു. ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്ന ചര്‍ച്ച സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രീകണ്ഠന്‍ നായരും നന്നേ പാടുപെട്ടു.
എന്തായാലും പരിപാടി അവസാനിക്കുമ്പോഴേക്കും ഏറ്റവും മികച്ച അഹങ്കാരിയെ പ്രേക്ഷകര്‍ക്ക് കണ്ടെത്താനായി എന്ന് തന്നെ പറയാം!