ജോണ്‍ ബ്രിട്ടാസ് തിങ്കളാഴ്ച മുതല്‍ കൈരളിയില്‍!

ശനി, 2 മാര്‍ച്ച് 2013 (16:47 IST)
PRO
ജോണ്‍ ബ്രിട്ടാസ് വീണ്ടും കൈരളിയില്‍. തിങ്കളാഴ്ച അദ്ദേഹം കൈരളി - പീപ്പിള്‍ ചാനലിന്‍റെ ചീഫ് എഡിറ്റര്‍ കം മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കും. ഏഷ്യാനെറ്റിന്‍റെ ബിസിനസ് ഹെഡ് സ്ഥാനം രാജിവച്ച ശേഷമാണ് ജോണ്‍ ബ്രിട്ടാസ് വീണ്ടും കൈരളിയിലേക്കെത്തുന്നത്.

കൈരളി ടി വിയില്‍ എം ഡിയായിരിക്കെയാണ് ആ സ്ഥാനം രാജിവച്ച് ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റിലേക്ക് പോയത്. എന്നാല്‍ വാര്‍ത്താരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ബ്രിട്ടാസിന് ഏഷ്യാനെറ്റില്‍ വിനോദ ചാനലിന്‍റെ ചുമതലയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ജോണ്‍ ബ്രിട്ടാസ് അതൃപ്തനായിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

കൈരളി വിട്ടുപോരുമ്പോള്‍ ‘മടങ്ങിവരാന്‍ എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ വരിക’ എന്ന് ചെയര്‍മാന്‍ മമ്മൂട്ടി ഉള്‍പ്പടെയുള്ളവര്‍ ജോണ്‍ ബ്രിട്ടാസിനോട് പറഞ്ഞിരുന്നു. ഏഷ്യാനെറ്റില്‍ നിന്ന് രാജിവച്ച വിവരം അറിഞ്ഞയുടന്‍ മമ്മൂട്ടി വിളിച്ച് ഉടന്‍ കൈരളിയില്‍ എം ഡിയായി ജോയിന്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

മാത്രമല്ല, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ജോണ്‍ ബ്രിട്ടാസിനെ വിളിച്ച് മടങ്ങിവരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇത്തരം സ്നേഹപൂര്‍വമായ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ജോണ്‍ ബ്രിട്ടാസ് കൈരളിയിലേക്ക് മടങ്ങിയെത്തുന്നത്.

വെബ്ദുനിയ വായിക്കുക